കോഴിക്കോട്: ഒരുകോടി ലോട്ടറിയടിച്ച ഒരു നിർഭാഗ്യവാൻ. അതാണ് കോഴിക്കോട് പുല്ലാളൂരിലെ മച്ചക്കുളത്തെ കോയ അരീക്കര. പത്തുവർഷം മുൻപാണ് ഇദ്ദേഹത്തിന് കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലോട്ടറിയടിച്ചത്. എന്നാൽ ഇതുവരെ ആ പണം കോയയ്ക്ക് ലഭിച്ചിട്ടില്ല. എന്താണ് ആ ലോട്ടറിക്കും തന്റെ ജീവിതത്തിലും സംഭവിച്ചതെന്ന് അദ്ദേഹം പറയുന്നു…
'2016 ജൂലായ് ഒൻപത്. അരീക്കോട് ബസ് സ്റ്റാന്റിന് സമീപത്തെ ഭാഗ്യതാര എന്ന കടയിൽനിന്ന് മൂന്ന് ലോട്ടറിയെടുത്തു. ഇതിൽ കെഇ 454045 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലോട്ടറിയടിച്ചു. എന്നാൽ, കടക്കാരൻ ക്ലിപ്പിൽനിന്ന് എടുക്കുന്നതിനിടെ ലോട്ടറിക്ക് ചെറിയൊരു കേടുപാടു സംഭവിച്ചിരുന്നു. ടിക്കറ്റുമായി ബാങ്കിൽ ചെന്നപ്പോൾ ഉദ്യോഗസ്ഥരാണ് ഈ കാര്യം ചൂണ്ടികാണിച്ചത്. തിരുവനന്തപുരത്തെ ഭാഗ്യക്കുറി ഓഫീസിൽ പോയി ഡയറക്ടറെ കണ്ടാൽ കാര്യങ്ങളെല്ലാം ശരിയാകുമെന്നും ഇവർ നിർദേശിച്ചു.
തുടർന്ന്, ജൂലായ് 13-ന് ഭാഗ്യക്കുറി ഓഫീസിലെത്തി ടിക്കറ്റ് കൈമാറി. ഡയറക്ടർ അവധിയായിരുന്നതിനാൽ അസി.ഡയറക്ടർ മുൻപാകെയാണ് വിവരങ്ങൾ പറഞ്ഞത്. ഡയറക്ടർ അവധി കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞ് തിരികെ വരുമെന്നും നിങ്ങൾ അപ്പോൾ വരൂവെന്നും അവർ പറഞ്ഞു. രണ്ടുമാസം കഴിഞ്ഞ് ഓഫീസിൽ ചെന്നപ്പോഴാണ് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത്.
നിങ്ങൾ എവിടെയാണ് ടിക്കറ്റ് കൊടുത്തത് എന്നായിരുന്നു ജീവനക്കാരുടെ ചോദ്യം. ഒന്നുമറിയാത്തപോലെ അവർ കൈമലർത്തി. പിന്നീട് നിരന്തരം ഓഫീസുകൾ കയറിയിറങ്ങി. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടും കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം ഉദ്യോഗസ്ഥരുമായി സംസാരിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്താൽ എല്ലാം വേഗത്തിൽ നടക്കുമെന്ന് മുഖ്യമന്ത്രി പിന്നീട് നിർദേശിച്ചു. തുടർന്ന്, ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റ് നൽകിയ സാക്ഷ്യപത്രം ഉൾപ്പെടെ എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കി. നിയമപോരാട്ടത്തിനൊടുവിൽ, സമ്മാനത്തുക വിട്ടുനൽകാൻ 2021-ൽ ലോട്ടറി വകുപ്പിനോട് ഹൈക്കോടതി നിർദേശിച്ചു. എന്നാൽ ഇതുവരെ പണം ലഭിച്ചില്ല', കോയ പറയുന്നു.
നിയമപോരാട്ടത്തിനായി അഞ്ചുവർഷം തലസ്ഥാനത്ത്
2016 മുതൽ 2021 വരെ ഓഫീസുകൾ കയറിയിറങ്ങാൻ കോയ തിരുവനന്തപുരത്ത് താമസമാക്കി. മുൻപ് സർക്കസിൽ ആയിരുന്നതിനാൽ സൈക്കിൾ അഭ്യാസം ജീവിതമാർഗമാക്കി. ഹോട്ടലിൽ കഴിയാൻ പണമില്ലാത്തതിനാൽ ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങി. കോയയുടെ കഥയറിഞ്ഞ നല്ലവരായ നാട്ടുകാർ അദ്ദേഹത്തെ സഹായിച്ചു.
ക്ഷേത്രങ്ങളിൽ ഉൾപ്പെടെ കൂട്ടികൊണ്ടുപോയി ഭക്ഷണം വാങ്ങികൊടുത്തു. കോവിഡ് മഹാമാരി വന്നപ്പോൾ തെരുവിൽനിന്ന് അദ്ദേഹത്തെ പോലീസ് പിടിച്ചുകൊണ്ടുപോയി. കേസിന്റെ നടപടികൾ ഹൈക്കോടതിയിലേക്ക് മാറിയതോടെയാണ് അദ്ദേഹം തിരികെ കോഴിക്കോട്ടേക്ക് വന്നത്.
ആദ്യം എല്ലാം നഷ്ടപ്പെട്ടതും ലോട്ടറിയിലൂടെ
1993-ൽ കോഴിക്കോട് ലിങ്ക് റോഡിൽ മൂന്ന് ലോട്ടറി കടകൾ കോയ നടത്തിയിരുന്നു. 1999-ൽ ഒറ്റയ്ക്ക് ലോട്ടറി സംസ്ഥാന സർക്കാർ നിരോധിച്ചതോടെ അദ്ദേഹം വലിയ കടക്കെണിയിലായി. നിരോധനം വരുന്നതിന് മൂന്നുദിവസം മുൻപ് 22 ലക്ഷം രൂപയുടെ അന്യസംസ്ഥാന ലോട്ടറികൾ കോയ വാങ്ങിവെച്ചിരുന്നു. പലരിൽനിന്നും കടം വാങ്ങിയ പണം കൊണ്ടായിരുന്നു ഇത് വാങ്ങിയത്. ഈ കടത്തിന്റെ ഭൂരിഭാഗവും വീട്ടാൻ വീടും സ്ഥലവും ഉൾപ്പെടെ സ്വത്തുക്കളെല്ലാം വിൽക്കേണ്ടിവന്നു. തുടർന്ന് ഭാര്യയും രണ്ടുമക്കളുമായി വാടകവീട്ടിലേക്ക്.
ഇതേവർഷം തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റന്ററായി കോയയ്ക്ക് ജോലി കിട്ടി. ബാധ്യതകളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് 2016-ൽ ഒരു കോടി രൂപയുടെ ലോട്ടറിയടിച്ചത്. ഈ പണം നേടിയെടുക്കാനുള്ള ഓട്ടത്തിനിടെ പിന്നീട് ജോലിക്ക് പോകാനും കഴിഞ്ഞില്ല. ഇതോടെ ആശുപത്രിയിലെ ജോലിയും നഷ്ടമായി.
ഇപ്പോൾ 400 രൂപ ദിവസ വാടകയ്ക്ക് മറ്റൊരാളുടെ ഓട്ടോറിക്ഷ ഓടിച്ച് ജീവിതം മുന്നോട്ട് തള്ളിനീക്കുകയാണ് അദ്ദേഹം. വീട്ടുവാടക 8000 രൂപയും. പലരിൽനിന്നായി കടം വാങ്ങിയ ലക്ഷങ്ങൾ ഇനിയും കൊടുത്തുതീർന്നിട്ടില്ല. ലോട്ടറിയുടെ തുക ലഭിച്ചാൽ ഈ കടങ്ങളെല്ലാം തീർക്കണമെന്നും സ്വന്തമായി ഒരു വീട് ഉണ്ടാക്കണമെന്നും മാത്രമാണ് എഴുപത്തിമൂന്നുകാരനായ കോയയുടെ ആഗ്രഹം.
Content Highlights: Koya won 1 crore in the 2016 Karunya lottery (KE 454045)., The prize remains unpaid due to a damaged ticket and bureaucratic negligence., Despite a 2021 High Court order, the lottery department has not released the funds., Koya lost his job and assets during his long legal struggle for the prize money.
Published: 31 Jul 2026, 12:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented