ടോൾ പ്ലാസകളിൽനിന്ന് ലോക്കൽ പാസെടുക്കാൻ ഇനി പ്ലാസയിൽ നേരിട്ടെത്തി ക്യൂ നിൽക്കേണ്ട. രാജ്യത്തെ 121 ടോൾ പ്ലാസകളിലേക്കുള്ള പ്രതിമാസ പ്രാദേശിക പാസ് ഓൺലൈനായി എടുക്കാൻ ഡിജിറ്റൽ ഫാസ്ടാഗ് ലോക്കൽ പാസ് സൗകര്യം ഏർപ്പെടുത്തി. രാജ് മാർഗ് യാത്ര എന്ന മൊബൈൽ ആപ്പ് വഴിയാണ് പാസ് എടുക്കാനാവുക. കേരളത്തിൽ മൂന്ന് പ്ലാസകളിലാണ് ഈ സൗകര്യം ഇപ്പോൾ ലഭ്യമാവുക.

To advertise here,

എറണാകുളം ജില്ലയിലെ കുമ്പളം, പൂനാരിമംഗലം, കോഴിക്കോട് ജില്ലയിലെ തിരുവങ്ങാട് എന്നീ ടോൾ പ്ലാസകളിലാണിത്. ഇക്കഴിഞ്ഞ ജൂലായിൽ ഡൽഹിയിലെ അർബൻ എക്സ്റ്റൻഷൻ റോഡ് രണ്ടിലുള്ള മുണ്ട്ക-ബക്കർവാല ടോൾ പ്ലാസയിലാണ് ആദ്യ ഡിജിറ്റൽ ലോക്കൽ പാസ് സൗകര്യം ആരംഭിച്ചത്. ഇത് വിജയകരമായതിനെത്തുടർന്നാണ് ഇപ്പോൾ 121 പ്ലാസകളിലേക്ക് വ്യാപിപ്പിച്ചത്. വരുംമാസങ്ങളിൽ രാജ്യത്തെ കൂടുതൽ ടോൾ പ്ലാസകളിലേക്ക് വ്യാപിപ്പിക്കാനാണ് ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം.

പാസ് ആർക്കൊക്കെ?

  • ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കാണ് മൊബൈൽ ആപ്പ് വഴി ലോക്കൽ പാസിന് അപേക്ഷിക്കാനാവുക.
  • ഒരു മാസത്തേക്ക് 350 രൂപയാണ് പാസിന് ഈടാക്കുക.
  • പാസ് ലഭിച്ചാൽ ഒരു മാസക്കാലയളവിൽ ഈ ടോൾ പ്ലാസയിലൂടെ എത്രതവണ വേണമെങ്കിലും സഞ്ചരിക്കാം. പാസ് വാണിജ്യവാഹനങ്ങൾക്ക് ലഭ്യമല്ല.
  • ഡിജിലോക്കർ, വാഹൻ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് വിലാസം ഓൺലൈനായി പരിശോധിച്ചാണ് പാസ് അനുവദിക്കുന്നത്.
  • യാത്രക്കാരുടെ മേൽവിലാസം, വാഹനവിവരങ്ങൾ, ലിങ്ക് ചെയ്ത ഫാസ്ടാഗ് തുടങ്ങിയവയെല്ലാം ജി.ഐ.എസ്. അധിഷ്ഠിത പരിശോധനയിലൂടെ ഉറപ്പാക്കും.
  • രാജ്യത്ത് ഈ സൗകര്യം ലഭ്യമായ ടോൾ പ്ലാസകളെപ്പറ്റി rajmargyatra.nhai.gov.in/buy-fastag-local-pass എന്ന വെബ്‌സൈറ്റിൽനിന്ന് അറിയാം.

എങ്ങനെ അപേക്ഷിക്കാം?

ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ, ആപ്പിൾ ആപ്പ് സ്റ്റോറിൽനിന്നോ 'Rajmargyatra' ആപ്പ് ഡൗൺലോഡ് ചെയ്യുക. മൊബൈൽനമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം 'ലോക്കൽ പാസ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. വിലാസവും വാഹനവിവരങ്ങളും ഡിജിറ്റലായി പരിശോധിക്കാൻ അനുമതിനൽകുക. ആർ.സി., ഫാസ്ടാഗ്, ആധാർ ലിങ്ക് ചെയ്ത ഡിജിലോക്കറിന്റെ വിവരങ്ങൾ എന്നിവയാണ് നൽകേണ്ടത്.

വിലാസം യോഗ്യമാണെങ്കിൽ ഓൺലൈനായി പണമടച്ച് പാസ് നേടാം. വാഹനം രജിസ്റ്റർചെയ്ത ആർസി ബുക്കിലെ മേൽവിലാസം ആണ് മാനദണ്ഡമാക്കുന്നത് എന്നതിനാൽ നിലവിൽ താമസിക്കുന്ന വാടകവീടിന്റെ വിലാസമോ താത്കാലിക രേഖകളോവെച്ച് ഓൺലൈനായി പാസ് എടുക്കാൻ സാധിക്കില്ല.