
മലപ്പുറം: കേരള ഹൈസ്‌പീഡ് റെയിൽവേ (കെ.എച്ച്.എസ്.ആർ.)യുടെ നിർമാണം സുഗമമാക്കാൻ എല്ലായിടത്തും നാട്ടുകാർ അതിവേഗ റെയിൽവേ സേവാസമിതിയുണ്ടാക്കണമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ ആവശ്യപ്പെട്ടു. മലപ്പുറത്തു ചേർന്ന ജനകീയസമിതി യോഗത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. പദ്ധതിയുടെ ആവശ്യകതയെപ്പറ്റിയും അതിന്റെ നടത്തിപ്പിൽ നാട്ടുകാർക്കുള്ള പങ്കിനെപ്പറ്റിയും വിശദീകരിക്കാനായിരുന്നു യോഗം.
ഞാൻ ബി.ജെ.പി.ക്കാരനാണെന്നു കരുതി അതിവേഗ റെയിൽവേ പദ്ധതിയെ രാഷ്ട്രീയമായി കാണരുത്. കേരളത്തിന് ഗുണപ്രദമാകണം എന്നാണ് ആഗ്രഹം. ഡി.എം.ആർ.സി.യിലെ പഴയ സഹപ്രവർത്തകരെയെല്ലാം സംഘടിപ്പിച്ച് ഓഫീസ് തുടങ്ങി. സ്റ്റേഷനുകൾ എവിടെയൊക്കെ വേണമെന്ന് ധാരണയായിട്ടുണ്ട്. ഇനി ഫീൽഡ് സർവേ നടത്തണം. അതുകഴിഞ്ഞാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഡി.പി.ആർ. തയ്യാറാക്കി അയക്കണം. ഫീൽഡ് സർവേക്ക് നാട്ടുകാരുടെ സഹകരണം ആവശ്യമാണ്. കണ്ടെത്തുന്ന സ്ഥലം സംബന്ധിച്ച് ഏതെങ്കിലും തരത്തിൽ പരാതിയുണ്ടെങ്കിൽ അതെല്ലാം പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏത് സർക്കാർ വന്നാലും ഇത്തരമൊരു പദ്ധതി വേണ്ടെന്നുവെക്കാനാകില്ല. കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഇക്കാര്യത്തിൽ വലിയ ഉത്സാഹമുണ്ട്. അദ്ദേഹമാണ് ഡി.പി.ആർ. ഉണ്ടാക്കാൻ ആവശ്യപ്പെട്ടത്. കേരളത്തിനുവേണ്ടി ചെയ്യാവുന്ന ഏറ്റവുംവലിയ കാര്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി ചുരുക്കത്തിൽ
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ആദ്യഘട്ടം. മൊത്തം 465 കിലോമീറ്ററിൽ 20 കി.മീ. തുരങ്കപ്പാതയും ബാക്കി ആകാശപ്പാതയുമാണ്. തിരുവനന്തപുരം, കരിപ്പൂർ, നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് ബന്ധമുണ്ടാകും. ജനശതാബ്ദി ഈടാക്കുന്ന 780 രൂപതന്നെയാകും ഈടാക്കുക. എന്നാൽ 3.20 മണിക്കൂറുകൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്താം. 54,000 കോടി രൂപയാണ് ചെലവ്.
അതിവേഗ റെയിൽ കർമസമിതി രൂപവത്കരിച്ചു
മലപ്പുറത്ത് മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ നടന്ന പുതുക്കിയ അതിവേഗ റെയിൽപദ്ധതി വിശദീകരണ യോഗത്തിൽ ഹൈസ്പീഡ് റെയിൽ ആക്‌ഷൻ കൗൺസിൽ രൂപവത്കരിച്ചു. മലപ്പുറം നഗരസഭാധ്യക്ഷ അഡ്വ. റിനിഷ, പൊന്നാനി ഡി.എം.ആർ.സി. ഓഫീസിലെ ഉദ്യോഗസ്ഥർ, മലപ്പുറം ഡിവലപ്മെന്റ് ഫോറം, മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ്, കോൺഫെഡറേഷൻ ഓഫ് റെസിഡൻറ്‌സ് അസോസിയേഷൻസ്, ലെൻസ്‌ഫെഡ് മലപ്പുറം, മിഷൻ മലപ്പുറം ഇനീഷ്യേറ്റീവ്, ഓയിസ്ക തുടങ്ങിയ സംഘടനകളുടെ ഭാരവാഹികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
താത്കാലിക കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. ചെയർമാനായി മുരളീധരൻ പുതുക്കുടി (കോർവ)യെയും വൈസ് ചെയർമാനായി കെ.വി. അൻവറി (മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ്)നെയും കൺവീനറായി റാഫി ഖുറൈഷി (എം.ഡി.എഫ്.)യെയും തിരഞ്ഞെടുത്തു. തുടർപ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ വിപുലമായ ആക്‌ഷൻ കൗൺസിൽ യോഗംചേരും. മലപ്പുറം നഗരത്തിലൂടെ കരിപ്പൂർ വിമാനത്താവളം ബന്ധിപ്പിച്ചുപോകുന്ന പുതുക്കിയ അലൈൻമെന്റുമായി മുന്നോട്ടുപോകാൻ ആക്‌ഷൻ കൗൺസിൽ പൂർണപിന്തുണ അറിയിച്ചു.
പദ്ധതി ചുരുക്കത്തിൽ
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ആദ്യഘട്ടം. മൊത്തം 465 കിലോമീറ്ററിൽ 20 കി.മീ. തുരങ്കപ്പാതയും ബാക്കി ആകാശപ്പാതയുമാണ്. തിരുവനന്തപുരം, കരിപ്പൂർ, നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് ബന്ധമുണ്ടാകും. ജനശതാബ്ദി ഈടാക്കുന്ന 780 രൂപതന്നെയാകും ഈടാക്കുക. എന്നാൽ 3.20 മണിക്കൂറുകൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്താം. 54,000 കോടി രൂപയാണ് ചെലവ്. പദ്ധതി അഞ്ചുവർഷംകൊണ്ട് പൂർത്തിയാകും.
പ്രധാന ഗുണങ്ങൾ
നിലവിലുള്ള തീവണ്ടികളുടെ സമയത്തിലും ദൂരത്തിലും സൗകര്യപ്രദമായ മാറ്റങ്ങൾ വരുത്താം.
അഞ്ചുലക്ഷംപേർ ഒരുദിവസം ഈ തീവണ്ടി ഉപയോഗിക്കുമെന്നാണു കണക്ക്. അതിനാൽ റോഡ് യാത്ര അത്രയും കുറയ്ക്കാം. പുറന്തള്ളുന്ന കാർബൺ കുറയ്ക്കാനാകും.
റോഡപകടങ്ങൾ കാര്യമായി കുറയ്ക്കാം.
സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക വഴി 33,000 കോടി രൂപയുടെ ഇന്ധന ഉപയോഗം കുറയ്ക്കാം.
തീവണ്ടിയിൽ കാറ്ററിങ് ഇല്ലാത്തതിനാൽ ശുചിത്വം ഉറപ്പാക്കാം.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനമുണ്ടാകും.
കോഴിക്കോട്-കൽപ്പറ്റ അരമണിക്കൂർ
രണ്ടാംഘട്ടത്തിൽ കോഴിക്കോട്ടുനിന്ന് കൽപ്പറ്റയിലേക്കുള്ള റൂട്ടിന് ഏറെ പ്രാധാന്യമുണ്ട്. വയനാട്ടിലേക്കും ആദ്യമായി തീവണ്ടിയെത്തും. ഈ 58 കി.മീ. മറികടക്കാൻ 30 മിനിറ്റ് മതിയാകും. പട്ടാമ്പി-പാലക്കാട് 50 കിലോമീറ്റർ 23 മിനിറ്റുകൊണ്ടെത്തും. കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്ക് 53 മിനിറ്റ് മതി.
Content Highlights: E. Sreedharan emphasizes public cooperation for field surveys and DPR preparation
Published: 10 Mar 2026, 07:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented