വടക്കാഞ്ചേരി: ''തിരിച്ചുവരവിനെക്കുറിച്ച് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. പക്ഷേ, എല്ലാവരുടെയും സഹായത്താല്‍ മടങ്ങിവരാനായി, ഒരുപാടു നന്ദി''-ജെയിന്‍ കുത്തുപാറയിലെ വീട്ടിലെത്തിയവരോട് പറഞ്ഞു. റഷ്യന്‍ കൂലിപ്പട്ടാളത്തില്‍നിന്ന് മോചിതനായ മകന്റെ വരവുകാത്ത് തെക്കേമുറി വീട്ടില്‍ അമ്മ ജെസിയും പിതാവ് കുരിയനും ബന്ധുക്കളും നാട്ടുകാരും വ്യാഴാഴ്ച രാവിലെ മുതല്‍ കണ്ണുംനട്ടിരിക്കുകയായിക്കുന്നു.

To advertise here,

കൂലിപ്പട്ടാളത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനായതിന്റെ സന്തോഷം പ്രകടിപ്പിച്ചായിരുന്നു തുടക്കം. ''കഴിഞ്ഞ ഏപ്രിലിലാണ് അറിയാതെ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ടത്. എട്ടുമാസം യുദ്ധമുഖത്തും നാലുമാസം ആശുപത്രിയിലും. ഭക്ഷണമെത്തിച്ചുകൊടുക്കലായിരുന്നു ആദ്യം ഏല്‍പ്പിച്ച ജോലി. പിന്നീട് യുദ്ധമുഖത്ത്. ഡ്രോണ്‍ ആക്രമണത്തിലെ സാരമായ പരിക്ക് അകത്തായിരുന്നു. സര്‍ജറി അനിവാര്യമായി. പാസ്‌പോര്‍ട്ടെല്ലാം അവര്‍ പിടിച്ചുവാങ്ങി. അവരുടെ തിരിച്ചറിയല്‍കാര്‍ഡ് തന്നു. യുദ്ധമുഖത്ത് മരിച്ച ഉറ്റ ബന്ധു ബിനിലിന്റെ മൃതദേഹം കാണാനായെങ്കിലും കൂടുതലൊന്നും ചെയ്യാനായില്ല. എംബസിക്കും ഇതേക്കുറിച്ച് വ്യക്തതയില്ലായിരുന്നു. സൈനിക ആശുപത്രിയില്‍ ചികിത്സ കിട്ടി. മറ്റു പീഡനങ്ങളൊന്നും ഇല്ലായിരുന്നു. ആശുപത്രിയില്‍നിന്ന് യുദ്ധമുഖത്തേക്ക് മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് സഹായം അഭ്യര്‍ഥിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തത്''.- ജെയിന്‍ വിശദീകരിച്ചു.

''എംബസിക്കാര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. മലയാളി അസോസിയേഷനും ഒപ്പംനിന്നു. അവരാണ് ഡല്‍ഹിയിലെത്താനുള്ള യാത്രാസൗകര്യമൊരുക്കിയത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ മടങ്ങാനുള്ള രേഖകള്‍ എംബസി ഉദ്യോഗസ്ഥര്‍ ശരിയാക്കി. ഡല്‍ഹിയില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിന് ജിപേ വഴി ഡല്‍ഹിയിലുള്ള സുഹൃത്തിന് വീട്ടില്‍നിന്ന് പണം അയച്ചുതന്നു. തിരിച്ചുവരവിനു വഴിയൊരുക്കിയവര്‍ ഒരുപാടുണ്ട്''- ജെയിന്‍ പറഞ്ഞു. അവരോടെല്ലാം നെഞ്ചത്തുകൈവെച്ച് നന്ദിപറയുമ്പോഴും ആ ഇരുപത്തിയേഴുകാരന്റെ മുഖത്ത് ഭീതി വിട്ടുമാറിയിട്ടില്ലായിരുന്നു.

സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ മുതല്‍ പഞ്ചായത്തംഗം സിന്ധു വരെയുള്ള ജനപ്രതിനിധികളും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉള്‍പ്പെടെ നേതാക്കളും ജെയിനിനെ സ്വീകരിക്കാനായി വീട്ടിലെത്തിയിരുന്നു.