തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ഇനിമുതൽ പെൻഷന് നാലുവർഷം സർവീസ് നിർബന്ധമാക്കി. നിലവിൽ രണ്ടുവർഷം സർവീസുണ്ടെങ്കിൽ അർഹതയുണ്ടായിരുന്നു. രണ്ടുവർഷത്തിൽ കൂടുതലുണ്ടെങ്കിൽ മൂന്നുവർഷമായി കണക്കാക്കിയും പെൻഷൻ നൽകിയിരുന്നു. ഒരു മന്ത്രിസഭയുടെ ഏതാണ്ട് ഭൂരിഭാഗം കാലത്തും സർവീസ് ഉണ്ടെങ്കിൽ മാത്രം പെൻഷൻ നൽകിയാൽ മതിയെന്നാണ് പുതിയ സർക്കാർ ഈ തീരുമാനത്തിലൂടെ ഉദ്ദേശിക്കുന്നത്.
രണ്ടുവർഷം കഴിയുമ്പോൾ നിലവിലുള്ളവരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിച്ച് രണ്ടുകൂട്ടരെയും പെൻഷന് അർഹരാക്കുന്ന രീതിയും ഒഴിവാകും. ഇതുസംബന്ധിച്ച നിർദേശം മന്ത്രിമാർക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകി.
പുതിയനിബന്ധനയ്ക്ക് മുൻകാലപ്രാബല്യം ഏർപ്പെടുത്തില്ല. നിലവിൽ നാലുവർഷത്തിൽ കുറവുള്ള സർവീസിന് പെൻഷൻ ലഭിക്കുന്നവർക്ക് അത് തുടർന്നും ലഭിക്കും.
മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ് തുടങ്ങിയ പദവികളിലുള്ളവരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കുന്നത് കേരളത്തിൽ മാത്രമാണ്. സുപ്രീംകോടതിയും സി.എ.ജി.യും ഈ സമ്പ്രദായത്തെ മുൻപ് വിമർശിച്ചിരുന്നു. കഴിഞ്ഞ ശമ്പള പരിഷ്‌കരണ കമ്മിഷൻ നാലുവർഷമെങ്കിലും ബാധകമാക്കണമെന്ന് ശുപാർശനൽകിയെങ്കിലും മുൻസർക്കാർ അത് സ്വീകരിച്ചിരുന്നില്ല.
പേഴ്സണൽ സ്റ്റാഫെന്ന ലോട്ടറി, ബമ്പറടിച്ചവർ നിരവധി: യോഗ്യത നിർബന്ധമില്ല, ഖജനാവ് ചോരുന്ന വഴികൾ
കേന്ദ്രത്തിൽ കാബിനറ്റ് മന്ത്രിമാർക്ക് 15 പേരെയേ പേഴ്‌സണൽ സ്റ്റാഫായി നിയമിക്കാനാവു. തമിഴ്‌നാട്ടിൽ ഒരാളെമാത്രമേ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാവൂ, ബാക്കിയുള്ളവർ സർക്കാർ സർവീസിലുള്ളവരായിരിക്കണം. കർണാടകയിൽ 14 പേരെ സ്വന്തംനിലയിൽ വെക്കാം. കേരളത്തിൽ 25 പേരെ പേഴ്‌സണൽ സ്റ്റാഫാക്കാം. അതിൽ 17 പേരെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം.
മിനിമം പെൻഷനായി 4750 രൂപയെങ്കിലും നിലവിൽ ലഭിക്കും. ഏതാണ്ട് നാനൂറോളം പേർ വിവിധ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ രാഷ്ട്രീയപരമായി നിയമിക്കപ്പെടാറുണ്ട്. ചെറുപ്രായത്തിൽ പേഴ്‌സണൽ സ്റ്റാഫിൽ അംഗമാകുകയും ജീവിതകാലം മുഴുവനും പെൻഷന് അർഹതനേടുകയും ചെയ്യുന്നതാണ് ഈ സമ്പ്രദായം പൊതുസമൂഹത്തിൽ വിമർശിക്കപ്പെടാൻ കാരണം.
1994-ൽ കെ. കരുണാകരൻ സർക്കാരാണ് മന്ത്രിമാരുടെ സ്റ്റാഫിന് പെൻഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചത്. 1982 മുതൽ മുൻകാല പ്രാബല്യവും നൽകിയിരുന്നു.
Content Highlights: In a major policy shift, Chief Minister V.D. Satheesan has directed that ministers' personal staff must complete a minimum of four years of service to qualify for a lifelong pension, effectively ending the controversial practice of rotating staff every two years to maximize beneficiaries.
Published: 22 May 2026, 04:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented