ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം വര്‍ഷം മലയാളം പാര്‍ട് രണ്ട് പൊതുപരീക്ഷയുടെ ചോദ്യക്കടലാസില്‍ അര്‍ഥം മാറുന്ന തരത്തില്‍ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കിയ അക്ഷരത്തെറ്റ് വിവാദം നിലനില്‍ക്കേ പ്ലസ് വണ്‍ ബയോളജി, പ്ലസ് ടു ഇക്കണോമിക്‌സ്, ബയോളജി, സുവോളജി തുടങ്ങിയ ചോദ്യക്കടലാസുകളിലും അടപടലം അക്ഷരത്തെറ്റുകള്‍. ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയ ചോദ്യക്കടലാസില്‍ മലയാളം ഭാഗത്തിലാണ് അക്ഷരത്തെറ്റുകളുടെ സമ്മേളനം. പൊതുപരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ നിര്‍മിക്കുന്നതില്‍ ഗൗരവമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ വിവിധ സംഘടനകള്‍ ആരോപിക്കുന്നു. ചോദ്യനിര്‍മാണം ശരിയായ രീതിയിലല്ല നടന്നതെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.
ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം ബയോളജി ചോദ്യക്കടലാസില്‍ മൂന്നാമത്തെ ചോദ്യമായ 'ദ്വിബീജ പത്ര സസ്യം' എന്നത് 'ദി ബീജ പത്ര സസ്യം' എന്നാണ് അച്ചടിച്ചുവന്നിരിക്കുന്നത്. അഞ്ചാമത്തെ ചോദ്യത്തില്‍ '2 എന്ന അക്ഷരം വളര്‍ച്ചയുടെ ഏത് ഘട്ടം സൂചിപ്പിക്കുന്നു' എന്നാണ് അച്ചടിച്ചിരിക്കുന്നത്. 2 എന്നത് അക്ഷരമല്ല, അക്കമാണ് എന്നറിയാത്ത അധ്യാപകനാണോ ചോദ്യം നിര്‍മിച്ചത് എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു! രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് പരീക്ഷയില്‍ തിരഞ്ഞെടുത്തെഴുതാന്‍ കൊടുത്ത ഉത്തരത്തില്‍ ഉപഭോക്താക്കളുടെ വരുമാനം കുറയുന്നു എന്നത് 'കരയുന്നു' എന്നായി! ഇങ്ങനെ നിരത്തിപ്പിടിച്ച് ചോദ്യകര്‍ത്താവിന്റെ അക്ഷരത്തെറ്റുകള്‍ കൂടി പരിഗണിച്ച് ഉത്തരമെഴുതേണ്ട ഗതികേട് വിദ്യാര്‍ഥികള്‍ക്ക് സംഭവിക്കുന്നത് ഇതാദ്യമാണ്.
ഇതേ ചോദ്യക്കടലാസില്‍ ഇരുപതാമത്തെ ചോദ്യത്തില്‍ പരാമര്‍ശിച്ചിട്ടുള്ള 'അവായു' ശ്വസനത്തിന് പകരം നല്‍കിയതാവട്ടെ 'ആ വായു ശ്വസനം' എന്നാണ്! പതിനേഴാമത്തെ ചോദ്യത്തില്‍ ചിത്രം A യും Bയും നിരീക്ഷിക്കുക എന്ന ചോദ്യമാണ് അധ്യാപകരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പറന്നു നടക്കുന്നത്. ചിത്ര Aയും Bയും നിരീക്ഷിക്കുക എന്നാണ് അച്ചടിച്ചിരിക്കുന്നത്. ആരാണാവോ ഈ ചിത്ര എന്നാണ് കുട്ടികളുടെയും സംശയം. വ്യത്യാസങ്ങള്‍ വൈത്യാസങ്ങളായും സൈക്കിളില്‍ എന്നത് സൈക്ലിളില്‍ ആയും രേഖാചിത്രം രേഖ ചിത്രം ആയും വിടര്‍ന്ന് വിലസി നില്‍ക്കുന്നുണ്ട് ഇതേ ചോദ്യക്കടലാസില്‍. ഒറ്റനോട്ടത്തില്‍ പതിനെട്ടിലധികം അക്ഷരത്തെറ്റുകള്‍ ഒരൊറ്റ ചോദ്യക്കടലാസില്‍ മാത്രം കാണാം.
പരീക്ഷാനടത്തിപ്പ് പദ്ധതിയില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടും വിദ്യാഭ്യാസ വകുപ്പില്‍നിന്ന് പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. ഉത്തരവാദപ്പെട്ടവര്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. അതേസമയം, ഹയര്‍ സെക്കണ്ടറി പരീക്ഷാനടത്തിപ്പിലും ചോദ്യനിര്‍മാണത്തിലും സംഭവിച്ച പാളിച്ചകളെ വിവിധ അധ്യാപക സംഘടനകള്‍ വിമര്‍ശിച്ച് രംഗത്തെത്തി.
പരീക്ഷാ നടത്തിപ്പ് രാഷ്ട്രീയവത്ക്കരിച്ചതിന്റെ ഫലം- എസ്.മനോജ് (ജനറല്‍ സെക്രട്ടറി, HSSTA )

ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യക്കടലാസ് തയ്യാറാക്കുന്നുണ്ട്. ചോദ്യങ്ങളുടെ മലയാളം തര്‍ജ്ജമയ്ക്കാണ് ഗുരുതരമായ അക്ഷരത്തെറ്റുകള്‍ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ ഒരു വിഷയത്തില്‍ ആറുപേര്‍ വീതമാണ് ചോദ്യക്കടലാസ് നിര്‍മാണത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. ആറുപേര്‍ ഒരുമിച്ചിരുന്നു പരസ്പരം ചര്‍ച്ച ചെയ്ത് ആറ് ചോദ്യപ്പേപ്പറുകള്‍ എസ്. സി.ആര്‍.ടി. വര്‍ക്ക്‌ഷോപ്പുകളില്‍ വെച്ച് തയ്യാറാക്കുകയായിരുന്നു പതിവ്. 51 വിഷയമുണ്ടെന്ന് ഓര്‍ക്കണം. നൂറ്റിരണ്ട് ചോദ്യക്കടലാസ് തയ്യാറാക്കണം. ഓരോ വിഷയത്തില്‍നിന്നും ആറുപേരെ വീതമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവാദിത്തപ്പെടുത്തുന്നത്. ഫസ്റ്റ് ഇയറും സെക്കന്റ് ഇയറും ചോദ്യങ്ങള്‍ തയ്യാറാക്കണം. ഈ വര്‍ഷം ഓരോ വിഷയത്തിലും ഒരാളെ കുറച്ചു, ഒരു ദിവസവും കുറച്ചു. അഞ്ചു ദിവസം, അഞ്ചു പേര്‍. അഞ്ചു ചോദ്യപ്പേപ്പറില്‍ നിന്നാണ് പൊതുപരീക്ഷയ്ക്കും ഇംപ്രൂവ്‌മെന്റിനും സേ പരീക്ഷയ്ക്കും എല്ലാം ചോദ്യങ്ങളെടുക്കുന്നത്. ബാക്കി വരുന്നത് റിസര്‍വില്‍ വെക്കും. ചോദ്യങ്ങള്‍ പ്രിന്റ് ചെയ്യാന്‍ കേരളത്തിനു പുറത്തുള്ള പ്രസ്സുകളിലേക്കാണ് അയച്ചുകൊടുത്തത് എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വസ്തുത അറിയില്ല. പ്രൂഫ് റീഡിങ് നടത്തേണ്ടത് കോളേജ് അധ്യാപക തസ്തികയില്‍ ഉള്ളവരാണ്. അതെല്ലാം രാഷ്ട്രീയ നിയമനമാണ്. ചോദ്യങ്ങള്‍ നിര്‍മിക്കുന്നതിലും അത് പ്രകടമാണ്.
പ്രൂഫ് റീഡിങ് നടന്നിട്ടുണ്ടെങ്കില്‍ അത് മൊബൈല്‍ റീഡിങ് ആണ് നടന്നത് എന്നാണ് മനസ്സിലാക്കുന്നത്. ഒന്നോ രണ്ടോ അക്ഷരത്തെറ്റുകള്‍ സ്വാഭാവികമാണ്. ചോദ്യപേപ്പര്‍ നിര്‍മ്മാണത്തിനു ശേഷമുള്ള പ്രൂഫ് റീഡിംഗില്‍ വന്ന ഗുരുതരമായ വീഴ്ചയാണ് ചോദ്യപേപ്പറിലെ തെറ്റുകള്‍ക്ക് പിന്നില്‍. പരീക്ഷ നടത്തിപ്പും നിയന്ത്രണവും രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ പരിണിതഫലമാണ് ഇത്തരം വലിയ തെറ്റുകള്‍.
പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നു- ശ്രീജേഷ് കുമാര്‍ കെ.കെ (KHSTA ഓര്‍ഗനൈസിങ് സെക്രട്ടറി)

ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷാ ചോദ്യക്കടലാസുകളില്‍ അര്‍ഥം മാറുന്ന തരത്തില്‍ അച്ചടിത്തെറ്റുകള്‍ സംഭവിച്ചത് ഗുരുതമായ വീഴ്ചയാണ്. പ്രൂഫ് റീഡിങ്ങില്‍ ഗൗരവമുണ്ടായില്ല എന്നത് അന്വേഷിക്കേണ്ടതാണ്. പരീക്ഷയുടെ ഗൗരവം ചോര്‍ന്നുപോകുന്ന തരത്തിലേക്കാണ് ഇത്തരം വീഴ്ചകള്‍ നയിക്കുന്നത്. പൊതുവിദ്യാഭ്യാസ സംവിധാനത്തെ അത് സാരമായി ബാധിക്കും. വിദ്യാര്‍ഥികളെ വലയ്ക്കുന്ന രീതിയില്‍ ചോദ്യപ്പേപ്പറുകള്‍ സൃഷ്ടിക്കുന്നത് പരീക്ഷയുടെ കാര്യത്തില്‍ ഗൗരവപൂര്‍വ്വമായി സമീപനം ഉണ്ടാവുന്നില്ല എന്നതിനുള്ള ദൃഷ്ടാന്തമാണ്. വിദ്യാഭ്യാസ ഏകീകരണത്തിന്റെ പശ്ചാത്തലത്തില്‍ വേണം ഈ സംഭവത്തെ കൂട്ടിവായിക്കാന്‍.
മുമ്പ് ഹയര്‍സെക്കണ്ടറിക്ക് സ്വതന്ത്രമായ ഒരു ഡയറക്ടറേറ്റ് ഉണ്ടാവുകയും ഡയറക്ടര്‍ക്ക് ഹയര്‍ സെക്കണ്ടറിയുടെ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കാന്‍ സമയം കിട്ടുമായിരുന്നു. അതുവഴി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ കാര്യക്ഷമമായി നടന്നിരുന്നു. പരീക്ഷയ്ക്കും അക്കാദമിക് വിഭാഗത്തിനും ഓരോ ജോയ്ന്റ് ഡയറക്ടര്‍മാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലാണ് ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയും അതിനോടനുബന്ധിച്ചുമുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നതും നിയന്ത്രിക്കപ്പെടുന്നതും. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ താളെ തെറ്റുന്ന രീതിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേരള സിലബസ്സില്‍ വിദ്യാര്‍ഥികള്‍ കുറയുന്നതും മറ്റുള്ള സിലബസ്സിന് കേരളത്തില്‍ ഡിമാന്റ് കൂടുന്നതും പരീക്ഷയില്‍ ഇത്തരത്തിലുള്ള താളം തെറ്റലുകള്‍ കൂടി കാരണമാണ്. പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികളാണ് ഇതെല്ലാം. വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയിലാണ് പരീക്ഷാ സംവിധാനങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്.
ഹയര്‍ സെക്കണ്ടറി പരീക്ഷാ ചോദ്യക്കടലാസില്‍ അക്ഷരത്തെറ്റുകള്‍ തുടര്‍ക്കഥയായിരിക്കേ മൗനത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇത്രയധികം വീഴ്ചകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടില്ലെങ്കില്‍ പറഞ്ഞിട്ട് കാര്യമില്ല. വിദ്യാര്‍ഥികളോട് തിരുത്തി വായിക്കാനപേക്ഷ എന്നു മാത്രം. വിവിധ അധ്യാപക സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയപ്പോഴും സംസ്ഥാനത്തെ പ്രബല അധ്യാപക സംഘടനയായ കെഎസ്ടിഎയും പരീക്ഷാനടത്തിപ്പില്‍ സംഭവിച്ച വീഴ്ചയെ അഭിസംബോധന ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വീഴ്ച തിരുത്തുക എന്നത് ഒരു നയം കൂടിയാണല്ലോ.
Content Highlights: scert higher secondary examinations question paper spelling mistakes
Published: 22 Mar 2025, 04:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented