കല്പറ്റയിൽ എൻ.എച്ച്.എ.ഐയുടെ സൈറ്റ് ഓഫീസ് പ്രവർത്തനമാരംഭിക്കും

കോഴിക്കോട്: വെള്ളിമാടുകുന്ന് മുതൽ മുത്തങ്ങവരെയുള്ള ദേശീയപാത 766-ന്റെ ഏറ്റെടുക്കൽ ഒക്‌ടോബറോടെ ദേശീയപാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ) പൂർത്തിയാക്കും. ഇതിന്റെ ഭാഗമായി കല്പറ്റയിൽ അതോറിറ്റിയുടെ സൈറ്റ് ഓഫീസ് പ്രവർത്തനമാരംഭിക്കും. അതിനുള്ള നടപടികൾതുടങ്ങി.
പാത നാലുവരിപ്പാതയാക്കുന്നതിനുള്ള വിശദപദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കൽ ഉൾപ്പെടെയുള്ള മുഴുവൻ നടപടികളും ഇനി കോഴിക്കോട്ടെ ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ ഓഫീസിനു കീഴിലാവും. വെള്ളിമാടുകുന്ന് മുതൽ മുത്തങ്ങവരെയുള്ള ദേശീയപാത കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന് കൈമാറിക്കൊണ്ട് നേരത്തേ വിജ്ഞാപനമിറങ്ങിയിരുന്നു. എൻ.എച്ച്.എ.ഐ. ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള അവസാനഘട്ട നടപടിക്രമങ്ങൾ മാത്രമേ പൂർത്തിയാവാനുള്ളൂ.
സൈറ്റ് എൻജിനിയർ ഉൾപ്പെടെയുള്ള പുതിയ ടീമിനെ വൈകാതെ നിയമിക്കും. ഈ റോഡ് നാലുവരിപ്പാതയാക്കുന്നതിന് ഡി.പി.ആർ. തയ്യാറാക്കാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. 110 കിലോമീറ്ററാണ് പദ്ധതി. താമരശ്ശേരി ചുരം ബൈപ്പാസായി ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ് വികസിപ്പിക്കുന്നതാണ് പദ്ധതിയിലുള്ളത്. ഡി.പി.ആറിന് അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വന്നേക്കാം. കൊടുവള്ളി, താമരശ്ശേരി, ബത്തേരി, മീനങ്ങാടി എന്നിവിടങ്ങളിൽ ബൈപ്പാസ് റോഡുകൾ വരും. കല്പറ്റ ബൈപ്പാസും പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കും.
നേരത്തേ സംസ്ഥാന പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള ദേശീയപാതാവിഭാഗത്തിന്റെ ഉടമസ്ഥതയിലും കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുമായിരുന്നു റോഡ്. സംസ്ഥാന പൊതുമരാമത്തുവകുപ്പിന് പ്രവൃത്തി ചെയ്യണമെങ്കിൽ കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ എൻ.ഒ.സി. ആവശ്യമായിരുന്നു. ഇനി ഈ പാത പൂർണമായി ദേശീയപാതാ അതോറിറ്റിയുടെ നിയന്ത്രണത്തിലാവും.
Content Highlights: The National Highways Authority of India will take over the 110-km Vellimadukunnu-Muthanga NH 766 stretch by October for a four-lane expansion, establishing a site office in Kalpetta to oversee the Detailed Project Report and bypass construction.
Published: 21 Aug 2026, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented