
കൊച്ചി: പാതിവില തട്ടിപ്പിൽ റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ പ്രതിയാക്കിയതിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഡാലോചനയോ ഇടപെടലുകളോ നടന്നിട്ടുണ്ടോയെന്ന റിപ്പോർട്ട് തേടി പോലീസ് ആസ്ഥാനം. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ പരാതിയിലാണ് ജസ്റ്റിസ് രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയ്ക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിയ്ക്കും ഹൈക്കോടതി അഭിഭാഷകൻ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് റിപ്പോർട്ട് തേടിയിരിക്കുന്നത്.
കെ.എൻ. ആനന്ദ കുമാർ ഒന്നാം പ്രതിയും അനന്തു കൃഷ്ണൻ രണ്ടാം പ്രതിയും തട്ടിപ്പിനു മുഖ്യ പങ്കുവഹിച്ച നാഷനൽ എൻജിഒ കോൺഫെഡറേഷന്റെ രക്ഷാധികാരി എന്ന നിലയിൽ ജസ്റ്റിസ് രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയുമാക്കിയാണ് പെരിന്തൽമണ്ണ പോലീസ് കേസെടുത്തിരിക്കുന്നത്.
സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷനായി പ്രവർത്തിക്കുന്ന റിട്ടയേർഡ് ജഡ്ജിമാർക്കെതിരേ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് പരാതി ലഭിച്ചാൽ കൃത്യമായ പ്രാഥമിക പരിശോധന നടത്തി തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കേസുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. ആരോപണ വിധേയരായവരുടെ ഭാഗം കേൾക്കുകയും പരിശോധിക്കുകയും ചെയ്യണം. സിറ്റിംഗ് ജഡ്ജിമാരെ പോലെ റിട്ടയേഡ് ജഡ്ജിമാർക്കും ഇത്തരം പരിഗണന ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ പാതിവില തട്ടിപ്പ് കേസിൽ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർക്കെതിരേ പ്രാഥമിക അന്വേഷണമോ പരിശോധനകളോ നടത്താതെയാണ് കേസെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽഅദ്ദേഹത്തെ കേസിൽ പ്രതിചേർത്തതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഡാലോചന ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
അതേസമയം പാതിവില തട്ടിപ്പ് കേസിൽ ജസ്റ്റിസ് ജഡ്ജി സി.എൻ.രാമചന്ദ്രൻ നായർക്കെതിരേ കേസെടുത്തിൽ ഹൈക്കോടതി ആശങ്ക അറിയിച്ചു. ഒരു കൂട്ടം അഭിഭാഷകർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. ഭരണഘടനാ പദവിയിൽ ഉണ്ടായിരുന്ന ഒരാൾക്കെതിരേ കേസെടുത്തത് മനസിരുത്തി തന്നെയാണോ എന്ന് കോടതി ചോദിച്ചു. കേസെടുക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കുകയോ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്തിരുന്നുവോ എന്നും കോടതി ചോദിച്ചു. ഒരു വ്യക്തിയുടേതല്ല മറിച്ച് നിയമസംവിധാനത്തിന്റെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും കോടതി പറഞ്ഞു
ഹൈക്കോടതി അഭിഭാഷകനായ അഡ്വ.കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ആസ്ഥാനത്ത് നിന്നും റിപ്പോർട്ട് തേടിയത്.
Content Highlights: Rtd High Court Judge C.N.Ramachandran Nair implicated in half-price scam,HC expresses concern
Published: 18 Feb 2025, 06:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented