കൊച്ചി/പാലക്കാട്: പിണക്കം മറന്ന് അച്ഛനും അമ്മയും ഒപ്പംവേണമെന്ന ആവശ്യവുമായി പാലക്കാട് കളക്ടറുടെ അടുത്തെത്തിയ കുട്ടികൾക്ക് തുണയേകാൻ ഹൈക്കോടതി. പാലക്കാട് തൃത്താല ആനക്കര സ്വദേശികളായ കുട്ടികളുടെ സങ്കടം പത്രവാർത്തയിലൂടെ അറിഞ്ഞ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, പാലക്കാട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.ഇ. സാലിഹിൽനിന്ന് അടിയന്തര റിപ്പോർട്ട് തേടി.

To advertise here,

‘അച്ഛനെയും അമ്മയെയും ഞങ്ങൾക്കുവേണം, കളക്ടർക്കുമുൻപിൽ കുരുന്നുകളെത്തി’ എന്ന ‘മാതൃഭൂമി’ വാർത്തയെത്തുടർന്നാണ് ഇടപെടൽ. പന്ത്രണ്ടും പത്തും എട്ടും വയസ്സുള്ള കുട്ടികളാണ് തിങ്കളാഴ്ച മുത്തച്ഛനോടൊപ്പം പാലക്കാട് കളക്ടർ എം.എസ്. മാധവിക്കുട്ടിയെ കാണാനെത്തിയത്. അച്ഛന്റെ സഹോദരിയുടെ മകളായ പന്ത്രണ്ടുവയസ്സുകാരിയും ഒപ്പമുണ്ടായിരുന്നു.

പാലക്കാട് ജില്ലയുടെ ചുമതലയുള്ള ജഡ്ജി എന്ന നിലയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പ്രശ്നത്തിൽ ഇടപെട്ടത്. ലീഗൽ സർവീസ് അതോറിറ്റി വഴി മാതാപിതാക്കളെ ഒരുമിപ്പിക്കാൻ സാധിക്കുമോ എന്നതാണ് കോടതി പരിശോധിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഹെൽപ്‌ലൈൻ കേസ് വർക്കർ ആനക്കരയിൽ കുട്ടികളുടെ വീട് സന്ദർശിച്ച് വിവരം ശേഖരിച്ചു.

കുട്ടികളുടെ അമ്മ വിദേശത്തും അച്ഛൻ നാട്ടിലുമാണ് ജോലിചെയ്യുന്നത്. ഇരുവർക്കുമിടയിലെ സ്വരച്ചേർച്ചയില്ലായ്മയാണ് കുട്ടികളെ പ്രയാസത്തിലാക്കിയത്. ഇപ്പോൾ അച്ഛന്റെ വീട്ടിലാണ് കുട്ടികൾ. കഴിഞ്ഞ ആഴ്ച അവധിക്കു നാട്ടിൽവന്ന അമ്മ കുട്ടികളോട് ഒപ്പംവരാൻ ആവശ്യപ്പെട്ടു. എന്നാൽ, അച്ഛനുംകൂടി വന്നാലേ വരൂ എന്നായി കുട്ടികൾ. അമ്മ ഇതംഗീകരിക്കാതിരുന്നതോടെയാണ് മുത്തച്ഛനെയുംകൂട്ടി കുട്ടികൾ കളക്ടറെ കാണാനെത്തിയത്.