തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെപ്പറ്റി തെളിവുസഹിതം വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികത്തുക ഉയര്‍ത്തി. ഇനിമുതല്‍ ചുമത്തുന്ന പിഴയുടെ നാലിലൊന്ന് നല്‍കാന്‍ തദ്ദേശവകുപ്പ് തീരുമാനിച്ചു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റം അറിയിക്കുന്നതില്‍ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കാനാണിത്.
വിവരം നല്‍കുന്നവര്‍ക്ക് ഇതുവരെ 2500 രൂപയായിരുന്നു നല്‍കിയിരുന്നത്. ഗുരുതരമായ കുറ്റകൃത്യം അറിയിക്കുന്നവര്‍ക്ക് ഉയര്‍ന്ന പാരിതോഷികം നല്‍കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. വിവരം അറിയിക്കുന്നവര്‍ക്ക് തുക കിട്ടുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശിച്ചു.
ഹരിതകര്‍മസേനാംഗങ്ങള്‍, എന്‍എസ്എസ് വൊളന്റിയര്‍മാര്‍, എസ്പിസി കേഡറ്റുകള്‍, കോളേജ് വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാവിഭാഗത്തെയും നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാക്കും. സിംഗിള്‍ വാട്‌സാപ്പ് നമ്പറായ 9446700800ല്‍ കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ട്. പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമും സജ്ജമാക്കി.
മാലിന്യം വലിച്ചെറിയുന്നതും പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം സംബന്ധിച്ചുമുള്ള 8674 പരാതികളാണ് ഇതുവരെ ലഭിച്ചത്. കൃത്യവിവരമുള്ള 5361 പരാതികള്‍ സ്വീകരിച്ചു. ഇതില്‍ 4525 എണ്ണത്തിലും മാലിന്യം നീക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചു(84.41%). 439 പരാതികളില്‍ 33.5 ലക്ഷം രൂപ പിഴ ചുമത്തി. 31 പേര്‍ക്കെതിരേ നിയമനടപടികളും തുടങ്ങി. ഏറ്റവുമധികം പരാതികള്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്. കുറവ് വയനാടും.
മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താല്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിലവില്‍ അയ്യായിരം രൂപവരെയാണ് പിഴ. മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിയാല്‍ അയ്യായിരംമുതല്‍ അന്‍പതിനായിരം രൂപവരെയാണ് പിഴ. മാലിന്യമോ ചവറോ വിസര്‍ജ്യവസ്തുക്കളോ ജലാശയങ്ങളില്‍ നിക്ഷേപിച്ചാല്‍ പതിനായിരം മുതല്‍ അന്‍പതിനായിരം രൂപവരെ പിഴയും ആറുമാസംമുതല്‍ ഒരു വര്‍ഷംവരെ തടവും ലഭിക്കും.
നിരോധിത പ്ലാസ്റ്റിക് വിറ്റാല്‍ പതിനായിരംമുതല്‍ അന്‍പതിനായിരംവരെയാണ് പിഴ. മാലിന്യമോ വിസര്‍ജ്യവസ്തുവോ അനധികൃതമായി വാഹനങ്ങളില്‍ കടത്തിയാല്‍ വാഹനം പിടിച്ചെടുക്കലും കണ്ടുകെട്ടലും ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കും.
Content Highlights: kerala government increased reward payment for reporting throwing waste in public places tvm
Published: 14 Jun 2025, 08:04 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented