തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച ഒൻപത് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. കന്യാകുമാരി മേഖലയിൽനിന്ന് തമിഴ്‌നാടിനും കേരളത്തിനും കുറുകേ കർണാടകവരെ കിഴക്കൻ കാറ്റുമായി ബന്ധപ്പെട്ട് ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ടെന്നും ഇതിന്റെ സ്വാധീനഫലമായാണ് കനത്ത മഴയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

To advertise here,

വെള്ളിയാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റും നിറഞ്ഞ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദേശമുണ്ട്. അതേസമയം, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോവുന്നതിൽ തടസ്സമില്ല.

തിരുവനന്തപുരത്ത് ഉൾപ്പെടെ കനത്ത മഴ തുടരുകയാണ്. തമ്പാനൂർ ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. കിഴക്കേകോട്ടയിൽ അരമണിക്കൂറിനിടെ പെയ്തത് 68 മില്ലിമീറ്റർ മഴയാണ്.