തിരുവനന്തപുരം: ശക്തമായ മഴപെയ്യാനുള്ള സാധ്യതയുള്ളതിനാൽ പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം കണ്ണൂരിലും തിരുവനന്തപുരത്തുമായി കാണാതായ നാലുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മഴ കനത്ത സാഹചര്യത്തിൽ കാസർകോട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ 10 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ്, ഇരുട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (പ്രൊഫഷണൽ കോളേജുകൾ ഒഴികെ), വയനാട്ടിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധി ബാധകമാണ്. പ്രതികൂല കാലാവസ്ഥ മൂലം പത്താം തീയതി വരെയുള്ള പിഎസ്‌സിയുടെ എല്ലാ ഓൺലൈൻ പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്.

To advertise here,

വർക്കലയിൽ കുന്നിടിച്ചിൽ ഭീഷണി ശക്തമായ മഴയെ തുടർന്ന് വർക്കല പാപനാശം കുന്നുകളിൽ കുന്നിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും സഞ്ചാരികൾ അപകടകരമായ രീതിയിൽ സാഹസികത തുടരുന്നത് അധികൃതരെ വലയ്ക്കുന്നു. നിയന്ത്രണങ്ങൾ വകവയ്ക്കാതെ ഹെലിപ്പാട് ഭാഗത്തും കുന്നിന്റെ അഗ്രഭാഗങ്ങളിലും നിന്ന് സെൽഫിയും വീഡിയോയും എടുക്കുന്നത് വലിയ ദുരന്തത്തിന് വഴിവെച്ചേക്കാം. മതിയായ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്തത് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് തടസ്സമാകുന്നുണ്ട്.

കാലവർഷപ്പെയ്ത്ത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കിയ ആറന്മുള, റാന്നി ഉൾപ്പെടെയുള്ള ദുരന്ത ബാധിത മേഖലകളിൽ മുഖ്യമന്ത്രിയും വി.ഡി. സതീശനും ഇന്ന് സന്ദർശനം നടത്തും. ആറന്മുളയിൽ വെള്ളം സാവധാനം ഇറങ്ങിത്തുടങ്ങിയെങ്കിലും (കഴിഞ്ഞ രാത്രിയിൽ ഒരടിയോളം താഴ്ന്നു) ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല. മൂഴിയാർ ഡാം തുറന്നതിനാൽ വെള്ളം താഴുന്നതിന്റെ തോത് വളരെ കുറവാണ്. പല വീടുകളിലും രണ്ടാം നിലയുള്ളതിനാൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകാതെ അവിടെത്തന്നെ തുടരുന്നുണ്ട്. വെള്ളം താഴുന്നതിന്റെ തോത് കുറഞ്ഞുനിൽക്കുന്നതും ശക്തമായ മഴ പെയ്യാനുള്ള സാധ്യത നിലനിൽക്കുന്നതും ആറന്മുളയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

തിരുവല്ല മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തിരുമൂലപുരത്ത് സ്റ്റേറ്റ് ഹൈവേയിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പമ്പ, മണിമല, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് ഉയരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.