
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയിൽ പുനഃപരിശോധന വേണമോ എന്ന് ഇപ്പോൾ സുപ്രീം കോടതിയെ അറിയിക്കേണ്ടെന്ന് നിയമമന്ത്രി പി. രാജീവ്. കോടതി ഉന്നയിച്ച ഏഴ് വിഷയങ്ങളിൽ യുവതീപ്രവേശ വിധി ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുവതീപ്രവേശത്തെ ഇപ്പോൾ എതിർക്കുകയാണോ അനുകൂലിക്കുകയാണോ എന്ന കാര്യം വ്യക്തമാക്കാനും അദ്ദേഹം തയ്യാറായില്ല. ചോദ്യങ്ങൾക്ക്, സാങ്കേതികത്വം പറഞ്ഞ് ഒഴിയുകയായിരുന്നു.
'ദീർഘകാലമായി ആചാരത്തിന്റെ ഭാഗമായതുകൊണ്ട് ഹിന്ദുയിസത്തിൽ ആഴത്തിൽ പാണ്ഡിത്യമുള്ള ആളുകളും സാമൂഹിക പരിഷ്കർത്താക്കളും ചേർന്ന ഒരു കമ്മിഷൻ നിയോഗിച്ച് അവരുടെ അഭിപ്രായത്തിന് പരിഗണന നൽകണമെന്ന് അന്ന് സർക്കാർ സുപ്രീം തോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ സുപ്രീം കോടതി അത് അംഗീകരിച്ചില്ല. തിരുത്തണോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഈ അടിസ്ഥാന പ്രശ്നങ്ങൾ വരട്ടെ.'- പി. രാജീവ് പറഞ്ഞു.
'സമയം ഉണ്ട്. അതുവച്ച് പരിശോധന നടത്തും. ഞങ്ങൾ വിശ്വാസ സമൂഹത്തിന്റെ താത്പര്യങ്ങളും സാമൂഹിക പരിഷ്കൃത താത്പര്യങ്ങളും ബാലൻസ് ചെയ്താണ് അന്ന് സത്യവാങ്മൂലം നൽകിയത്.'- അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിൽ വിശ്വാസികളായ യുവതികൾ കയറണമെന്നായിരുന്നു സർക്കാർ തുടക്കത്തിൽ സ്വീകരിച്ചിരുന്ന നിലപാട്. വനിതാ മതിൽ അടക്കം കെട്ടി സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പിന്നീട് 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ശബരിമലയിലെ ആചാരത്തിനൊപ്പമുള്ള നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചു പോകുന്നത്.
യുവതി പ്രവേശവിധി പുനഃപരിശോധിക്കേണ്ടതില്ലെന്നും കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു ദേവസ്വം ബോർഡും സർക്കാരും 2020-ൽ റിവ്യൂ ഹർജി കോടതിയിലെത്തിയപ്പോൾ വ്യക്തമാക്കിയത്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും പി. രാജീവ് വ്യക്തമായ ഉത്തരം നൽകിയില്ല. വിഷയത്തിൽ എ.ജിയുടെ നിയമോപദേശമടക്കം സ്വീകരിച്ച ശേഷം മാത്രമായിരുന്നു സർക്കാർ തീരുമാനമെടുക്കുക എന്നാണ് വിവരം.
Content Highlights: Sabarimala: Kerala Law Minister on Reconsideration of Woman Entry Verdict
Published: 16 Feb 2026, 04:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented