തിരുവനന്തപുരം: വര്‍ധിച്ച് വരുന്ന പോലീസ് അതിക്രമത്തില്‍ സഭയില്‍ നടന്ന അടിയന്തര പ്രമേയത്തില്‍ ആഭ്യന്തരവകുപ്പിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാവപ്പെട്ടവരെ പിടിച്ചുകൊണ്ടുപോയി കരിക്ക് ചുറ്റി അടിക്കുന്ന പോലീസുകാരെ ന്യായീകരിക്കുകയാണ് ഭരണപക്ഷമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. അന്തിക്കാട്ടെ പോലീസ് മര്‍ദനം ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു സതീശന്‍.
ചില പോലീസുകാര്‍ക്ക് സിനിമയിലെ ആക്ഷന്‍ ഹീറോ ബിജുവാണെന്നാണ് വിചാരം. സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കരണക്കുറ്റി അടിച്ച് പൊട്ടിച്ച പോലീസിനെയാണ് ഭരണപക്ഷം ന്യായീകരിക്കുന്നത്. എന്നുമുതലാണ് കരിക്കും പെപ്പര്‍ സ്‌പ്രേയും പോലീസിന്റെ ആയുധമായി അംഗീകരിച്ചതെന്നും സതീശന്‍ ചോദിച്ചു.
സിസിടിവി ഫൂട്ടേജ് പുറത്ത് വന്നത് കൊണ്ടല്ലേ ഇത്രയും ക്രൂരതയുടെ വിവരങ്ങള്‍ പുറത്തുവന്നത്. എത്ര പരാതികളും കേസുകളുമാണ് ഇതിന് പിന്നാലെ വന്നത്. കണ്ട് കഴിഞ്ഞാല്‍ ചങ്ക് പറിഞ്ഞ് പോവുന്ന ദൃശ്യങ്ങളാണ് വീഡിയോകളിലെല്ലാമുള്ളത്. തിരുവനന്തപുരത്ത് കുടിക്കാന്‍ വെള്ളം ചോദിച്ച ദളിത് സ്ത്രീയോട് കക്കൂസില്‍ പോയി വെള്ളമെടുത്ത് കുടിക്കാന്‍ പറഞ്ഞ പോലീസിനെയല്ലെ നിങ്ങള്‍ ന്യായീകരിക്കുന്നതെന്നും സതീശന്‍ ചോദിച്ചു. ഇത് സി.സി.ടി.വി ദൃശ്യത്തില്‍ കാണുന്ന കാര്യം മാത്രമാണ്. അല്ലാത്തതും പുറത്തുവരാത്തതും ഇനി എത്രയുണ്ടാവുമെന്നും സതീശന്‍ ചോദിച്ചു.
കാന്‍സര്‍ രോഗിയെവരെ സ്‌റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചവരാണ് നിങ്ങളുടെ പോലീസുകാര്‍. അപ്പോള്‍ ഈ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരുമെന്ന് ഉറപ്പല്ലേ. അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാവുന്ന കാര്യമല്ലേ അതെന്നും സതീശന്‍ ചോദിച്ചു.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത് പലവട്ടം തടസ്സപ്പെടുത്താന്‍ ഭരണപക്ഷം ശ്രമിച്ചെങ്കിലും തന്റെ സംസാരം തടസ്സപ്പെടുത്തിയാല്‍ മുഖ്യമന്ത്രിയും ഇവിടെ സംസാരിക്കില്ലെന്ന് സതീശന്‍ പറഞ്ഞു. ടി.പി ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് കൊണ്ടുപോയി മദ്യം വാങ്ങിച്ചുകൊടുത്തു.
ക്രമിനലുകളെയും കൊലപാതകികളേയും സംരക്ഷിക്കുന്ന പോലീസുകാര്‍ പാവപ്പെട്ടവരെ തല്ലി ചതയ്ക്കുകയാണ്. നിരവധി ആളുകളാണ് ഇപ്പോള്‍ സി.സി.ടി.വി ദൃശ്യത്തിനായി അപേക്ഷിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐക്കാരനെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് തല്ലിക്കൊന്ന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി കിട്ടിയിട്ടില്ലേ. എന്നിട്ട് നടപടിയെടുത്തോ? ഈ ആഭ്യന്തര വകുപ്പാണോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരാതി കൊടുത്താല്‍ നടപടിയെടുക്കുമെന്ന് പറയുന്നതെന്നും സതീശന്‍ ചോദിച്ചു.
Content Highlights: VD Satheesan criticizes Kerala government for police brutality against the poor and marginalized
Published: 16 Sept 2025, 02:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented