കൊച്ചി: അവിവാഹിതനായ ഒരാൾക്ക് ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ നിയമപരമായി എന്താണ് തെറ്റുള്ളതെന്ന് കേരള ഹൈക്കോടതി. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയസമ്മത പ്രകാരം അയാൾക്ക് എത്ര ബന്ധങ്ങളും ഉണ്ടാകാം, അതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഒന്നാം പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷ വിധി പറയാൻ കോടതി മാറ്റി.
നിലവിലെ കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം, രണ്ട് സ്ത്രീകൾ ഇയാൾക്കെതിരെ ബലാത്സംഗാരോപണങ്ങളുന്നയിച്ച് രണ്ട് പരാതികൾ കൂടി നൽകിയിട്ടുണ്ട്. ഇതൊരു ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചതോടെയാണ് കോടതി ചില പരാമർശങ്ങൾ നടത്തിയത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എഫ്‌ഐആറുകൾ മുൻകാല ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കാൻ ആകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
എല്ലാ കേസുകളും എഫ്‌ഐആർ ഘട്ടത്തിലാണല്ലേയെന്ന് ചോദിച്ച ഹൈക്കോടതി ഒരു കേസിൽ പോലും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. 'ഒരു അന്തിമ റിപ്പോർട്ട് പോലും സമർപ്പിച്ചിട്ടില്ല. എല്ലാം അന്വേഷണത്തിലാണ്. നിയമപരമായ നടപടിക്രമം അനുസരിച്ച് പരാതി രജിസ്റ്റർ ചെയ്യുന്നത് മാത്രം പോരാ. കുറഞ്ഞപക്ഷം അന്തിമ റിപ്പോർട്ടെങ്കിലും ഉണ്ടായിരിക്കണം' കോടതി പറഞ്ഞു.
ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു കുറ്റവാളിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഉഭയസമ്മതത്തോടെയാണ് താൻ ബന്ധത്തിലേർപ്പെട്ടത് എന്നതാണ് അയാളുടെ പ്രതിരോധമെന്നും വാദിച്ചു. ഒരാൾക്ക് ഉഭയസമ്മതത്തോടെ എത്ര ബന്ധങ്ങൾ വേണമെങ്കിലും സ്ഥാപിക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും ഇക്കാരണത്താൽ ജാമ്യം നിഷേധിക്കാനാകില്ലെന്നും കോടതി മറുപടി നൽകി.
'സമ്മതത്തോടെയുള്ള ബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായി അനുവദനീയമാണ്. എത്രവേണമെങ്കിലും സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ ഏർപ്പെടാൻ അയാൾക്ക് കഴിയും. അതിൽ എന്തു തെറ്റാണുള്ളത്? അയാൾ വിവാഹിതനല്ല. ധാർമ്മികമായി പോലും തെറ്റില്ല. ഇത് അനുവദനീയമാണ്...നിയമപരമായി, വിവാഹിതയായ ഒരാളുമായി പോലും സമ്മതത്തോടെയുള്ള ബന്ധം അനുവദനീയമാണ്. അപ്പോൾ പിന്നെ വിവാഹിതനല്ലാത്ത ഒരാൾക്ക് ഇത്രയധികം ആളുകളുമായി സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ ഏർപ്പെടുന്നതിൽ എന്തു തെറ്റാണുള്ളത്?' കോടതി ചോദിച്ചു.
വിശദമായ വാദം കേൾക്കലാണ് ഇന്ന് ഹൈക്കോടതിയിലുണ്ടായത്. കേസിലെ പരാതിക്കാർ കടുത്ത സൈബർ ഭീഷണികൾക്ക് വിധേയരായിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രാഹുൽ ഒരു സ്വാധീനമുള്ള വ്യക്തിയും എം.എൽ.എ.യും ആയതിനാൽ കേസിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ലൈംഗിക ബന്ധം പ്രഥമദൃഷ്ട്യാ പരസ്പര സമ്മതത്തോടെയാണെന്ന് വാക്കാലായി പറഞ്ഞ കോടതി അതേസമയം ഭീഷണിയടക്കമുള്ള കാര്യങ്ങൾ പ്രത്യേകമായി കാണണമെന്നും വ്യക്തമാക്കി.
തുടക്കത്തിൽ ബന്ധം സമ്മതത്തോടെയായിരുന്നുവെങ്കിലും പിന്നീട് ബലം പ്രയോഗിച്ചുവെന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ബലം പ്രയോഗിച്ചുള്ള ലൈംഗിക പീഡനം നടന്നുവെന്ന ആരോപണത്തിനിടയിലും, പരാതിക്കാരി രാഹുലിന്റെ കൂടെ പോയി താമസിച്ചതായും കോടതി എടുത്ത് പറഞ്ഞു.
പരാതിക്കാരിയുടെ നഗ്‌ന ചിത്രങ്ങൾ എടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ വാദത്തിനിടെ ചൂണ്ടിക്കാണിച്ചു. നഗ്‌ന വീഡിയോ കൈവശം വെക്കുന്നത് മറ്റൊരു കുറ്റമാണെന്നും അത് പ്രത്യേകം പരിഗണിക്കാമെന്നും കോടതി അറിയിച്ചു. രാഹുലിന്റെ നിർബന്ധത്താലാണ് ഗർഭച്ഛിദ്രം നടന്നതെന്നും വാട്‌സാപ്പ് സന്ദേശങ്ങളുടേയും മറ്റും പശ്ചാത്തലങ്ങൾ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റുകൾ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം മൂന്നാമത്തെ പരാതിയിൽ നേരത്തെ, പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. രണ്ടാമത്തെ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. ഒന്നാമത്തെ കേസാണിപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്.
Content Highlights: Kerala High Court questions legality of sexual relations for an unmarried man.
Published: 28 Jan 2026, 07:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented