
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്ക് നൽകാനുള്ളത് ഒരു ലക്ഷം കോടിയോളം രൂപയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്രയും പണം പിടിച്ചുവച്ചിട്ടും സർക്കാരിന്റെ സാമ്പത്തിക സ്ഥിതി അതിദയനീയം. മുഖ്യമന്ത്രിക്കു വേണ്ടി വാഴ്ത്തു പാട്ട് എഴുതിയ സർവീസ് സംഘടനയ്ക്കു തന്നെ വിലാപകാവ്യവും എഴുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
"അടിയന്തര പ്രമേയ നോട്ടീസിനുള്ള കൃത്യമായ മറുപടിയല്ല ധനകാര്യ മന്ത്രി പറഞ്ഞത്. യഥാർത്ഥ വിഷയത്തിലേക്ക് വരാതെ വേറെ കാര്യങ്ങൾ പറഞ്ഞ് അദ്ദേഹം വിഷയം മാറ്റിവച്ചു.
ക്ഷാമബത്ത കുടിശിക 35000 കോടി രൂപയാണ്. അഞ്ച് വർഷത്തെ ലീവ് സറണ്ടർ 24500 കോടിയാണ്. 5500 കോടി രൂപയാണ് പേ റിവിഷൻ കുടിശിക. 65000 കോടി രൂപയാണ് ജീവനക്കാർക്ക് നൽകാനുള്ളത്. കൂടാതെ ശമ്പള പരിഷ്‌ക്കരണത്തിലെ സർവീസ് വെയിറ്റേജ് എടുത്തു കളഞ്ഞു. ഇതിലൂടെ സർക്കാരിന് കൂടുതൽ ലാഭമുണ്ടായി. ഇതു കൂടാതെ സിറ്റി കോംപൻസേറ്ററി അലവൻസ് ഉൾപ്പെടെയുള്ളവയും എടുത്തു കളഞ്ഞു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൊടുക്കാതെ എടുത്തു കളഞ്ഞതും കൊടുക്കാതെ കയ്യിൽ വച്ചിരിക്കുന്നതുമായി ഏകദേശം ഒരു ലക്ഷം കോടി രൂപയുണ്ട്. ഒരു ലക്ഷം കോടി കൊടുത്തിരുന്നുവെങ്കിൽ ശമ്പളം കൊടുക്കാൻ പറ്റില്ലായിരുന്നു. ഇത്രയും പണം കൈയ്യിൽ കിട്ടിയിട്ടും സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ദയനീയമാണ്.
103 മാസമായി തുടരുന്ന ഈ ഭരണത്തിൽ ആറു മാസമായി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകിയിട്ടില്ല. 2.18ലക്ഷം രൂപ മുതൽ 25.09 ലക്ഷം രൂപ വരെയാണ് ഒരാൾക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. 2024-ൽ ശമ്പളം മുടങ്ങി. ക്ഷാമബത്ത 1.77 ലക്ഷം മുതൽ 12.83ലക്ഷം രൂപ വരെയാണ് പിടിച്ചു വച്ചിരിക്കുന്നത്. 19 ശതമാനം വരുന്ന ആറ് ഗഡു ഡി.എയായാണ് കുടിശ്ശിക. അടുത്ത ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കേണ്ട സമയം കഴിഞ്ഞിട്ടും അതേക്കുറിച്ച് മന്ത്രി ഒന്നും മിണ്ടിയില്ല. ശമ്പള കമ്മിഷനെ വയ്ക്കുമെന്ന വാക്ക് പോലും ധനകാര്യമന്ത്രി പറഞ്ഞില്ല.
മെഡിസെപ്പിനെ കുറിച്ച് പ്രതിപക്ഷം നയം വ്യക്തമാക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. നേരത്തെയുണ്ടായിരുന്ന റീ ഇംപേഴ്‌സ്‌മെന്റിന് പകരമായാണ് നിങ്ങൾ മെഡിസെപ്പ് കൊണ്ടുവന്നത്. 240 കോടിയോളം രൂപ ബജറ്റിൽ വകയിരുത്തിയിരുന്നത് ഒഴിവാക്കി. എന്നിട്ട് 5664 കോടി രൂപ ഇൻഷുറൻസ് കമ്പനിക്ക് കൊടുക്കേണ്ട സ്ഥാനത്ത് 6000 കോടി രൂപയാണ് ജീവനക്കാരിൽ നിന്ന് ഈടാക്കുന്നത്. ഈ ഇനത്തിൽ 40 കോടി രൂപയാണ് സർക്കാർ അടിച്ചുമാറ്റിയത്. ജി.എസ്.ടി ഇനത്തിലും 42 കോടി രൂപ വേറെ അടിച്ചുമാറ്റി.
ഫലത്തിൽ മെഡിസെപ്പിൽ നിന്ന് 322 കോടി രൂപ സർക്കാരിന് നേട്ടമുണ്ടാകും. മെഡിസെപ്പ് ആശുപത്രിയുടെ പാനൽ നോക്കിയാൽ സർക്കാർ ജീവനക്കാർ മുഴുവൻ നേത്രരോഗികളാണോയെന്ന് തോന്നിപ്പോകും. പട്ടികയിലുള്ള വലിയ ആശുപത്രികളിലെ പ്രധാനപ്പെട്ട ഡിപ്പാർട്‌മെന്റുകളില്ല. എത്രയോ ജീവനക്കാരും പെൻഷൻകാരുമാണ് ബില്ലിന്റെ പത്തിലൊന്നു പോലും ലഭിക്കാതെ വേറെ പണം അടച്ച് ഇറങ്ങിപ്പോകുന്നത്.
സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണ്. 200 മുതൽ 300 ശതമാനം വരെയാണ് വില വർധനവ്. ആ വിലവർധനവിനെ നേരിടാനാണ് ഡി.എ നൽകുന്നത്. ആ പണമാണ് സർക്കാർ നിഷേധിച്ചിരിക്കുന്നത്. ഇത് സർക്കാർ ജീവനക്കാരോടുള്ള അവഗണനയാണ്. എപ്പോൾ നൽകുമെന്നത് സംബന്ധിച്ച ഒരു ഉറപ്പും സർക്കാർ നൽകുന്നില്ല. അപകടകരമായ നിലയിലേക്കാണ് പോകുന്നത്".
പഴയ രാജകൊട്ടാരങ്ങളിൽ മന്നവേന്ദ്രാ വിളങ്ങുന്ന ചന്ദ്രനെ പോലെ നിൻ മുഖം എന്ന് പാടിയ വിദൂഷകരുണ്ടായിരുന്നു. മുഖ്യമന്ത്രി ഇതിലൊന്നും വീഴരുത്. അങ്ങനെ പറ്റിക്കാൻ ഇവരെല്ലാം വാഴ്ത്ത് പാട്ടുമായി വരുകയാണ്. അവർ തന്നെ വിലാപകാവ്യം രചിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.
Content Highlights: Kerala Govt Owes ₹1 Lakh Cr to Employees, VD Satheesan
Published: 22 Jan 2025, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented