വിഴിഞ്ഞം: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളെ ഇടിച്ചശേഷം കാൽനടയാത്രക്കാരനെയും ഇടിച്ചിട്ടു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി നിജാമിനെ (18) പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെ വിഴിഞ്ഞം മുത്തുമാരിയമ്മൻ ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം.
അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന മാറനല്ലൂർ സ്വദേശി മുഹമ്മദ് ഹുസൈനെ (23) നാട്ടുകാർ പിടികൂടി വിഴിഞ്ഞം പോലീസിന് കൈമാറി. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. വിഴിഞ്ഞം തെരുവിന്റെ തുടക്കത്തിൽനിന്ന് പോലീസ് സ്റ്റേഷൻ ജങ്ഷനിലേക്ക് വരികയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
ക്ഷേത്രത്തിൽ നടന്ന പൂജകളിൽ പങ്കെടുക്കാനെത്തിയ വിഴിഞ്ഞം സ്വദേശികളായ ബിനു, രാജീവ്, വിഷ്ണു എന്നിവരുടെ വാഹനങ്ങളാണ് അപകടത്തിൽ തകർന്നത്. ആദ്യം ക്ഷേത്രത്തിന്റെ മതിലിൽ ഇടിച്ച കാർ സമീപത്ത് നിർത്തിയിട്ടിരുന്ന ബിനുവിന്റെയും രാജീവിന്റെയും ബൈക്കുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. രണ്ട് ബൈക്കുകളുടെയും മുൻഭാഗം തകർന്നു. തുടർന്ന് മുന്നോട്ടുപോയ കാർ റോഡിന്റെ ഇടതുവശത്ത് നിർത്തിയിട്ടിരുന്ന വിഷ്ണുവിന്റെ കാറിന്റെ പിന്നിലുമിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻഭാഗത്തെ ടയറുകൾ പൊട്ടി.
അപകടം കണ്ട നാട്ടുകാർ ഇടപെട്ടാണ് കാർ തടഞ്ഞുനിർത്തിയത്. വിവരമറിഞ്ഞെത്തിയ സി.ഐ. വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിൽ കാറോടിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
Content Highlights: A drunk driver caused a major accident in Vizhinjam by hitting parked vehicles and a pedestrian., Eighteen-year-old Nizam sustained serious injuries and was hospitalized., The accused, Muhammad Hussain, was caught by locals and handed over to Vizhinjam police., Vizhinjam police registered two cases regarding the incident.
Published: 26 Nov 2026, 09:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented