ന്യൂഡൽഹി: കേരളത്തിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗമുറപ്പാക്കുന്ന ഏഴുപദ്ധതികൾക്ക് വിശദപദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കാനാവശ്യമായ സർവേയ്ക്ക് അനുമതി. ഏഴുപദ്ധതികളിലുമായി 849 കി.മീ. ദൂരപരിധിയിൽ ഇതോടെ വേഗറെയിൽപ്പാതകൾ യാഥാർഥ്യമാകും. ഡി.പി.ആർ. അംഗീകരിച്ചാൽ സംസ്ഥാനസർക്കാർ, നിതി ആയോഗ്, കേന്ദ്രധനകാര്യമന്ത്രാലയം മുതലായവയിൽനിന്ന് മറ്റ് അനുമതികൾ നേടിയെടുക്കണം. പദ്ധതികൾക്കുള്ള അനുമതി തുടർപ്രക്രിയയായതിനാൽ കൃത്യമായ സമയപരിധി നിശ്ചയിക്കാനാവില്ലെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി.

To advertise here,

തിരുവനന്തപുരം-കാസർകോട് അർധ അതിവേഗപാതയായ സിൽവർലൈനിന്റെ പണിപ്പുരയിലാണ് കേരളമെന്നും മന്ത്രി അറിയിച്ചു. കേരള റെയിൽ വികസന കോർപ്പറേഷൻ (കെ.ആർ.ഡി.സി.എൽ.) പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കിയെങ്കിലും പുതിയ സാങ്കേതിക നിലവാരമനുസരിച്ച് പരിഷ്കരിച്ചുനൽകാൻ കെ.ആർ.ഡി.സി.എലിനോട് നിർദേശിച്ചിട്ടുണ്ട്.

ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധപ്പെടുത്താൻ ബ്രോഡ്‌ഗേജ് പാത അവലംബിക്കുക, രണ്ട്‌ റെയിൽവേ ലൈനുകൾക്കിടയിലുള്ള ഭാഗങ്ങളെ സമാന്തരപ്പെടുത്തൽ, യാർഡുകൾക്കും സെക്ഷനുകൾക്കുമായി മതിയായ ഡ്രെയ്‌നേജ് സംവിധാനമൊരുക്കുക, കവച് സംവിധാനത്തിന് വ്യവസ്ഥയുണ്ടാക്കൽ, പാരിസ്ഥിതികമായ സുരക്ഷാമുൻകരുതലുകൾ, വൈദ്യുതീകരണം മുതലായവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഡി.പി.ആർ. പരിഷ്കരിക്കണമെന്നാണ് നിർദേശം.

നിലവിൽ മംഗളുരു- ഷൊർണൂർ സെക്ഷനിൽ തീവണ്ടികളുടെ വേഗം 110 കിമീ ആണ്. അത് 130 കിമീ വേഗത്തിലാക്കാൻ വളവുകൾ നിവർത്തുന്നത് അടക്കമുള്ള പ്രവൃത്തി നടക്കുകയാണ്. 288 വളവുകൾ നിവർത്തണം. ഷൊർണൂർ-കോഴിക്കോട്, കോഴിക്കോട്-മംഗളുരു സെക്ഷനാണ് 130-ലക്ക് എത്തുക. തിരുവനന്തപുരം-ഷൊർണൂർ പാതയിൽ 80-100 ആണ് പരമാവധി വേഗം. ഈ പാതയിൽ 76 ചെറിയ വളവുകൾ നേരെയാക്കണം.

തിരുവനന്തപുരം-കായംകുളം, കായംകുളം-എറണാകുളം (ആലപ്പുഴ വഴി) രണ്ടു സെക്ഷനിലും അടിസ്ഥാന വേഗം 110 ആയി. ഇതാണ് 130-ൽ എത്തേണ്ടത്. കേരളത്തിൽ റെയിൽ പാളം, സ്ലീപ്പറുകളുടെ സാങ്കേതികത്വം മാറ്റൽ, മൂന്നാം സിഗ്നൽ പ്രവൃത്തി ഉൾപ്പെടെ അതിവേഗം നടക്കുകയാണ്.

സർവേക്ക്‌ അനുമതിയായ ഏഴുപദ്ധതികൾ:

  • ഷൊർണൂർ-മംഗളൂരു മൂന്നും നാലും പാതകൾ 307 കി.മീ.
  • കോയമ്പത്തൂർ-ഷൊർണൂർ മൂന്നും നാലും പാതകൾ 99 കി.മീ.
  • ഷൊർണൂർ-എറണാകുളം മൂന്നാം പാത 106 കി.മീ.
  • എറണാകുളം-കായംകുളം (കോട്ടയം വഴി) മൂന്നാംപാത 115 കി.മീ.
  • കായംകുളം-തിരുവനന്തപുരം മൂന്നാം പാത 105 കി.മീ.
  • തിരുവനന്തപുരം-നാഗർകോവിൽ മൂന്നാം പാത 71 കി.മീ.
  • തുറവൂർ-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ 46 കി.മീ.

വ്യക്തതയോ ഉറപ്പോ ഇല്ല -ജോൺ ബ്രിട്ടാസ് എം.പി.

കേരളത്തിലെ അതിവേഗ, അർധ അതിവേഗ റെയിൽപ്പാതകൾ സംബന്ധിച്ച ചോദ്യത്തിന് റെയിൽവേമന്ത്രി നൽകിയ മറുപടി വ്യക്തതയോ ഉറപ്പോ ഇല്ലാത്തതാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. വിമർശിച്ചു. സിൽവർലൈൻ പദ്ധതിയുടെ ഭാവിസംബന്ധിച്ചോ ബദൽ പദ്ധതി സംബന്ധിച്ചോ കൃത്യതയുള്ള ഉത്തരം നൽകുന്നതിനുപകരം സർവേകളുടെയും നടപടിക്രമങ്ങളുടെയും പട്ടിക നിരത്തുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.