തിരുവനന്തപുരം: കേരളം രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പൊതുവിപണിയിൽ കാണുന്നത്. അരിക്കൊപ്പം നിത്യോപയോഗ സാധനങ്ങളായ പലവ്യഞ്ജനങ്ങൾക്കും പത്ത് ദിവസത്തിനുള്ളിൽ വൻതോതിലാണ് വില വർദ്ധിച്ചിരിക്കുന്നത്. മഴയുടെ കുറവ് മൂലം മറ്റ് സംസ്ഥാനങ്ങളിൽ അരി ഉൽപ്പാദനം കുറഞ്ഞതും ഇന്ധനവില വർദ്ധനവും പാചകവാതക ക്ഷാമവും വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഓണക്കാലം വിലക്കയറ്റത്തിൽ പൊള്ളുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
അരികച്ചവടത്തിൽ സാധാരണക്കാർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മട്ട വടി അരിക്ക് കിലോയ്ക്ക് 50 രൂപയിൽ നിന്ന് 65 രൂപയായി ഒറ്റയടിക്ക് വർദ്ധിച്ചു. സുലേഖ അരിക്ക് 45-ൽ നിന്ന് 55 രൂപയായും, ജയ അരിക്ക് 45-ൽ നിന്ന് 54 രൂപയായും വില ഉയർന്നു. അരിവില വർദ്ധിച്ചതോടെ ഹോട്ടലുകളിൽ ഊണിന് 90 രൂപ മുതൽ 100 രൂപ വരെ നൽകേണ്ടി വരുമെന്നാണ് സൂചന. അരി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ ഒരു കൃഷിക്കാലം നഷ്ടമായതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
പലവ്യഞ്ജനങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പഞ്ചസാര കിലോയ്ക്ക് 45-ൽ നിന്ന് 55 രൂപയായി ഉയർന്നു. ഉഴുന്ന് വില 130-ൽ നിന്ന് 150-ലേക്ക് എത്തിയതോടെ പ്രഭാതഭക്ഷണ ശീലങ്ങളെപ്പോലും ഇത് ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മുളകിന്റെ വിലയിലാണ് ഏറ്റവും ഭീമമായ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധരണ മുളകിന് കിലോയ്ക്ക് 100 രൂപയും കാശ്മീരി മുളകിന് 150 രൂപയുമാണ് വർദ്ധിച്ചത്. പയറിന് കിലോയ്ക്ക് 20 രൂപയുടെ വർദ്ധനവുമുണ്ടായിട്ടുണ്ട്.
അയൽ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ മഴ കുറഞ്ഞത് വിളവെടുപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള വിളവ് ഉണ്ടാകില്ലെന്ന ആശങ്കയിൽ കർഷകർ സ്റ്റോക്ക് കൈമാറാതെ പിടിച്ചുവെക്കുന്നതും വിതരണത്തിൽ ക്ഷാമമുണ്ടാക്കുന്നു. സർക്കാരിനും എഫ്.സി.ഐക്കും പോലും ആവശ്യമായ അരി ശേഖരിക്കാൻ കഴിയുമോ എന്ന സംശയം വ്യാപാരികൾ പങ്കുവെക്കുന്നു. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നുമാണ് കച്ചവടക്കാരുടെ ആവശ്യം.
Content Highlights: Kerala faces a sharp rise in rice and grocery prices due to production shortages. R
Published: 06 Aug 2026, 10:04 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented