
കട്ടപ്പന: ലിഫ്റ്റ് അപകടത്തിൽ സ്വർണക്കടയുടമ മരിച്ച സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതർ പരിശോധന നടത്തി. വൈദ്യുതി തടസ്സത്തേത്തുടർന്ന് പകുതിവഴിയിൽനിന്നുപോയ ലിഫ്റ്റ് താഴേയ്ക്ക് എത്തിക്കാനായി അതിന്റെ ബ്രേക്ക് വേഗത്തിൽ റിലീസ് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു. ബ്രേക്ക് വളരെ സാവധാനം മാത്രമേ റിലീസ് ചെയ്യാവൂവെന്നും ഇവർ വ്യക്തമാക്കി. പരിചയമില്ലാത്തവർ ബ്രേക്ക് റിലീസ് ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ.
അപകടത്തിൽപ്പെട്ട ലിഫ്റ്റിലും കൺട്രോൾ യൂണിറ്റിലും, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സജിത്കുമാർ, ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരായ വിജയകുമാർ, ദീപ, രോഹിത് തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
കട്ടപ്പന പവിത്ര ഗോൾഡ് മാനേജിങ് പാർട്ണർ സണ്ണി ഫ്രാൻസിസാ (പവിത്ര സണ്ണി-64)ണ് ബുധനാഴ്ച ഉച്ചയ്ക്ക് ലിഫ്റ്റ് അപകടത്തിൽ മരിച്ചത്. പുളിയൻമല റോഡിലെ സ്ഥാപനത്തിന്റെ മുകൾനിലയിൽനിന്ന് താഴേയ്ക്ക് വന്നപ്പോൾ വൈദ്യുതിതടസ്സത്തെത്തുടർന്ന് ലിഫ്റ്റ് നിലച്ച് സണ്ണി ഉള്ളിൽ കുടുങ്ങുകയായിരുന്നു. ലിഫ്റ്റ് താഴേക്ക് കൊണ്ടുവരുന്നതിന്, സ്ഥാപനത്തിലെ ജീവനക്കാർ ശ്രമിച്ചപ്പോഴാണ് അപകടം. ലിഫ്റ്റ് അതിവേഗത്തിൽ നാലാംനിലയിലേക്ക് പോയി മേൽക്കൂരയിലിടിച്ച് താഴേക്കുവന്നു. ലിഫ്റ്റിന് അകത്ത് കുടുങ്ങിപ്പോയ സണ്ണിയുടെ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിനും മാരകമായി പരിക്കേറ്റു.
വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന്, ഒന്നാംനിലയ്ക്കും തറനിരപ്പിനും ഇടയിലാണ് ലിഫ്റ്റ് നിന്നത്. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ ലിഫ്റ്റ് ടെക്നീഷ്യനെ വീഡിയോകോളിൽ ബന്ധപ്പെട്ടശേഷം അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ലിഫ്റ്റ് പ്രവർത്തിപ്പിച്ചത്.
മുകളിലേക്ക് ഭാരംകൂടി,ലിഫ്റ്റ് കുതിച്ചുപൊങ്ങി
കൗണ്ടർ വെയ്റ്റ് ഉപയോഗിച്ചാണ് ലിഫ്റ്റ് പ്രവർത്തിക്കുന്നത്. മുകൾനിലയിലേക്ക് എപ്പോഴും ബലം പ്രയോഗിച്ചുകൊണ്ടിരിക്കും. ഇതിന് എതിരായി ഭാരം നൽകിയാണ് ലിഫ്റ്റ് താഴേക്ക് കൊണ്ടുവരുന്നത്.
ലിഫ്റ്റ് ടെക്നീഷ്യന്റെ നിർദേശപ്രകാരം സ്വർണക്കടയിലെ ജീവനക്കാർ ബ്രേക്ക് റിലീസ് ചെയ്ത് ലിഫ്റ്റ് അടുത്തനിലയിൽ എത്തിക്കാൻ ശ്രമിച്ചു. ബ്രേക്ക് റിലീസ് ചെയ്യുമ്പോൾ ഏതുവശത്തേക്കാണോ കൂടുതൽ ഭാരം ഉള്ളത് അവിടേയ്ക്ക് ലിഫ്റ്റ് പോകും. അതിനാൽ സാവധാനമേ റിലീസ് ചെയ്യാവൂ. ഇവിടെ പ്രവർത്തിപ്പിച്ച് പരിചയമില്ലാത്തവർ വേഗത്തിൽ ബ്രേക്ക് റിലീസ് ചെയ്തു. ഇതോടെ ഭാരം കൂടുതൽ അനുഭവപ്പെട്ട മുകളിലേക്ക് ലിഫ്റ്റ് അതിവേഗം ഉയരുകയും മേൽത്തട്ടിൽ ഇടിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും.
സുഷുമ്നാനാഡിക്ക് ഏറ്റ പരിക്ക് മരണ കാരണം
സ്പൈനൽ കോർഡിനേറ്റ ഗുരുതരപരിക്കാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ ലഭിച്ച പ്രാഥമിക വിവരം. കട്ടപ്പന സെയ്ൻ്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ സണ്ണിയുടെ മൃതദേഹം സംസ്കരിച്ചു.
Content Highlights: gold shop owner died in a lift accident in Kattappana. Improper brake release is suspected.
Published: 31 May 2025, 07:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented