തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സംസ്ഥാനസർക്കാർ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾക്കിറങ്ങുന്നു. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ രണ്ടുതരത്തിലുള്ള പ്രചാരണത്തിലൂടെ സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വികസനനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. തദ്ദേശവകുപ്പിനാണ് പ്രചാരണത്തിന്റെ ഏകോപനച്ചുമതല. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരുദിവസം വികസന സദസ്സ് നടത്തും. വിവിധ തുറകളിൽപ്പെട്ട 500 ഓളം പേരെ പങ്കെടുപ്പിക്കും.
സംസ്ഥാനം ആർജിച്ച നേട്ടങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും ഭാവി വികസനത്തിനുവേണ്ട പൊതുജനാഭിപ്രായ രൂപവത്കരണവുമാണ് ലക്ഷ്യമായി പറയുന്നതെങ്കിലും ഫലത്തിൽ തിരഞ്ഞെടുപ്പിനു മുൻപുള്ള സർക്കാരിന്റെ പ്രചാരണമാണിത്.
സർക്കാരിന്റെ നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനുള്ള റിസോഴ്‌സ് പേഴ്‌സണെ പിആർഡിയിൽനിന്ന് നൽകും. സംസ്ഥാനതല വീഡിയോയും ലഭ്യമാക്കും. തുടർന്ന് തദ്ദേശസ്ഥാപനത്തിലെ നേട്ടങ്ങൾ വിശദീകരിക്കുന്ന സെഷനുണ്ടാകും. ജനങ്ങളുടെ പ്രതികരണവും വികസനനിർദേശങ്ങളും സ്വീകരിക്കും. മുഖ്യമന്ത്രി, തദ്ദേശമന്ത്രി, ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്നിവരുടെ പ്രസംഗം വീഡിയോയിലൂടെ കേൾപ്പിക്കും.
ജില്ലകളിൽ 30 വകുപ്പുകളുടെ സെമിനാർ
:വികസന സദസ്സിന്റെ തുടർച്ചയായി എല്ലാ ജില്ലകളിലും 30 ഓളം വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വികസന സെമിനാറുകൾ സംഘടിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ജനങ്ങളിലേക്കിറങ്ങും. സെമിനാറുകൾക്ക് മന്ത്രിമാരെല്ലാം എത്തുംവിധമാണ് ക്രമീകരണം.
സർക്കാർ തലത്തിലുള്ള രാഷ്ട്രീയ പ്രചാരണം എന്ന വിമർശനം ഉയരാമെന്നതിനാൽ സംസ്ഥാന രൂപവത്കരണത്തിന് 75 വർഷമാകുന്ന 2031-ൽ നടപ്പാക്കേണ്ട വികസന കാഴ്ചപ്പാട് രൂപവത്കരിക്കാനുള്ള സെമിനാർ എന്ന പേരിലാണ് നടത്തുന്നത്.
Content Highlights: Kerala Government Launches Statewide Outreach Campaign Highlighting Development Initiatives
Published: 16 Aug 2025, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented