തിരുവനന്തപുരം: കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പൽ നിർമ്മാണ-സമുദ്ര വ്യവസായ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള 'മിഷൻ സമുദ്ര' പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പരാമർശിച്ച 10,000 കോടി രൂപയുടെ നിക്ഷേപത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും വരും വർഷങ്ങളിൽ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ സർക്കാർ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമർശത്തിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചുവെന്നല്ലെന്ന് സർക്കാർ വ്യക്തമാക്കി.
മിഷൻ സമുദ്രയുടെ ഭാഗമായി കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പൽ നിർമാണ-സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ കാഴ്ചപ്പാടും നിക്ഷേപ ആകർഷണ പദ്ധതിയുമാണ് മുഖ്യമന്ത്രി അഭിമുഖത്തിൽ പരാമർശിച്ചത്. ഇതിന്റെ ഭാഗമായാണ് മലബാർ സിമന്റ്‌സ് ലിമിറ്റഡും, ടാറ്റാ പ്രോജക്ട്‌സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്‌സൺ എഞ്ചിനീയറിങ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സർക്കാർ സൗകര്യമൊരുക്കിയത്. പദ്ധതിക്ക് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചു കഴിഞ്ഞു. കൊച്ചിൻ പോർട്ട് അതോറിറ്റി ആവശ്യമായ ഭൂമി ലഭ്യമാക്കുകയും പ്രാഥമിക വികസന പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ ആധുനികമായ ഷിപ്പ് ബിൽഡിങ് എക്കോസിസ്റ്റം രൂപീകരിക്കുന്നതിനുള്ള സുപ്രധാനമായ ചുവടുവെപ്പായാണ് ഈ പദ്ധതിയെ സർക്കാർ കാണുന്നത്.
മിഷൻ സമുദ്ര കേവലം ഒരു കപ്പൽ നിർമാണ യൂണിറ്റിൽ ഒതുങ്ങുന്ന പദ്ധതിയല്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം, കൊച്ചിൻ ഷിപ്പ്യാർഡ് എന്നിവയുൾപ്പെടെ സംസ്ഥാനത്തെ തീരദേശ മേഖലയെ പ്രയോജനപ്പെടുത്തി കപ്പൽനിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഓഫ്ഷോർ ഫാബ്രിക്കേഷൻ, മറൈൻ എഞ്ചിനീയറിംഗ്, തീരദേശ നിർമ്മാണ യൂണിറ്റുകൾ, ലോജിസ്റ്റിക്‌സ്, മാരിടൈം സേവനങ്ങൾ തുടങ്ങി അനുബന്ധ വ്യവസായങ്ങൾ എന്നിവ ഏകോപിപ്പിച്ചുള്ള സമഗ്ര സമുദ്ര വികസനമാണ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഈ പദ്ധതികളുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ നിക്ഷേപകരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ ചർച്ചകളിലൂടെ മികച്ച നിക്ഷേപം സമീപഭാവിയിൽ സംസ്ഥാനത്തേക്ക് എത്തുമെന്ന ആത്മവിശ്വാസം സർക്കാരിനുണ്ട്. ഓരോ നിക്ഷേപ പദ്ധതിയും അന്തിമഘട്ടത്തിലാകുന്ന മുറയ്ക്ക് അത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഔദ്യോഗികമായി നടത്തും.
കേരളത്തെ രാജ്യത്തെ പ്രമുഖ സമുദ്രാധിഷ്ഠിത സമ്പദ് വ്യവസ്ഥകളിലൊന്നായി ഉയർത്തുകയും അതിലൂടെ തൊഴിലവസരങ്ങളും വ്യവസായ വളർച്ചയും സൃഷ്ടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മിഷൻ സമുദ്ര യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആഗോള നിലവാരത്തിലുള്ള മത്സരക്ഷമമായ മാരിടൈം മാനുഫാക്ചറിങ് ഇക്കോസിസ്റ്റം കേരളത്തിൽ വികസിപ്പിക്കുന്നതിനും അതുവഴി സംസ്ഥാനത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുന്നതിനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
Content Highlights: Kerala government clarifies the Rs 10,000 crore Mission Samudra investment goal. Learn about the state's vision for a maritime hub.
Published: 17 Jul 2026, 05:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented