കാഞ്ഞങ്ങാട്: തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59 ലക്ഷം ടിക്കറ്റുകൾ തീർന്നു. ഒന്നാം സമ്മാനം 30 കോടി രൂപയാണ്. 500 രൂപയാണ് ടിക്കറ്റ് വില. ഏജന്റുമാർ ഒരു ടിക്കറ്റിന് സർക്കാരിന് നൽകേണ്ടത് 390 രൂപയും 28 ശതമാനം ജി.എസ്.ടി.യുമാണ്. 390 രൂപ പ്രകാരം കൂട്ടിയാൽ തന്നെ സർക്കാരിന് ഇതുവരെ ലഭിച്ചത് 230.10 കോടി രൂപ.
സമ്മാനത്തുകയായി ആകെ നൽകേണ്ടത് 125.54 കോടി രൂപയാണ്. ഏജൻസി കമ്മീഷൻ ഇനത്തിൽ 12.55 കോടി രൂപയും നീക്കിവയ്ക്കണം. നറുക്കെടുപ്പിന് ഇനിയും 18 ദിവസം ബാക്കിയുണ്ട്. 2022 ലാണ് തിരുവോണം ബമ്പറിന് 500 രൂപയാക്കുകയും ഒന്നാം സമ്മാനം 25 കോടി രൂപയാക്കുകയും ചെയ്തത്. 2021 ൽ ഒന്നാം സമ്മാനം 12 കോടി രൂപയും ടിക്കറ്റ് വില 300 രൂപയുമായിരുന്നപ്പോൾ ആകെ വിറ്റത് 54 ലക്ഷം ടിക്കറ്റുകളാണ്. തൊട്ടടുത്ത വർഷം ഒന്നാം സമ്മാനത്തുക ഇരട്ടിയിലധികമാക്കിയപ്പോൾ വലിയ സ്വീകാര്യത ലഭിച്ചു. ആ വർഷം ആകെ അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ 66.55 ലക്ഷവും വിറ്റു.
2023 ൽ 85 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കുകയും 75.76 ലക്ഷം ടിക്കറ്റുകൾ വിൽക്കുകയും ചെയ്തു. പത്തു ലക്ഷത്തോളം ടിക്കറ്റുകൾ ബാക്കിയായതിനാൽ തൊട്ടടുത്ത വർഷമായ 2024 ൽ 80 ലക്ഷം ടിക്കറ്റുകളേ അടിച്ചുള്ളൂ. ആ വർഷവും പ്രതീക്ഷിച്ചത്ര ടിക്കറ്റുകൾ വിറ്റില്ല. എട്ടര ലക്ഷത്തോളം ടിക്കറ്റുകൾ ബാക്കിയായി. കഴിഞ്ഞ വർഷം ടിക്കറ്റുകൾ അച്ചടിക്കുന്നത് വീണ്ടും കുറച്ച് 75 ലക്ഷമാക്കി. അത് മുഴുവനും വിറ്റു. ഇത്തവണ ടിക്കറ്റ് നിരക്കിൽ മാറ്റമൊന്നും വരുത്താതെയാണ് 30 കോടി രൂപ ഒന്നാം സമ്മാനമാക്കിയത്.
രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതം നൽകും. മൂന്നാം സമ്മാനം കാൽക്കോടി രൂപയാണ്. ഇതും 20 പേർക്കുണ്ട്. ആകെ 5,34,670 സമ്മാനങ്ങൾ. ഈ മാസം 26-നാണ് നറുക്കെടുപ്പ്. അവസാനത്തെ ഒന്നോ രണ്ടോ ആഴ്ചകളിലാണ് വൻതോതിൽ ടിക്കറ്റുകൾ വിറ്റുപോകുക. മാത്രമല്ല, ഇക്കുറി ഓണക്കാലത്ത് ഇടയ്ക്കിടെ മഴയായിരുന്നു. ആ ദിവസങ്ങളിൽ കുറവ് വന്ന വില്പന ഇനിയുള്ള ദിവസങ്ങളിലുണ്ടാകുമെന്ന് ഏജന്റുമാർ പറയുന്നു.
Content Highlights: 59 lakh Thiruvonam Bumper tickets sold so far with 18 days left for the draw., First prize stands at a massive 30 crore rupees with a ticket price of 500 rupees., Draw is scheduled for the 26th of this month., Government revenue from ticket sales reached 230.10 crore rupees.
Published: 08 Sept 2026, 11:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented