കൊച്ചി: അന്താരാഷ്ട്രനിലവാരമുള്ള റോഡൊന്നും വേണ്ടാ, മനുഷ്യനെ കൊല്ലാത്ത റോഡുമതിയെന്ന് ഹൈക്കോടതി. അന്താരാഷ്ട്രനിലവാരമുള്ള റോഡൊന്നും നിര്‍മിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. കുഴികളില്‍വീണ് ഇനിയൊരു ജീവന്‍ നഷ്ടമാകരുത്. റോഡിലെ അപകടമരണങ്ങളില്‍ കേരളത്തെ നമ്പര്‍വണ്‍ ആക്കരുതെന്നുപറഞ്ഞ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ റോഡുകള്‍ സമഗ്ര ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് ഉത്തരവിട്ടു.

To advertise here,

റോഡുകളുടെ തകര്‍ച്ചയ്‌ക്കെതിരേ ഫയല്‍ചെയ്ത ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. എറണാകുളം നഗരത്തിലെ റോഡുകളുടെ ചുമതലയുള്ള എന്‍ജിനിയര്‍മാരെയും കോടതിയില്‍ വിളിച്ചുവരുത്തിയിരുന്നു. എറണാകുളത്തും തൃശ്ശൂരും വാഹനാപകടങ്ങളില്‍ യുവാക്കള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹര്‍ജികള്‍ പരിഗണിച്ചത്.

തകര്‍ച്ചയ്ക്ക് മഴയടക്കമുള്ള കാരണങ്ങള്‍ സര്‍ക്കാര്‍ നിരത്തിയെങ്കിലും കോടതി തള്ളി. കേരളത്തില്‍മാത്രമല്ല, ലോകത്തെല്ലായിടത്തും മഴയുണ്ട്. അവിടെയൊക്കെ റോഡുണ്ടെന്നും കോടതി പറഞ്ഞു. എന്‍ജിനിയര്‍മാര്‍ റോഡുകള്‍ പതിവായി പരിശോധിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. കുഴികള്‍ക്ക് എന്‍ജിനിയര്‍ ഉത്തരവാദിയാകണം-കോടതി പറഞ്ഞു.