
തിരുവനന്തപുരം: ഹയർ സെക്കൻഡറി വാർഷിക പരീക്ഷയുടെ ചില ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്. ചോദ്യപേപ്പറിൽ ഗുരുതരമായ അക്ഷരത്തെറ്റുകളുണ്ടെന്ന മാതൃഭൂമി ഡോട്ട് കോം വാർത്തയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ചോദ്യപേപ്പർ നിർമ്മാണം രഹസ്യാത്മകമായി വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയാണ് നിർവഹിക്കപ്പെടുന്നത്. ഇതിൽ ഏതു ഘട്ടത്തിലാണ് അശ്രദ്ധ ഉണ്ടായത് എന്ന് കണ്ടെത്തും. വിദ്യാർഥികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ മൂല്യനിർണയ സമയത്ത് വേണ്ട തീരുമാനങ്ങളും നടപടികളും കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. 2025-ലെ ഹയർസെക്കൻഡറി മലയാളം പാർട്ട് രണ്ട് പൊതു പരീക്ഷയുടെ ചോദ്യക്കടലാസിലാണ് ഗുരുതരമായ അക്ഷരത്തെറ്റുകൾ കണ്ടെത്തിയത്. ഒറ്റപ്പേപ്പറിൽ മാത്രം ഒരു ഡസനിലേറെ അക്ഷരത്തെറ്റുകളാണ് വന്നിരിക്കുന്നത്.
Also Read
'താമസ'ത്തെ 'താസമം' എന്നും 'നീലകണ്ഠശൈല'ത്തെ 'നീലകണുശൈല'മെന്നും 'കാതോർക്കും' എന്ന പദത്തെ 'കാരോർക്കു'മെന്നും 'വലിപ്പത്തിൽ' എന്ന വാക്കിനെ 'വലിപ്പിത്തി'ലെന്നും 'ഉൽക്കണ്ഠകളെ' 'ഉൽക്കണങ്ങളെ'ന്നും 'ആധി'യെ 'ആധിയ'മെന്നുമാണ് ചോദ്യക്കടലാസിൽ കൊടുത്തിരിക്കുന്നത്. തീർത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് ചോദ്യക്കടലാസ് നിർമാണത്തിൽ ഉണ്ടായിരിക്കുന്നത്.
കുട്ടികളിലെ അവധാരണശേഷി അളക്കാൻ നൽകിയ ഒഎൻവിയുടെ കവിതകളിലും ഗുരുതരമായ, പദത്തിന് അർഥവ്യത്യാസം വരുത്തുന്ന തരത്തിൽ, അക്ഷരത്തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട്. ഏഴു പേജുള്ള ചോദ്യക്കടലാസിൽ പതിനെട്ടിലധികം അക്ഷരത്തെറ്റുകളാണുള്ളത്. പദവിന്യാസത്തിലും അക്ഷരങ്ങൾ തമ്മിലുള്ള അകലത്തിലും വരെ വലിയ വ്യത്യാസമുണ്ടായിരുന്നു. ഇതിന് പിന്നാലെ പ്ലസ് വണ്‍ ബയോളജി, പ്ലസ് ടു ഇക്കണോമിക്‌സ്, ബയോളജി, സുവോളജി തുടങ്ങിയ ചോദ്യക്കടലാസുകളിലും വൻതോതിൽ അക്ഷരത്തെറ്റുകള്‍ കണ്ടെത്തി. ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയ ചോദ്യക്കടലാസില്‍ മലയാളം ഭാഗത്തിലായിരുന്നു അക്ഷരത്തെറ്റുകളുടെ സമ്മേളനം.
ചോദ്യക്കടലാസിൽ അക്ഷരപ്പിഴവുകൾ വന്നതിനെതിരെ എം.എൻ കാരശ്ശേരി, കൽപറ്റ നാരായണൻ, പി. രാമൻ ഉൾപ്പെടെയുള്ള എഴുത്തുകാർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ജാഗ്രതക്കുറവും ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഒന്നുപോലെ പ്രകടമായ സംഭവത്തിൽ കോടതിയെ സമീപിക്കാൻ ഒരു കൂട്ടം രക്ഷിതാക്കൾ ഒരുങ്ങിയിരിക്കവേയാണ് മന്ത്രിതന്നെ വിഷയത്തിൽ ഇടപെട്ടത്.
Content Highlights: Kerala Higher Secondary Exam Errors: Probe Ordered
Published: 22 Mar 2025, 06:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented