കട്ടപ്പന: ലിഫ്റ്റ് നിയന്ത്രണമില്ലാതെ മുകൾത്തട്ടിലേക്ക് പോയി ഇടിച്ചതിനെത്തുടർന്ന് തലയ്ക്കു പരിക്കേറ്റ് സ്വർണക്കടയുടമ സണ്ണി ഫ്രാൻസിസ് മരിച്ച സംഭവത്തിൽ, സാങ്കേതികജ്ഞാനമില്ലാത്തവർ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതായി പോലീസിന്റെ പ്രാഥമികനിഗമനം. ലിഫ്റ്റ് നിന്നുപോയപ്പോൾ, സ്ഥാപനത്തിലുള്ളവർ ലിഫ്റ്റ് ടെക്നീഷ്യനെ വീഡിയോകോൾ വിളിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ശരിയായ രീതിയിലല്ലാതെ ഈ ശ്രമം നടത്തിയപ്പോൾ സിഗ്നലിൽ വ്യത്യാസമുണ്ടായതാണ് ലിഫ്റ്റ് മുകളിലേക്ക് അതിവേഗം കുതിക്കാൻ കാരണമെന്ന് പോലീസ് കരുതുന്നു.

To advertise here,

സണ്ണി ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ സ്ഥാപനത്തിലുള്ളവർ ലിഫ്റ്റ് കമ്പനിയുടെ ടെക്നീഷ്യനെ ബന്ധപ്പെടുകയായിരുന്നു. പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെ അതിവേഗം മുകളിലേക്ക് കുതിച്ച ലിഫ്റ്റ്, കെട്ടിടമുൾപ്പെടെ കുലുങ്ങുന്നരീതിയിലാണ് നാലാംനിലയുടെ മുകളിൽ ഇടിച്ചുനിന്നത്. സംഭവത്തിൽ അസ്വാഭാവികമരണത്തിന് കേസെടുത്ത് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

വെള്ളിയാഴ്ച ലിഫ്റ്റിൽ സാങ്കേതികപരിശോധനയുൾപ്പെടെ നടത്തും. ഇതിനായി ലിഫ്റ്റ് ടെക്നീഷ്യൻമാരും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരും എത്തും. ലിഫ്റ്റിലേക്ക് പ്രവേശിക്കുന്ന പാതയുൾപ്പെടെ പോലീസ് സീൽചെയ്തിരിക്കുകയാണ്. സാങ്കേതികപരിശോധനയ്ക്കുശേഷം കൂടുതൽ ജീവനക്കാരെയും സ്ഥാപനനടത്തിപ്പുകാരെയും ചോദ്യംചെയ്യും. കട്ടപ്പനയിലെ പവിത്ര ഗോൾഡ് മാനേജിങ് പാർട്ണർ സണ്ണി ഫ്രാൻസിസ് (പവിത്ര സണ്ണി-64) ആണ് ബുധനാഴ്ച ഉച്ചയ്ക്ക് ലിഫ്റ്റ് അപകടത്തിൽ മരിച്ചത്. പുളിയന്മല റോഡിൽ പ്രവർത്തിക്കുന്ന പവിത്ര ഗോൾഡിലാണ് അപകടം നടന്നത്.

മുകൾനിലയിൽനിന്ന് താഴേക്ക് വരുകയായിരുന്നു സണ്ണി. സണ്ണിമാത്രമായിരുന്നു ലിഫ്റ്റിൽ. സണ്ണി ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ തുറക്കാൻ കടയിലെ ജീവനക്കാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് കട്ടപ്പന അഗ്നിരക്ഷാസേനയെത്തിയാണ് ലിഫ്റ്റ് തുറന്നത്.

തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റ നിലയിലായിരുന്നു സണ്ണി. ലിഫ്റ്റിൽ രക്തം തളംകെട്ടിനിന്നിരുന്നു. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. പിന്നീട് അദ്ദേഹത്തിന്റെ സ്ഥാപനമായ പവിത്ര ഗോൾഡിൽ പൊതുദർശനത്തിനുവെച്ചു. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കട്ടപ്പന സെയ്ന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.