തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ ചുമതലയേറ്റപ്പോൾ ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യുന്നതിനുപകരം ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള പ്രതിജ്ഞ ഹൈക്കോടതിയിലേക്ക്. ദൈവത്തെ കോടതി വ്യാഖ്യാനിക്കട്ടെയെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.
പല തദ്ദേശസ്ഥാപനങ്ങളിലും ദൈവങ്ങളുടെ പേരുപറഞ്ഞായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിൽ പറയുന്ന 'ദൈവനാമ'ത്തിൽ എല്ലാദൈവങ്ങളും വരുമോ, അല്ലെങ്കിൽ ഏതൊക്കെ ദൈവത്തിന്റെ പേരുൾപ്പെടും തുടങ്ങിയ ചോദ്യമായിരിക്കും കോടതിയിൽ ഉന്നയിക്കപ്പെടുക.
തിരുവനന്തപുരം കോർപ്പറേഷനിലാണ് സത്യപ്രതിജ്ഞയ്ക്ക് ദൈവങ്ങളെ ഏറ്റവും കൂടുതൽ കൂട്ടുപിടിച്ചത്. വെള്ളിയാഴ്ച മേയർ തിരഞ്ഞെടുപ്പിൽ ഇക്കാര്യം സിപിഎം ഉന്നയിച്ചിരുന്നു. ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 പേരുടെ വോട്ട് പരിഗണിക്കരുതെന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം. എന്നാലിത് കളക്ടർ നിരാകരിച്ചു. ഇതോടെയാണ് സിപിഎം ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
യേശുക്രിസ്തു, അള്ളാഹു എന്നീ പേരിൽ സത്യപ്രതിജ്ഞ ചെയ്യാമെന്നും എന്നാൽ, ശ്രീനാരായണഗുരു, ഭാരതാംബ തുടങ്ങിയ പേരിലുള്ളത് ഭരണഘടനാവിരുദ്ധമാണെന്നും കോടതിവിധിയുണ്ട്. ഭാരതാംബ, ശ്രീനാരായണഗുരു, ശ്രീപത്മനാഭസ്വാമി, അയ്യപ്പൻ, കമുകിൻകോട് ദുർഗ, ശ്രീകണ്‌ഠേശ്വരൻ, ആറ്റുകാലമ്മ, ഉദിയന്നൂരമ്മ, ബലിദാനികൾ തുടങ്ങിയ പേരിലായിരുന്നു തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അംഗങ്ങളുടെ പ്രതിജ്ഞ.
ഹിന്ദുക്കൾക്ക് പല ദൈവങ്ങൾ ഉള്ളതിനാൽ അവയുടെ പേരിൽ പ്രതിജ്ഞയെടുക്കുന്നത് നിയമവിരുദ്ധമല്ലെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. അങ്ങനെയെങ്കിൽ 'ദൈവം' എന്ന പദത്തിന്റെ വിശാലാർഥമാകും കോടതിയിൽ ചർച്ചചെയ്യപ്പെടുക. ഇത്തരം സത്യപ്രതിജ്ഞയിൽ നടപടിയെടുക്കാൻ മുനിസിപ്പൽ-പഞ്ചായത്തീരാജ് ആക്ടിൽ വ്യവസ്ഥയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്.
ദൈവനാമത്തിൽ സത്യപ്രതിജ്ഞയെന്ന് നിയമത്തിൽ പറയുമ്പോഴും ഏതൊക്കെ ദൈവങ്ങളുടെ പേരിൽ ആകാമെന്ന് വിശദീകരിക്കാത്തതാണ് തർക്കങ്ങൾക്കും പരാതികൾക്കും കാരണം. പഞ്ചായത്തീരാജ് ആക്ടിലെ രണ്ടാംപട്ടികയിലും മുനിസിപ്പാലിറ്റി ആക്ടിലെ മൂന്നാംപട്ടികയിലും നൽകിയ മാതൃകയിലേ സത്യപ്രതിജ്ഞ ചെയ്യാവൂ എന്നാണ് നിയമം.
Content Highlights: A controversy over oath-taking in Kerala local bodies, where many swore by various deities instead of divine names, has reached the High Court. The State Election Commission`s stance awaits judicial interpretation.
Published: 28 Dec 2025, 09:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented