രണ്ട് ലൈംഗിക പീഡന കേസുകളുടെ ആഘാതത്തിൽനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവനേതാവിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. അവസാന നിമിഷംവരെ പിടിച്ചുനിൽക്കാൻ ശ്രമിച്ചിട്ടും അനിവാര്യമായ വിധി രാഹുലിനെ തേടിയെത്തി; കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയും പാർട്ടി പുറത്താക്കുകയും ചെയ്തിരിക്കുന്നു. പെട്ടെന്ന് ഉദിച്ചുയരുകയും മിന്നൽപിണർ പോലെ പൊലിയുകയും ചെയ്ത രാഷ്ട്രീയ പ്രതിഭാസമായി മാറിയോ രാഹുൽ മാങ്കൂട്ടത്തിൽ?ലൈംഗികാരോപണങ്ങൾ മാസങ്ങൾക്കു മുൻപുതന്നെ ഉയർന്നെങ്കിലും അതിജീവിതയായ യുവതി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി കൈമാറിയതോടെയാണ് രാഹുലിന്റെ ഇപ്പോഴത്തെ വീഴ്ചയിലേക്കുള്ള ആദ്യ ഘട്ടം ആരംഭിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് രാഹുലിനെതിരേ ശബ്ദരേഖ പുറത്തുവന്നത്. പിന്നാലെ മൂന്നാംകക്ഷികളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. ആദ്യഘട്ട അന്വേഷണത്തിനിടെത്തന്നെ പെണ്‍കുട്ടിയെ കണ്ടെത്തി പോലീസ് മൊഴി ശേഖരിച്ചിരുന്നെങ്കിലും പരാതിയുമായി മുന്നോട്ടുപോകാന്‍ അവര്‍ തയ്യാറായിരുന്നില്ല. നേരിട്ടുള്ള പരാതികളൊന്നുമുണ്ടാകാതിരുന്നതിനാല്‍ ക്രൈംബ്രാഞ്ച് കേസ് മൂന്നുമാസത്തോളമായിട്ടും എങ്ങുമെത്തിയതുമില്ല. പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ ഇതിനിടെ നിയമസഭയില്‍ വരികയും പാലക്കാട്ടെ രാഷ്ട്രീയ പരിപാടികളില്‍ ഇടവേളയ്ക്ക് ശേഷം പങ്കെടുക്കാന്‍ തുടങ്ങുകയും ചെയ്ത ഘട്ടത്തിലാണ് കൂടുതല്‍ കുരുക്കായി പരാതി എത്തിയത്.
പരാതികള്‍ ഒട്ടേറെ വന്നിട്ടും 'ഹൂ കെയേഴ്‌സ്' എന്ന മനോഭാവമായിരുന്നു ഈ ഘട്ടങ്ങളിലുടനീളം രാഹുല്‍ പുലര്‍ത്തിയിരുന്നത്. വോയിസ് റെക്കോഡുകളും വാട്‌സാപ്പ് ചാറ്റുകളും പലതവണ പുറത്തുവന്നപ്പോഴും നിയമപരമായി ഒരു തെറ്റും ചെയ്തില്ലെന്ന നിലപാടില്‍ രാഹുൽ ഉറച്ചുനിന്നു. മുഖ്യമന്ത്രിയുടെ കൈയില്‍ പരാതി കിട്ടിയിട്ടും നിയമപരമായി കുറ്റമൊന്നും ചെയ്തില്ലെന്ന നിലപാടിൽ രാഹുൽ ഉറച്ചുനിന്നു. നിയമപരമായി നേരിടുമെന്നും കോടതിയില്‍ എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എന്നാൽ, കേസെടുക്കകയും അറസ്റ്റ് അനിവാര്യമാകുകയും ചെയ്തതോടെ രാഹുൽ ഒളിവിൽപ്പോയി.
അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ പോകുകയും മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തുകയും ചെയ്യുന്നതിനിടെയാണ് മറ്റൊരു യുവതികൂടി സമാനമായ ആരോപണം ഉന്നയിച്ച് കോൺഗ്രസ് പാർട്ടിക്കും സമുന്നതരായ നേതാക്കൾക്കും പരാതി നൽകിയത്. കോടതി മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിന് രണ്ടുദിവസം മുന്‍പാണ് രാഹുലിനെതിരായ രണ്ടാമത്തെ ലൈംഗികാരോപണം ഉന്നയിക്കപ്പെടുന്നത്. രാഹുല്‍ ഒളിവില്‍ കഴിയുമ്പോഴായിരുന്നു ഇത്. രാഹുല്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഇമെയില്‍ മുഖേന യുവതി പരാതി നല്‍കിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ക്ക് യുവതി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. കേരളത്തിന് പുറത്ത് താമസിക്കുന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. കേരളത്തിലെത്തിയ സമയത്ത് പത്തനംതിട്ടയിലെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനത്തിന് ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയെന്നും യുവതി ആരോപിക്കുന്നു. രണ്ടാമത്തെ ആരോപണം പുറത്തുവന്ന് രണ്ടാമത്തെ ദിവസം പോലീസ് കേസെടുക്കുകയും ചോദ്യംചെയ്യലിന് ഹാജരാകാന്‍ പരാതിക്കാരിക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
രണ്ടാമത്തെ ആരോപണം പുറത്തുവന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടി വലിയ സമ്മര്‍ദത്തിലായി. കോണ്‍ഗ്രസിന് ഉള്ളില്‍നിന്നുതന്നെ കെ. മുരളീധരനും വിഎം സുധീരനും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ വലിയൊരു നിരയും രാഹുലിനെതിരായി നിലകൊണ്ടു. രാഹുലിന്റെ കാര്യത്തില്‍ ഇനി പ്രതീക്ഷയില്ലെന്നും പുകഞ്ഞ കൊള്ളി പുറത്താണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സസ്പെന്‍ഷന്‍ എന്നത് തെറ്റുതിരുത്തി തിരിച്ചുവരാനുള്ള ഒരു മാര്‍ഗമായിട്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി അനുവര്‍ത്തിച്ചുവരുന്നതെങ്കിലും ഇക്കാര്യത്തില്‍ ഇനി അതിന് സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ശക്തമായിട്ടുള്ള നടപടി പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെതിരേ കെപിസിസി കടുത്ത നടപടികള്‍ക്ക് ഒരുങ്ങുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ചതും അദ്ദേഹമാണ്.
പിന്നാലെ രാഹുല്‍ ഇനി പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കമുള്ള നേതാക്കള്‍ നിലപാടെടുത്തു. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരടക്കമുള്ളവരും രാഹുലിനെതിരേ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഒരുസമയത്തും രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് എടുത്തിട്ടില്ലെന്നും അങ്ങനെ ചെയ്യില്ലെന്നും ജെബി മേത്തറും വ്യക്തമാക്കി. ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു. രാഹുലിനെ ഏറെക്കുറെ കൈവിട്ടെന്ന സൂചന നല്‍കി ഷാഫി പറമ്പിലും പ്രതികരണം നടത്തി. ഇതോടെയാണ് രാഹുലിന്റെ രാജി ആസന്നമായെന്ന വിലയിരുത്തലുണ്ടായത്.
മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പ്രതികൂല വിധിയുണ്ടായാല്‍ ഉടന്‍ രാഹുലിനെ പുറത്താക്കാം എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിച്ചേര്‍ന്നത് ഇതോടെയാണ്. തുടര്‍ന്ന്, രാഹുലിനെതിരായ നടപടി സംബന്ധിച്ച് സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും ആശയവിനിമയം നടത്തി. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തെ എഐസിസി ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി കെപിസിസി തലത്തില്‍ ബുധനാഴ്ച കൂടിയാലോചന നടത്തി. തുടര്‍ന്നാണ് കോടതി വിധി പ്രതികൂലമായാല്‍ ഉടന്‍ പുറത്താക്കല്‍ പ്രഖ്യാപിക്കാന്‍ തീരുമാനമായത്. ഈ തീരുമാനത്തിന് എഐസിസിയുടെ അനുമതിയും ലഭിച്ചു. കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ നിമിഷങ്ങള്‍ക്കുള്ളിലാണ് കെപിസിസി അധ്യക്ഷന്‍ രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയെന്നാണ് കെപിസിസി അധ്യക്ഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിന് പടിവാതില്‍ക്കല്‍ നില്‍ക്കേ ആരോപണങ്ങളുടെ കുത്തൊഴുക്കില്‍നിന്ന് ഇനിയും രാഹുലിനെ സംരക്ഷിച്ചുനിര്‍ത്തുന്നത് അസാധ്യമാണെന്ന തിരിച്ചറിവാണ് നേതൃത്വത്തേക്കൊണ്ട് ഇത്തരമൊരു ബ്രഹ്‌മാസ്ത്രം പ്രയോഗിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും നടത്തിയ ന്യായീകരണങ്ങള്‍ക്കൊണ്ടൊന്നും മറച്ചുപിടിക്കാനോ ചെറുത്തുനില്‍ക്കാനോ കഴിയുന്നതല്ല ഉയരുന്ന ആരോപണങ്ങളുടെ വ്യാപ്തിയെന്നുള്ള തിരിച്ചറിവിലേയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിച്ചേരുകയായിരുന്നു. അനിവാര്യമായ ഈ പുറത്താക്കല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പ് നല്‍കുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്.
Content Highlights: Survivor complains directly to Kerala CM Pinarayi Vijayan against MLA Rahul Anticipatory bail denied,
Published: 04 Dec 2025, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented