തിരുവനന്തപുരം: സിപിഐ ഉയർത്തിയ കടുത്ത എതിർപ്പ് തൃണവൽഗണിച്ചുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായുള്ള പിഎംശ്രീ പദ്ധതിയിൽ പങ്കാളിയാകാൻ തീരുമാനിച്ചതിന് പിന്നാലെ സിപിഎം-സിപിഐ ബന്ധം വഷളാകുന്നു. മന്ത്രിസഭയിലും എൽഡിഎഫിലും സിപിഐ ഈ വിഷയത്തിൽ കേരളത്തിൽ കടുത്ത നിലപാട് അറിയിച്ച അതേ ദിവസം തന്നെയാണ്‌ സർക്കാർ ഡൽഹിയിൽ കേന്ദ്രസർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്‌. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് ധാരണാപത്രം ഒപ്പിട്ടത്. 

To advertise here,

പദ്ധതി നടപ്പാക്കരുതെന്ന് ഒരുതവണ മന്ത്രിസഭാ യോഗത്തിൽ കടുത്ത എതിർപ്പുയർത്തിയതാണ് സിപിഐ. പിന്നീട് മന്ത്രിസഭാ യോഗത്തിൽ ചർച്ചപോലും ചെയ്യാതെ സർക്കാർ പദ്ധതി നടപ്പാക്കുകയായിരുന്നു. നീക്കം തിരിച്ചറിഞ്ഞ സിപിഐ, കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ അജണ്ട അല്ലാതിരുന്നിട്ടും മന്ത്രി കെ.രാജൻ ഇത് ഉന്നയിക്കുകയും എതിർപ്പ് അറിയിക്കുകയും ചെയ്തു. ധാരണാപത്രം ഒപ്പുവെച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞുകഴിഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് സിപിഐ അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സിപിഐ വിഷയത്തിൽ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചേക്കും.

തുടക്കംമുതൽ തങ്ങൾ ഉയർത്തിയ നിലപാട് തീർത്തും അവഗണിച്ച് സിപിഎം സ്വീകരിച്ചിരിക്കുന്ന ഏകപക്ഷീയ നിലപാട് സിപിഐയെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇടതുമുന്നണിയിൽ തങ്ങളുടെ നിലനിൽപ്പിനെ തന്നെ ചോദ്യംചെയ്യുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത് എന്നതാണ് സിപിഐയിൽ പൊതുവേ ഉയരുന്ന വികാരം. വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാതെ മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണ് സിപിഐയ്ക്ക് മുന്നിലുള്ളത്. തിരഞ്ഞെടുപ്പുകൾ മുന്നിൽനിൽക്കെ എന്ത് സമീപനമാകും സിപിഐ സ്വീകരിക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇരുട്ടിൽ നിർത്തിയെടുത്ത തീരുമാനത്തിൽ സിപിഐ ആകെ മുറിവേറ്റ നിലയിലാണ്. എന്ത് സിപിഐ എന്ന ഗോവിന്ദന്റെ പ്രയോഗം പോലും സിപിഐ നേതാക്കൾക്കിടയിൽ ചർച്ചയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിച്ച സിപിഎമ്മിന് സിപിഐയുടെ കടുത്ത നിലപാടിനെ തുടർന്നാണ് രാജിവെപ്പിക്കേണ്ടി വന്നത്. മന്ത്രിസഭാ യോഗത്തിൽ നിന്ന് കാനത്തിന്റെ നിർദേശത്തിൽ സിപിഐ മന്ത്രിമാർ വിട്ടുനിന്നതോടെ സിപിഎം വഴങ്ങുകയായിരുന്നു അന്ന്

സിപിഐയ്ക്ക് കനത്ത പ്രഹരം, സിപിഎമ്മിന്‍റെ ചതി!

പിഎം ശ്രീയും ദേശീയ വിദ്യാഭ്യാസനയവും നടപ്പാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല എന്ന് സിപിഐ സംസ്ഥാന കൗൺസിൽ നിലപാടെടുത്തിരുന്നു. ഇതിനേത്തുടർന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി പലതവണ ഡൽഹിയിൽച്ചെന്ന് ആവലാതി അറിയിച്ചെങ്കിലും പിഎംശ്രീ എന്ന് ചേർക്കണമെന്ന കേന്ദ്ര വ്യവസ്ഥ കീറാമുട്ടിയായി നിന്നു. തുടർന്ന് സാങ്കേതികത്വം പറഞ്ഞ് കിട്ടേണ്ട പണം വേണ്ടെന്നുവയ്ക്കാനാവില്ലെന്ന് മന്ത്രി പ്രഖ്യാപനം നടത്തിയതോടെ പദ്ധതി വീണ്ടും പൊതുജനശ്രദ്ധയിൽ വന്നു. ഇതിനിടെ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കാനാവില്ലെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബിയും നിലപാട് കൈക്കൊണ്ടു. വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്നും സിപിഐയുടെ നിലപാടുകളെ അവഗണിക്കില്ലെന്നുംകൂടി അദ്ദേഹം പറഞ്ഞതോടെ സിപിഐക്ക് ആത്മവിശ്വാസമായി.

പിഎം ശ്രീ പദ്ധതിയിൽ സിപിഐയുടെ എതിർപ്പിനേപ്പറ്റിയുള്ള ചോദ്യത്തിന് ‘എന്ത് സിപിഐ’ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മറുചോദ്യം. മുന്നണി മര്യാദകൾ കണക്കിലെടുക്കാത്ത സിപിഎമ്മിന്‍റെ നിലപാടിനെതിരേ കടത്തു പ്രതിഷേധമാണ് സിപിഐയിൽനിന്ന് ഉയരുന്നത്. തൃശൂർ പൂരം കലക്കൽ, എം.ആർ.അജിത് കുമാർ വിവാദം അടക്കമുള്ള വിഷയങ്ങളിൽ സിപിഐ നിലപാടുകൾക്ക് യാതൊരു പരിഗണനയും മുന്നണിയിൽ ലഭിച്ചില്ലെന്ന ആരോപണം നിലനിൽക്കെയാണ് ഇപ്പോഴത്തെ വിഷയവും ഉയർന്നുവന്നിരിക്കുന്നത്.

സിപിഐ ഉയർത്തുന്ന പ്രതികൂല നിലപാടടക്കം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്ന ഇടതു മുന്നണി കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയും നൽകിയ ഉറപ്പ് കണക്കിലെടുത്ത് മുന്നോട്ടുപോയ സിപിഐയ്ക്ക് കനത്ത പ്രഹരമാണ് ഇപ്പോഴത്തെ സംഭവങ്ങൾ. എംഎ ബേബി അടക്കമുള്ളവർ വ്യത്യസ്ത നിലപാട് മാധ്യമങ്ങളോട് പറഞ്ഞപ്പോഴും ഡൽഹിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അടക്കമുള്ളവർ പദ്ധതിയിൽ ഒപ്പിടാനുള്ള സന്നാഹങ്ങൾ ഒരുക്കുകയായിരുന്നു. എന്നാൽ, ഇതൊന്നും പുറമേ കാണിക്കാതെയായിരുന്നു സിപിഎമ്മിന്‍റെ തന്ത്രപരമായ നീക്കം.

സിപിഐക്ക് മുന്നിലെന്ത്?

പദ്ധതി നടപ്പാക്കാനുള്ള തീരുമാനം മുന്നണി മര്യാദയുടെ ലംഘനമാണെന്ന് ബിനോയ് വിശ്വം പറഞ്ഞുകഴിഞ്ഞു. ഒരു വിഷയം നടപ്പാക്കരുതെന്ന് എൽഡിഎഫിലെ ഏറ്റവും പ്രധാന ഘടകകക്ഷി കർശനമായി താക്കീത് ചെയ്തിട്ടും സർക്കാർ അത് അവഗണിച്ചെന്നത് എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറയ്ക്കുതന്നെ വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. സിപിഐയെ ഒട്ടും പരിഗണിക്കാതെ എടുത്ത തീരുമാനത്തിന്, അതേവിധം ഒരു മറുപടി നൽകേണ്ടത് സിപിഐയെ സംബന്ധിച്ച് അത്യാവശ്യവും അഭിമാനപ്രശ്‌നവുമാണ്.

ഇതുപോലൊരു അപമാനം സിപിഐക്ക് മുന്നണിയിൽനിന്ന് അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല. പാർട്ടി ഇനിയെന്ത് നിലപാട് സ്വീകരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മന്ത്രിമാരെ പിൻവലിക്കലും മന്ത്രിസഭാ യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കലും അടക്കമുള്ള നിലപാടുകൾ സിപിഐയ്ക്ക് സ്വീകരിക്കാനാകും. മറിച്ച് മുന്നണി വിടുന്നതുപോലുള്ള കടുത്ത നിലപാടിലേക്ക് സിപിഐ പോകുമോ എന്ന ആകാംക്ഷയും നിലനിൽക്കുന്നുണ്ട്‌. പ്രതിഷേധമെന്ന നിലയിൽ മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കലോ മന്ത്രിമാരെ പിൻവലിക്കൽ അടക്കമുള്ള നടപടികളും പാർട്ടി നേതൃത്വം ആലോചിക്കുന്നതായാണ് സൂചനകൾ. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കടുംകൈയ്ക്ക് സിപിഐ മുതിരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്‌

  എന്തുകൊണ്ട് എതിർപ്പ്?

ദേശീയ വിദ്യാഭ്യാസ നയത്തോട് ചേർന്നുനിൽക്കില്ലെന്ന നിലപാടാണ് തുടക്കത്തിൽ സിപിഎമ്മും സ്വീകരിച്ചിരുന്നത്. എന്നാൽ, കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട ഫണ്ടിന്‍റെ പേരിൽ ഈ നിലപാടിൽ വെള്ളംചേർക്കുന്നതിനെതിരേ ആണ് സിപിഐ ശക്തമായി രംഗത്തെത്തിയത്. ഏതാനും ലക്ഷങ്ങളുടെ പേരിൽ ആശയപരമായ വിട്ടുവീഴ്ച പാടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞപ്പോൾ, 1,466 കോടി രൂപ എന്തിന് വെറുതേ കളയണം എന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചോദിച്ചത്.

പിഎംശ്രീ സ്‌കൂൾ എന്നത് 2020-ലെ കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ്.  14,500-ലധികം സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തി വികസിപ്പിക്കുക എന്നതാണ് ഈ സംരംഭംകൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമാകുന്ന സ്‌കൂളുകളുടെ പേരിന് മുൻപായി പിഎംശ്രീ എന്ന് ചേർക്കണമെന്ന നിബന്ധന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ചിരുന്നു. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ എതിർപ്പുയർത്തുകയായിരുന്നു.

ദേശീയ വിദ്യാഭ്യാസത്തിന്റെ മറവിൽ കാവിവത്കരണമാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉയർത്തിയ ആശങ്ക. പിഎംശ്രീ എന്ന് ചേർക്കില്ലെന്ന് പശ്ചിമബംഗാളും തമിഴ്നാടും തറപ്പിച്ചു പറഞ്ഞു. ഇരുസംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിൽ വർഗീയവത്കരണം പ്രോത്സാഹിപ്പിക്കുകയാണെന്നാണ് അന്ന് കേരളത്തിലെ ഇടതുപക്ഷവും നിലപാട് സ്വീകരിച്ചത്. സിപിഐ കുറെക്കൂടി ശക്തമായ എതിർസ്വരമുയർത്തിയതോടെ പിഎംശ്രീയിൽ ചേരുന്നില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതോടെ വിദ്യാഭ്യാസരംഗത്ത് ലഭിക്കേണ്ട പല കേന്ദ്ര ഫണ്ടുകളും കേരളത്തിന് ലഭിക്കാതാകുകയായിരുന്നു.