
ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ഭാഗത്തെ ആറുവരിപ്പാത തകര്‍ച്ചയില്‍ ദേശീയപാത അതോറിറ്റി കടുത്ത നടപടി തുടങ്ങി. നിര്‍മാണക്കരാര്‍ ഏറ്റെടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കും പദ്ധതിയുടെ സ്വതന്ത്ര എന്‍ജിനിയറായ ഭോപാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്റിനും നോട്ടീസ് നല്‍കി. തകര്‍ന്ന ഭാഗം അവശിഷ്ടങ്ങള്‍ നീക്കി സ്വന്തംചെലവില്‍ കരാര്‍ കമ്പനി ഫ്ളൈഓവര്‍ നിര്‍മിക്കണം. 80 കോടിയാണ് ചെലവ് കണക്കാക്കിയത്. ഇത് കമ്പനി വഹിക്കണം.
ഭോപാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്റിന്റെ ടീം ലീഡറെ സസ്‌പെന്‍ഡ്ചെയ്തു. കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
പാതയുടെ തകര്‍ച്ച പരിശോധിച്ച ഐഐടി വിദഗ്ധരടങ്ങിയ സംഘത്തിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച കേന്ദ്ര ഉപരിതലഗതാഗതസെക്രട്ടറിക്ക് കൈമാറി. ഇതുപ്രകാരമാണ് നടപടി. ഐഐടി ഡല്‍ഹിയിലെ ഡോ. അനില്‍ ദീക്ഷിത്, ഐഐടി കാന്‍പുരിലെ ഡോ. ജിമ്മി തോമസ്, ഐഐടി ഗാന്ധിനഗറിലെ ഡോ. കെ. മോഹന്‍കൃഷ്ണ എന്നിവരാണ് പ്രാഥമികപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. മണ്ണിന്റെ സവിശേഷത കണക്കിലെടുക്കാതെ രൂപകല്പനയും നിര്‍മാണവും നടത്തിയത് ഗുരുതരവീഴ്ചയാണെന്ന് സമിതി കണ്ടെത്തി. പ്രൊഫ. ജി.വി. റാവുവിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
സഹായിച്ച സ്ഥാപനങ്ങള്‍ക്കും നോട്ടീസ്
ഡിസൈന്‍ കണ്‍സല്‍ട്ടന്റായ മുംബൈ സ്ട്രാറ്റ ജിയോസിസ്റ്റംസ്, എച്ച്ബിഎസ് ഇന്‍ഫ്രാ എന്‍ജിനിയേഴ്സ് ഹൈദരാബാദ് എന്നിവരോടും സുരക്ഷാ കണ്‍സല്‍ട്ടന്റ് ശ്രീ ഇന്‍ഫോടെകിനോടും 20 ലക്ഷംവീതം പിഴയീടാക്കാതിരിക്കാനും ഒരു വര്‍ഷത്തേക്ക് ഡിബാര്‍ ചെയ്യാതിരിക്കാനും കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ടും നോട്ടീസ് നല്‍കി.
കൂരിയാട്ടെ സർവീസ് റോഡ് അടുത്തയാഴ്ച തുറന്നേക്കും
തകർന്ന കൂരിയാട് ദേശീയപാതയ്ക്കുസമീപത്ത് തൃശ്ശൂരിൽനിന്ന് കോഴിക്കോട്ടേക്കുള്ള സർവീസ് റോഡിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി.
കൂടുതൽ പരിക്കുകളില്ലാത്ത മറുവശത്തെ സർവീസ് റോഡ് കേടുപാടുകൾ പരിഹരിച്ച് എല്ലാവിധ സുരക്ഷയും ഉറപ്പാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് പദ്ധതി. ജൂൺ ആദ്യവാരത്തോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പാറയും മെറ്റലും മണ്ണും നിരത്തി ഉറപ്പാക്കുന്ന ജോലികളാണ് നടക്കുന്നത്. ദേശീയപാതയിൽ നിന്ന് നീക്കംചെയ്യുന്ന മണ്ണാണ് സർവീസ് റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കുന്നത്. സർവീസ് റോഡിന്റെ വശങ്ങളിലും മണ്ണിടുന്നുണ്ട്. ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് ഒരുവശത്തെ സർവീസ് റോഡ് പൂർണമായും തകർന്നിരുന്നു. രണ്ട് സർവീസ് റോഡുകളിലും സർവീസ് നിരോധിച്ചതിനാൽ ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
Content Highlights: National Highway Authority takes strict action against KNR Constructions & consultants
Published: 30 May 2025, 07:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented