
തിരുവനന്തപുരം: വെള്ളിയാഴ്ച ആറു ജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ് നൽകി.
കന്യാകുമാരി മേഖല മുതൽ കർണാടകയുടെ തെക്കുവരെ നീളുന്ന, തമിഴ്‌നാട്ടിലൂടെയും കേരളത്തിലൂടെയും കടന്നുപോകുന്ന ന്യൂനമർദപ്പാത്തിയാണ് തുലാവർഷം വീണ്ടും സജീവമാകാൻ കാരണം. ശനിയാഴ്ചയോടെ മഴ കുറയും.
ഒരൊറ്റപ്പെയ്ത്ത്… തിരുവനന്തപുരം നഗരം മുങ്ങി
ഒന്നരമണിക്കൂർമാത്രം പെയ്ത മഴയിൽ നഗരം മുങ്ങി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലേക്കുമുള്ള റോഡുകൾ വെള്ളത്തിൽ മുങ്ങി. എസ്.എസ്. കോവിൽ റോഡ്, ശ്രീകണ്‌ഠേശ്വരം, തകരപ്പറമ്പ് റോഡ്, ചാക്ക, വഞ്ചിയൂർ കോടതി പരിസരം എന്നിവിടങ്ങളും വെള്ളത്തിൽ മുങ്ങി. നഗരത്തിൽ ഒരുമണിക്കൂർ പെയ്ത മഴയിൽ ലഭിച്ചത് 91.2 മില്ലീമീറ്റർ മഴയാണ്.
വ്യാപാരസ്ഥാപനങ്ങളിലും ചെളിവെള്ളം കയറി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെള്ളക്കെട്ടിലായിപ്പോയി. പല വാഹനങ്ങളും കേടായി. ദുരിതത്തിന്റെ വ്യാപ്തി കൂടിയതോടെ വലിയ വിമർശനമാണ് നഗരസഭയ്ക്കും മേയറിനും നേരേ ഉയരുന്നത്. മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് ആവശ്യമായ ജാഗ്രത ഉണ്ടായില്ലെന്നാണ് പരാതി.
സ്ഥലങ്ങൾ - ഒരുമണിക്കൂർ ലഭിച്ച മഴ
പള്ളിപ്പുറം - 21.4 മി.മീ.
ബാലരാമപുരം - 9.60 മി.മീ.
വെള്ളായണി - 3.20 മി.മീ.
കോളിയൂർ- 3 മി.മീ.
എയർപോർട്ട് - 53 മി.മീ.
കഴക്കൂട്ടം - 32.6 മി.മീ.
കാട്ടായിക്കോണം - 31.8 മി.മീ.
കാര്യവട്ടം - 26.6 മി.മീ.
പെരുമഴപ്പെയ്ത്തിൽ തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. മണിക്കൂറുകൾ ഗതാഗതം കുരുങ്ങി. ഗതാഗതം നിയന്ത്രിക്കാനെത്തിയ പോലീസുകാർ മാൻഹോൾ വൃത്തിയാക്കിയതു കാരണം വെള്ളം ഒഴുകിപ്പോകാൻ സഹായമായി. പോലീസുകാർ റോഡരികിലിരുന്ന് മാൻഹോൾ വൃത്തിയാക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലും വൈറലായി. റോഡ് കടലായതോടെ ട്രോളൻമാരും സജീവമായി. തമ്പാനൂരിലെ രൂക്ഷമായ വെള്ളക്കെട്ടിന്റെ വീഡിയോ പല ബി.ജി.എമ്മുകളിൽ സാമൂഹികമാധ്യമങ്ങൾ കീഴടക്കി.
Content Highlights: Yellow alert issued for 6 districts including Kottayam, Idukki, Ernakulam, Malappuram, Kozhikode, and Wayanad., Thiruvananthapuram city flooded after receiving 91.2 mm of rain in just one hour.
Published: 27 Nov 2026, 06:29 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented