കൊച്ചി: സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് സമുദായ നേതാക്കള്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗുരുദേവന്‍ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി പ്രചരിപ്പിക്കുന്നതെന്നും ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണെന്നും സതീശൻ ആരോപിച്ചു. വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം നടത്തിയ വര്‍ഗീയ പ്രസ്താവന ഞായറാഴ്ചയും ആവർത്തിച്ച പശ്ചാത്തലത്തിലായിരുന്നു സതീശന്‍റെ വിമർശനം.
ഗുരുദേവന്‍ പറയാന്‍ പാടില്ലെന്നു പറഞ്ഞതാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പി.ആര്‍ ഏജന്‍സികളെക്കൊണ്ട് പറയിച്ചതും കേരളത്തിലെ സി.പി.എം നേതാക്കള്‍ മലപ്പുറത്തിന് എതിരെ പറയുന്നതുമാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി പറയുന്നത്. ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ്. ഇതൊക്കെ ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണ്. ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കുന്ന കാമ്പയിന്‍ ആര് നടത്തിയാലും പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യുമെന്നും സതീശൻ പറഞ്ഞു.
കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. നിസാര പ്രശ്നത്തിന്റെ പേരിലുള്ള തര്‍ക്കം തടവിലാക്കുന്നത് സര്‍വകലാശാലകളെയും വിദ്യാര്‍ത്ഥികളെയുമാണ്. എസ്.എഫ്.ഐക്കാരെക്കൊണ്ട് ചുടുചോറ് മാന്തിച്ച ശേഷമാണ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്. ഇത് ആദ്യമേ ചെയ്യാമായിരുന്നു. എത്രയോ കുട്ടികളെയും ജീവനക്കാരെയും മര്‍ദ്ദിച്ചു. ഈ കൂടിക്കാഴ്ച നേരത്തെ നടത്തിയാല്‍ മതിയായിരുന്നല്ലോ, സതീശൻ പറഞ്ഞു.
ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം അതിശക്തമായ സമരം ഉയര്‍ത്തിയപ്പോള്‍ ശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണ് എസ്.എഫ്.ഐക്കാരെക്കൊണ്ട് പ്രശ്നങ്ങളുണ്ടാക്കിയത്. ഇപ്പോള്‍ എല്ലാവരുടെയും പ്രശ്നം തീര്‍ന്നു. അതുകൊണ്ടാണ് പ്രതിപക്ഷം അതില്‍ കക്ഷി ചേരാതിരുന്നത്. എന്നിട്ടാണ് ഞങ്ങള്‍ക്ക് ബി.ജെ.പിയുടെ സ്വരമാണെന്ന് പറഞ്ഞത്. ഇവര്‍ രണ്ടും ഒന്നാണ്. കേരള വി.സി ആര്‍.എസ്.എസുകാരനാണെന്നാണ് ഇപ്പോള്‍ പറയുന്നത്. കേരള വി.സിയെ ഹെല്‍ത്ത് യൂണിവേഴ്സിറ്റി വി.സിയായി ആദ്യം നിയമിച്ചത് പിണറായി സര്‍ക്കാരാണ്. ആര്‍.എസ്.എസുകാരനാണ് മോഹന്‍ കുന്നുമ്മല്‍ എങ്കില്‍ അദ്ദേഹത്തെ എന്തിനാണ് ഹെല്‍ത്ത് യൂണിവേഴ്സിറ്റി വി.സിയാക്കിയത്? ഡല്‍ഹിയില്‍ നിന്നും ആരെങ്കിലും പിണറായി വിജയനെ വിളിച്ചു പറഞ്ഞിട്ടാണോയെന്നും സതീശൻ ചോദിച്ചു.
സര്‍ക്കാര്‍ എന്തെങ്കിലും പ്രതിസന്ധിയില്‍ ആകുമ്പോള്‍ ഗവര്‍ണര്‍ ഒരു വെടി പൊട്ടിക്കും. ഇത് പണ്ട് മുതല്‍ക്കെയുള്ള അഭ്യാസമാണ്. പുതിയ ഗവര്‍ണര്‍ വന്നപ്പോഴും അതിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. പ്രശ്നങ്ങള്‍ തീര്‍ത്തില്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ തര്‍ന്നുപോകും. വൈദ്യുതി ബോര്‍ഡ് സുരക്ഷാ ഓഡിറ്റിങ്ങിന് തയ്യാറാകണമെന്നും മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്താത്തതിന് തെളിവാണ് തുടരെത്തുടരെയുണ്ടാകുന്ന സംഭവങ്ങളെന്നും സതീശൻ പറഞ്ഞു.
Content Highlights: Opposition leader slams divisive statements, questions govt handling of university issues
Published: 20 Jul 2025, 06:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented