മൂന്നാർ: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി, നിരോധിത ലഹരിവസ്തുക്കൾ വിൽപന നടത്തിയ കട പോലീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഇടുക്കി ജില്ലയിലെ പൂപ്പാറയിലാണ് നിയമനടപടികൾ മറികടന്ന് ലഹരി കച്ചവടം തുടർന്ന കടയ്‌ക്കെതിരെ പോലീസിന്റെ കർശന നടപടിയുണ്ടായത്. സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പോലീസിന്റെ ആവശ്യപ്രകാരം പഞ്ചായത്തിന്റെ സഹായത്തോടെയാണ് അനധികൃതമായി പ്രവർത്തിച്ചിരുന്ന ഈ കട പൊളിച്ചുനീക്കിയത്.

To advertise here,

ഈശ്വരൻ എന്നയാൾ പൂപ്പാറയിൽ സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കടയിലാണ് ലഹരി വിൽപന നടന്നുവന്നത്. അമിതലാഭം ലക്ഷ്യമിട്ട് നിരോധിത ലഹരിവസ്തുക്കൾ വിറ്റ ഇയാൾക്കെതിരെ ശാന്തൻപാറ പോലീസ് അഞ്ചുതവണയാണ് കേസെടുത്തത്. തുടർച്ചയായി നിയമം ലംഘിച്ചിട്ടും കച്ചവടം നിർത്താൻ ഇയാൾ തയ്യാറാകാത്തതിനെത്തുടർന്ന് കട സ്വമേധയാ പൊളിച്ചുനീക്കാൻ പോലീസ് നോട്ടീസ് നൽകുകയായിരുന്നു.

പോലീസ് നടപടിക്കെതിരെ ഈശ്വരൻ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാൻ ശ്രമിച്ചെങ്കിലും, മതിയായ രേഖകളില്ലാത്തതിനാൽ കോടതി ഹർജി തള്ളി. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായതോടെയാണ് പഞ്ചായത്തിന്റെ സഹായത്തോടെ പോലീസ് ബുൾഡോസർ ഉപയോഗിച്ച് കട പൂർണ്ണമായും നീക്കം ചെയ്തത്. എന്നാൽ, കൃത്യമായ മുൻകൂർ നോട്ടീസ് നൽകാതെയാണ് പൊളിക്കൽ നടന്നതെന്ന് കടയുടമ ആരോപിച്ചു,.

ഓപ്പറേഷൻ തൂഫാൻ എന്ന പദ്ധതിയുടെ ഭാഗമായി ലഹരി വിൽപന നടത്തുന്നവർക്കെതിരെ ഇത്തരം കർശന നടപടികൾ തുടരുമെന്ന് പോലീസ് വ്യക്തമാക്കി. അനധികൃതമായി സ്ഥാപിച്ച കടകൾ ലഹരി വിൽപനയ്ക്കായി ഉപയോഗിച്ചാൽ അവ പൂർണ്ണമായും പൊളിച്ചുനീക്കാനാണ് തീരുമാനം. നിയമപരമായി പ്രവർത്തിക്കുന്ന കടകളാണെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ഇടുക്കി പോലീസ് അറിയിച്ചു.