കൊച്ചി: സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികളടക്കം സ്ഥാപിച്ച അനധികൃത കൊടിതോരണങ്ങളും ബോര്‍ഡുകളും നീക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍ക്ക് രണ്ടാഴ്ച സമയമനുവദിച്ച് ഹൈക്കോടതി. ഇതിനുശേഷവും അനധികൃത ബോര്‍ഡുകളും കൊടികളുമുണ്ടെങ്കില്‍ സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്വമായിരിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവില്‍ വ്യക്തമാക്കി.

To advertise here,

അനധികൃത ബോര്‍ഡുകളുടെയും കൊടികളുടെയും കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെയും മേല്‍നോട്ടമുണ്ടാകണമെന്നും ആവശ്യമായ നടപടിസ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പുനടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പൊതു ഇടങ്ങളില്‍ അനധികൃത ബോര്‍ഡുകളും മറ്റും നിരോധിച്ച് മാര്‍ച്ച് 13-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിയമലംഘനങ്ങള്‍ തുടരുകയാണെന്നുകാണിച്ച് ആലുവ സ്വദേശി കെ.ടി. രാഹുല്‍ നല്‍കിയ റിവ്യൂ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയ തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെപേരില്‍ നടപടി സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശംനല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

നടപ്പാതകളിലും കൈവരികളിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെയടക്കം കൊടിതോരണങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്ന് അമിക്കസ്‌ക്യൂറി അഡ്വ. ഹരീഷ് വാസുദേവനും വിശദീകരിച്ചു. കോടതിനിര്‍ദേശങ്ങള്‍ രണ്ടുദിവസത്തിനകം എല്ലാ സെക്രട്ടറിമാരെയും ഇ-മെയില്‍ വഴി അറിയിക്കുമെന്ന് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ടി.എസ്. ശ്യാംപ്രസാദ് അറിയിച്ചത് കോടതി രേഖപ്പെടുത്തി.

അനധികൃത ബോര്‍ഡുകള്‍ നീക്കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരില്‍നിന്ന് പിഴയീടാക്കുന്നത് രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. വിഷയം ഡിസംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും.