തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റശേഷം നടത്തിയ പത്രസമ്മേളനത്തിൽ നാടകീയരംഗങ്ങൾ. മാധ്യമപ്രവർത്തകനെന്ന് പരിചയപ്പെടുത്തി പോലീസ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലെത്തിയ റിട്ട. എഎസ്‌ഐ പത്രസമ്മേളനത്തിനിടെ പരാതിക്കടലാസുമായി പോലീസ് മേധാവിക്കടുത്തുവരെയെത്തി. സമീപത്തുണ്ടായിരുന്ന പോലീസുകാർ ഇയാളെ പിടിച്ചുമാറ്റി. മാനസികാസ്വസ്ഥ്യമുണ്ടെന്ന സംശയത്തെത്തുടർന്ന് പോലീസ് എറണാകുളത്തുണ്ടായിരുന്ന ഇയാളുടെ ബന്ധുവിനെ വിളിച്ചുവരുത്തി ഒപ്പം വിട്ടയച്ചു.

To advertise here,

കണ്ണൂർ ഡിഐജി ഓഫീസിൽനിന്ന് എഎസ്‌ഐയായി വിരമിച്ച വി.പി. ബഷീറാണ് നാടകീയരംഗങ്ങൾ സൃഷ്ടിച്ചത്. 30 വർഷം കാക്കിയിട്ടിട്ടും അനുഭവിച്ച വേദനകൊണ്ടാണിതെന്ന് ഇയാൾ പോലീസ് മേധാവിയോട് പറഞ്ഞു. പരാതി പരിശോധിക്കാമെന്ന് പോലീസ് മേധാവിയും അറിയിച്ചു.

പെൻഷൻ കാർഡ് കാട്ടിയാണ് ഇയാളെത്തിയത്. ഗൾഫിലെ ഒരു ഓൺലൈൻ മാധ്യമത്തിന്റെ പ്രതിനിധിയെന്നു പറഞ്ഞാണ് പത്രസമ്മേളനം നടക്കുന്ന ഹാളിൽ കടന്നത്.ഇയാൾക്കെതിരേ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല ഇയാൾ പോലീസ് മേധാവിയുടെ പത്രസമ്മേളനത്തിൽ പങ്കെടുത്ത സംഭവം പോലീസ് ആസ്ഥാനത്തെ എഐജി ജി. പൂങ്കുഴലി അന്വേഷിക്കും.

നീതി ലഭിച്ചില്ലെന്ന് പരാതി

കണ്ണൂർ കണ്ണവം പോലീസ് സ്റ്റേഷനിൽ എഎസ്ഐ ആയിരിക്കെ തനിക്കുനേരേയുണ്ടായ ആക്രമണത്തിൽ നീതിലഭിച്ചില്ലെന്ന പരാതിയാണ് ബഷീർ ഉന്നയിക്കുന്നത്. 2021-ൽ കണ്ണൂർ കോട്ട ഭാഗത്തുവെച്ച് പട്രോളിങ് ഡ്യൂട്ടിക്കിടെ ഒരുസംഘം ബഷീറിനെ ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുപതുപേർക്കെതിരേ കേസെടുത്തു.

സംഘം മർദിക്കുന്നതിന്റെ വീഡിയോ ഒപ്പമുള്ള പോലീസുകാരൻ ചിത്രീകരിച്ചെങ്കിലും കേസ് കോടതിയിലെത്തിയപ്പോൾ വീഡിയോ കാണാതായി.തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പോലീസ് മേധാവിയുൾപ്പെടെയുള്ളവർക്ക് പരാതിനൽകി. അന്നത്തെ കൂത്തുപറമ്പ് എസിപി സജേഷ് വാഴവളപ്പിലിനോട് അന്വേഷിക്കാൻ മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും വീഡിയോ ദൃശ്യം ഇല്ലെന്ന റിപ്പോർട്ടാണ് എസിപി നൽകിയത്.