കൊച്ചി: പാതയോരത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്ന് ഹൈക്കോടതി. മന്നം ഷുഗര്‍ മില്ലിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന ഹര്‍ജിയിലാണ് നിര്‍ദേശം. പൊതുസ്ഥലങ്ങള്‍ കയ്യേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ല. അനധികൃത കൊടിമരങ്ങള്‍ സ്ഥാപിച്ചാല്‍ പത്ത് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 

സംസ്ഥാന-ദേശീയ പാതയോരങ്ങള്‍ കൈയ്യേറി രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും വ്യാപകമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരേ നേരത്തേയും ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. 

കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുയിടങ്ങളില്‍ കൊടിമരങ്ങളാണെന്നും ഇത് തടയണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. മന്നം ഷുഗര്‍ മില്ലിന്റെ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന തലത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഒരു നടപടി വേണമെന്ന നിര്‍ദ്ദേശം ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. 

പൊതുസ്ഥലങ്ങള്‍ കൈയേറി സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ കൊടി മരങ്ങള്‍ സ്ഥാപിക്കുകയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഇത് പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വരെ കാരണമാകുന്നു. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണ് ഇത് വഴി നടക്കുന്നത്. അത് കൊണ്ടുതന്നെ ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു.