തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയിൽ ദൈവങ്ങളുമായി ജനപ്രതിനിധികളുടെ ഷോ. ദൃഢപ്രതിജ്ഞയോ ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞയോ ചെയ്യേണ്ടതിനുപകരം പലയിടത്തും പലരും ദൈവങ്ങളുടെ പേരുപറഞ്ഞായിരുന്നു സത്യപ്രതിജ്ഞ. ഇതിനെതിരേ കോടതിയെ സമീപിച്ചാൽ സത്യപ്രതിജ്ഞ റദ്ദാക്കുന്നതടക്കമുള്ള നിയമപ്രശ്നങ്ങൾക്ക് വഴിതുറന്നേക്കും. പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിൽ പറയുന്ന ‘ദൈവനാമ’ത്തിൽ എല്ലാ ദൈവങ്ങളും വരുമോയെന്നതാണ് ചോദ്യം.

To advertise here,

ശ്രീപദ്‌മനാഭസ്വാമി, അയ്യപ്പൻ, ഭാരതാംബ, ശ്രീനാരായണഗുരു, കമുകിൻകോട് ദുർഗ, ശ്രീകണ്ഠേശ്വരൻ, ആറ്റുകാലമ്മ, ഉദിയന്നൂരമ്മ, ബലിദാനികൾ തുടങ്ങിയ പേരിലാണ് പലരും ഞായറാഴ്ച പ്രതിജ്ഞയെടുത്തത്. തിരുവനന്തപുരം കോർപ്പറേഷനിലായിരുന്നു ഇത്തരം സത്യപ്രതിജ്ഞ കൂടുതലും.

തിരുവനന്തപുരത്തിനുപുറത്ത് ചില തദ്ദേശസ്ഥാപനങ്ങളിൽ വരണാധികാരികൾ അപ്പോൾത്തന്നെ തിരുത്തി വീണ്ടും പ്രതിജ്ഞയെടുപ്പിച്ചെങ്കിലും തലസ്ഥാനത്ത് തിരുത്തലൊന്നുമുണ്ടായില്ല. സത്യപ്രതിജ്ഞയ്ക്കുശേഷം ദൈവനാമം പറയുന്നതിനോ മുദ്രാവാക്യം വിളിക്കുന്നതിനോ വിലക്കില്ല.

പഞ്ചായത്തീരാജ് നിയമത്തിലെ രണ്ടാംപട്ടികയിലും മുനിസിപ്പാലിറ്റി നിയമത്തിലെ മൂന്നാം പട്ടികയിലും സത്യപ്രതിജ്ഞയ്ക്ക് നിശ്ചിത ഫോർമാറ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത അംഗം ഇത് ഒപ്പിട്ടുനൽകുകയും വേണം. എന്നാൽ, ഇതുലംഘിച്ചാൽ തിരഞ്ഞെടുപ്പുകമ്മിഷൻ നടപടിയെടുക്കാറില്ല. തിരഞ്ഞെടുക്കപ്പെട്ട അംഗം ഒരുമാസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ അംഗം തന്റെ സ്ഥാനം സ്വമേധയാ ഒഴിഞ്ഞതായി തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിക്കാമെന്നും ചട്ടത്തിലുണ്ട്.

യേശുക്രിസ്തു, അള്ളാഹു എന്നീപേരിൽ സത്യപ്രതിജ്ഞ ആകാമെന്ന് ഹൈക്കോടതിയുടെ വിധിയുണ്ട്. ജെഎസ്എസ് എംഎൽഎയായി ഉമേഷ് ചള്ളിയിൽ ശ്രീനാരായണഗുരുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതോടെ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യേണ്ടിവന്നിരുന്നു. എന്നാൽ, ചട്ടത്തിൽ വിലക്കിയിട്ടില്ലാത്തതിനാൽ ദൈവത്തിന്റെ പേര് ഉപയോഗിച്ചതിൽ തെറ്റില്ലെന്ന് വാദിക്കുന്നവരുമുണ്ട്.

മന്ത്രിയുടെപേരിലും വ്യക്തിയുടെപേരിലും സത്യപ്രതിജ്ഞ

പാലക്കാട് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ ഒൻപതാംവാർഡിൽനിന്ന്‌ ജയിച്ച ജെറോസ സജീവ് ദൈവനാമത്തിലും വോട്ടർമാരുടെപേരിലും മന്ത്രി കൃഷ്ണൻകുട്ടിയുടെപേരിലും സത്യപ്രതിജ്ഞചെയ്തു. കോൺഗ്രസ്, ബിജെപി നേതാക്കൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ വരണാധികാരിക്കും പരാതിനൽകി.

എരുത്തേമ്പതി പഞ്ചായത്തിൽ 15-ാം വാർഡിൽനിന്നുള്ള അംഗമായ എൽഡിഎഫ് സ്വതന്ത്ര അണ്ണൈ പുനിത സത്യപ്രതിജ്ഞചെയ്തത് കടവുളിൻ നാമത്തിലും ഫാ. ആൽബർട്ട് ആനന്ദരാജിന്റെ നാമത്തിലും. ആർബിസി എന്ന രാഷ്ട്രീയസംഘടനയ്ക്ക് രൂപംനൽകിയതിൽ പ്രധാനിയാണ് ഫാ. ആൽബർട്ട് ആനന്ദരാജ്. ബിജെപി നേതാക്കൾ വരണാധികാരിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതിനൽകി.

പല്ലശ്ശന ഗ്രാമപ്പഞ്ചായത്തിൽ എട്ടാംവാർഡിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം പി.എസ്. രാമനാഥൻ ധർമശാസ്താവിന്റെപേരിൽ ആദ്യം സത്യപ്രതിജ്ഞചെയ്തു. ഇത് ചട്ടവിരുദ്ധമാണെന്നുകാണിച്ച്‌ രാമനാഥനെതിരേ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച കെ. ലക്ഷ്മണൻ പരാതിയുന്നയിച്ചു. വരണാധികാരി ആവശ്യപ്പെട്ടതോടെ ദൈവനാമത്തിൽ സത്യപ്രതിജ്ഞചെയ്തു.

കൊല്ലം കോർപ്പറേഷനിൽ ശബരിമല അയ്യപ്പന്റെ നാമത്തിലും കൂനമ്പായിക്കുളത്തമ്മയുടെ നാമത്തിലും ശ്രീകൃഷ്ണസ്വാമിയുടെ നാമത്തിലും സത്യപ്രതിജ്ഞചെയ്തു. അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞയുണ്ടായി. പെരിനാട് ഗ്രാമപ്പഞ്ചായത്തിൽ അയ്യപ്പനാമത്തിലും പൂജപ്പുരേശ്വരന്റെ നാമത്തിലും തലവൂർ പഞ്ചായത്തിൽ ഭാരതാംബയുടെ നാമത്തിലും സത്യപ്രതിജ്ഞചെയ്തു. മൈലം പഞ്ചായത്തിൽ മഹാദേവന്റെപേരിൽ പ്രതിജ്ഞചെയ്തു. മയ്യനാട് ഗ്രാമപ്പഞ്ചായത്തിൽ ഒരംഗം രക്തസാക്ഷികളുടെപേരിൽ ദൃഢപ്രതിജ്ഞയെടുത്തു.