കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് പണമിടപാടു കേസിൽ ഇ.ഡി. നൽകിയ റിപ്പോർട്ടിൽ മുൻമുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരേ ആദ്യംതന്നെ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യണോ അതോ പ്രാഥമികാന്വേഷണം വേണോ എന്നത് ഹൈക്കോടതി വീണ്ടും പരിഗണിക്കുമ്പോൾ മുന്നിലുള്ളത് നിയമപരമായ രണ്ടു സാധ്യതകൾ.

To advertise here,

പിണറായി അടക്കമുള്ളവരെ കേട്ട് വിഷയം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ സിംഗിൾബെഞ്ചിനോടു നിർദേശിക്കാം. അതല്ലെങ്കിൽ വിഷയം വിശദമായി പരിശോധിക്കാൻ ഡിവിഷൻ ബെഞ്ചിന് തീരുമാനമെടുക്കാം.

മുൻ മുഖ്യമന്ത്രിയടക്കമുള്ളവർ നൽകിയ അപ്പീലിൽ സിംഗിൾ ബെഞ്ച് തങ്ങളെ കേൾക്കാതെ എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് അന്വേഷിക്കാൻ വിജിലൻസിനോട് നിർദേശിച്ചത് തെറ്റാണെന്നും സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളെയും കേട്ട് തീരുമാനമെടുക്കാൻ സിംഗിൾബെഞ്ചിനോട് നിർദേശിക്കണമെന്ന വാദം പിണറായി വിജയൻ അടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിൽ ഉന്നയിക്കും.

പോലീസ് നേരിട്ട് എഫ്.ഐ.ആർ. രജിസ്റ്റർചെയ്യുമ്പോൾ പ്രതികളെ മുൻകൂർ കേൾക്കേണ്ടതില്ല. കോടതി ഉത്തരവിനെത്തുടർന്നാകുമ്പോൾ ആരോപണവിധേയരെയും കേൾക്കണം.

ഇ.ഡി. നൽകിയ റിപ്പോർട്ടിൽ പ്രാഥമികാന്വേഷണത്തിന് ഡി.ജി.പി. ഉത്തരവിട്ടതിനാൽ, അത് മറികടന്നൊരു നിർദേശം ആരോപണവിധേയരെ കേൾക്കാതെ കോടതിക്ക് നൽകാനാകില്ലെന്ന വാദം അപ്പീൽ പരിഗണിക്കുമ്പോൾ ഉന്നയിക്കാനാകും. കേസെടുക്കാൻ കാരണമായ ഏതെങ്കിലും പ്രത്യേക കുറ്റകൃത്യത്തെക്കുറിച്ച് പറയുന്നില്ലെന്ന വാദവും ഉന്നയിക്കുന്നുണ്ട്.

അത്തരം സാഹചര്യത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്തുള്ള അന്വേഷണം നിർബന്ധമല്ല. ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതിയും ഈ നിയമപ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചായിരുന്നു പിണറായി അടക്കമുള്ളവർ അപ്പീലിന് അനുമതി തേടി നൽകിയ ഹർജി പരിഗണിച്ചത്.