തിരുവനന്തപുരം: കാലവധി കഴിഞ്ഞ ഉപയോഗശൂന്യമായ പഞ്ഞി (അബ്‌സോർബന്റ് കോട്ടൺ) നൽകി അസം മെഡിക്കൽ സർവീസസ് കോർപറേഷനെ കബളിപ്പിച്ച കമ്പനിയിൽനിന്ന് ഉയർന്ന തുകയ്ക്ക് പഞ്ഞി വാങ്ങാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ. വിലക്കൂടുതൽ എന്നുപറഞ്ഞ് ആദ്യ കരാർ റദ്ദാക്കിയശേഷം റീ ടെണ്ടർ ചെയ്തപ്പോൾ വില ഉയർന്നതിലും ദുരൂഹതയുണ്ട്. റീ ടെണ്ടർ ചെയ്തപ്പോൾ 1.35 കോടിരൂപയുടെ നഷ്ടമാണ് കോർപറേഷനുണ്ടാകുന്നത്.

To advertise here,

ഗുരുതര ക്രമക്കേടിന് നിയമനടപടി നേരിടുന്ന, ഹരിയാനയിൽനിന്നുള്ള കമ്പനി കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ കരാർ നേടിയതിലും ദുരൂഹതയുണ്ട്. കമ്പനിയുടെ വിശദാംശങ്ങൾ പരിശോധിച്ചശേഷമാണ് കോർപറേഷൻ നിയോഗിച്ചിട്ടുള്ള സ്‌ക്രീനിങ് കമ്മിറ്റി കമ്പനിക്ക് ടെൻഡറിൽ പങ്കെടുക്കാൻ അനുമതി നൽകുന്നത്. കാലാവധി കഴിഞ്ഞ മറ്റൊരു കമ്പനിയുടെ പഞ്ഞിയിൽ ലേബൽ മാറ്റി ഒട്ടിച്ച് നൽകിയതിനാണ് കമ്പനിക്കെതിരെ അസമിൽ കേസുള്ളത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ തുടരാൻ ഗുവാഹത്തി ഹൈക്കോടതി അസം സർക്കാരിന് അനുമതി നൽകിയിട്ടുണ്ട്. മുറിവിൽ വയ്ക്കാനുള്ള പഞ്ഞിക്ക് നിലവാരമില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കും. കാലാവധി കഴിഞ്ഞതിനെ തുടർന്ന് മറ്റൊരു കമ്പനി ഉപേക്ഷിച്ച പാക്കറ്റുകൾക്കുമേൽ തങ്ങളുടെ ലേബൽ പതിച്ചാണ് അസം മെഡിക്കൽ സർവീസസ് കോർപറേഷന് നൽകിയത്.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേയ്ക്കായി അരക്കിലോ വരുന്ന 7.18 ലക്ഷം പഞ്ഞി പാക്കറ്റുകൾ വാങ്ങാൻ 2025 ഡിസംബറിലാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ടെണ്ടർ വിളിച്ചത്. സംസ്ഥാനത്തെ വിവിധ ഗോഡൗണുകളിലേക്ക് പഞ്ഞി എത്തിക്കുന്നതിനുള്ള ചെലവ് ഉൾപ്പെടെയാണ് കരാർ തുക. ഇതിൽ പങ്കെടുത്ത ഹരിയാനയിൽനിന്നുള്ള കമ്പനി ഒരു പാക്കറ്റിന് 136.71 രൂപയാണ് ആവശ്യപ്പെട്ടത്. ഗുജറാത്തിൽനിന്നുള്ള മറ്റൊരു കമ്പനി 148 രൂപയും രേഖപ്പെടുത്തി. എന്നാൽ, 2024-ൽ പാക്കറ്റിന് 128.31 രൂപയ്ക്കായിരുന്നു കരാർ നൽകിയിരുന്നത്.

പഴയ നിരക്കിൽനിന്ന്  8.40 രൂപയുടെ വർധനവ് അംഗീകരിക്കാനാകില്ലെന്ന് തീരുമാനിച്ച കോർപറേഷൻ കരാർ റദ്ദാക്കി റീ ടെൻഡർ ചെയ്തു. ഇതേ കമ്പനികൾതന്നെയാണ് വീണ്ടും ടെണ്ടറിൽ പങ്കെടുത്തത്. ജൂലൈ രണ്ടിന് കോർപറേഷൻ അംഗീകരിച്ച കരാർ പ്രകാരം നേരത്തേ ഒഴിവാക്കിയ കമ്പനിയിൽനിന്ന് പാക്കറ്റ് ഒന്നിന് 155.50 രൂപയ്ക്ക് പഞ്ഞി വാങ്ങാനാണ് തീരുമാനം. റദ്ദാക്കിയ ആദ്യകരാറിൽ കമ്പനി ആവശ്യപ്പെട്ടതിനേക്കാൾ 18.79 രൂപയുടെ വർധനയാണ് പുതിയ കരാറിലുള്ളത്.