തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനം. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടമായതടക്കമുള്ള വിഷയങ്ങള്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ പരിശോധിക്കും. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. മുനമ്പം പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.

To advertise here,

ആരെയും കുടിയൊഴിപ്പിക്കാതെ തന്നെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഭൂമിയില്‍ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.അവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശം സര്‍ക്കാര്‍ സംരക്ഷിക്കും. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോര്‍ഡ് നടപടികള്‍ സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അവര്‍ അത് അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡ് പുതിയ നോട്ടിസ് നല്‍കില്ലെന്നും നല്‍കിയ നോട്ടിസുകളില്‍ തുടര്‍നടപടിയുണ്ടാകില്ലെന്നും സമരം പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. കമ്മീഷന്‍ നടപടികള്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേ സമയം ജുഡീഷ്യൽ കമ്മീഷനെ വെക്കാനുള്ള നീക്കത്തില്‍ നിരാശയെന്ന് പറഞ്ഞ് സമരസമിതി പ്രതിഷേധിച്ചു. തര്‍ക്കപരിഹാരം വീണ്ടും നീണ്ടുപോവാനാണ് സാധ്യത, സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. 

സിദ്ദിഖ് സേഠ് ഫാറൂഖ് കോളേജിന് ദാനമായി നല്‍കിയ 404 ഏക്കര്‍ ഭൂമിയുടെ പേരിലാണ് മുനമ്പത്തെ തര്‍ക്കം. ഭൂമി വഖഫ് സ്വത്തായി 2019-ല്‍ വഖഫ് ബോര്‍ഡ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വിദ്യാഭ്യാസ ആവശ്യത്തിനു നല്‍കിയ ഭൂമി അതിനായി ഉപയോഗിച്ചില്ലെന്നും അതിനാല്‍ വഖഫിന്റെ വസ്തുവല്ലെന്നും പ്രതിഷേധക്കാര്‍ വാദിക്കുന്നു. താമസിക്കുന്ന ഭൂമി വില കൊടുത്തു വാങ്ങിയതാണെന്നും നികുതി അടച്ചിരുന്നുവെന്നും അവര്‍ പറയുന്നു.റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍ സമരം ആരംഭിച്ചിരുന്നു. സമരം 41 ദിവസം പിന്നിട്ടപ്പോഴാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള നിര്‍ണായക നീക്കം.