തിരുവനന്തപുരം: ഡിജിപി റാങ്ക് ലക്ഷ്യമിട്ട് ഐപിഎസ് തലപ്പത്ത് വടംവലി. ഇതിനായി എഡിജിപിമാർ തമ്മിൽ കടുത്ത മത്സരം നടക്കുന്നതായാണ് സൂചനകൾ. ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ടത് എംആർ അജിത് കുമാറിനാണ്. രക്ഷാപ്രവർത്തന വിവാദത്തിൽ അകപ്പെട്ടതോടെ അജിത് കുമാറിന്റെ സാധ്യത മങ്ങുകയാണ്. അതേസമയം അജിത് കുമാറിന്റെ പേര് ഈ കേസുമായി ബന്ധപ്പെടുത്തുന്നത് ബോധപൂർവമാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. 

To advertise here,

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനം, ഡിജിപി റാങ്ക് എന്നിവിടങ്ങളിലേക്ക് ആര് വരുമെന്നാണ് ആകാംക്ഷ. നിലവിൽ ഫയർ ആന്റ് സേഫ്റ്റി ഡയറക്ടറായ നിതിൻ അഗർവാൾ ഉടൻ വിരമിക്കും. അദ്ദേഹം വിരമിക്കുമ്പോൾ ഡിജിപി റാങ്കിലേക്ക് പരിഗണിക്കപ്പെടേണ്ട ആളാണ് എംആർ അജിത് കുമാർ. എന്നാൽ അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദങ്ങളും വാർത്തകളും നിരന്തരം പുറത്തുവരുന്നത് ഈ സ്ഥാനക്കയറ്റം അട്ടിമറിക്കാനാണെന്നാണ് അജിത് കുമാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ആരോപിക്കുന്നത്.

നവകേരളയാത്രയ്ക്കിടെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ ഉൾപ്പെടെയുള്ളവർ കെ.എസ്.യു.-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിക്കാൻ അജിത് കുമാർ നിർദേശിച്ചുവെന്ന മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് ഡയറിയിലടക്കം വെട്ടിത്തിരുത്തൽ നടത്തിയത് എ.ഡി.ജി.പി. നിർദേശിച്ചിട്ടാണെന്നാണ് അക്കാലത്ത് അജിത് കുമാറിന്റെ ഓഫീസിന്റെ ഭാഗമായി പ്രവർത്തിച്ച രണ്ട് ഗ്രേഡ് എസ്.ഐ.മാർ മൊഴിനൽകിയത്. ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ അടുത്തിടെ പുറത്തുവന്നത് സ്ഥാനക്കയറ്റം തടയാനുള്ള ബോധപൂർവമായ ശ്രമമാണെന്നാണ് അജിത് കുമാർ അനുകൂലികളുടെ വാദം.

പോലീസ് മേധാവിയാകാൻ സാധ്യതയുള്ള മറ്റുചിലരാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് എച്ച് വെങ്കിടേഷിനെ മാറ്റി ദിനേഷ് കശ്യപിനെ നിയമിച്ചേക്കുമെന്ന സൂചനകളുമുണ്ട്. എന്നാൽ ഔദ്യോഗിക തീരുമാനമായിട്ടില്ല. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മിലുലള്ള ചർച്ചകൾ വൈകുന്നതിനാലാണ് ഉത്തരവ് പ്രഖ്യാപിക്കാത്തത് എന്നാണ് പോലീസ് വകുപ്പിൽ നിന്നുള്ള വിവരം.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉയർന്ന സ്ഥാനത്തുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഐഎഎസ്സിൽ വലിയ അഴിച്ചുപണി നടത്തിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഐപിഎസിലെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.