തിരുവനന്തപുരം: സംസ്ഥാനപാതകളിലും ടോള്‍പിരിവ് നടത്തി വരുമാനമുണ്ടാക്കാനുള്ള വഴിതേടി സംസ്ഥാന സര്‍ക്കാര്‍. കിഫ്ബിയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന 50 കോടിരൂപയോ അതിനു മുകളിലോ മുതല്‍മുടക്കുള്ള പാതകളിലായിരിക്കും ടോള്‍ ഏര്‍പ്പെടുത്തുക. ഇതുസംബന്ധിച്ച നിയമനടപടികളുമായി മുന്നോട്ടുപോവാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം കിഫ്ബിക്ക് അനുമതി നല്‍കി.

To advertise here,

റോഡ് ഉള്‍പ്പെടെയുള്ള പശ്ചാത്തലവികസനപദ്ധതികളില്‍നിന്ന് വരുമാനമുണ്ടാക്കാനുള്ള സാധ്യതാപഠനം നടത്തിവരുകയാണ് കിഫ്ബി. റിപ്പോര്‍ട്ട് വൈകാതെ സര്‍ക്കാരിന് സമര്‍പ്പിക്കും. ദേശീയപാതകളില്‍ ടോള്‍ ഈടാക്കുന്ന ദേശീയപാതാ അതോറിറ്റിയുടെ അതേ മാതൃകയിലാണ് സംസ്ഥാനപാതകളില്‍നിന്ന് വരുമാനമുണ്ടാക്കാനുള്ള കിഫ്ബിയുടെ നീക്കം.

നിലവില്‍ 1117 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള 500 റോഡുകളില്‍ 30 ശതമാനം പദ്ധതികള്‍ 50 കോടിക്കുമുകളില്‍ മുതല്‍മുടക്കുള്ളതാണ്. ഇതില്‍നിന്ന് വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഈ റോഡുകളിലെല്ലാം ടോള്‍ ഈടാക്കിത്തുടങ്ങും.

വന്‍തോതില്‍ വായ്പയെടുത്താണ് കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നത്. ഈ വായ്പ കേന്ദ്രം കടപരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ, കിഫ്ബി പദ്ധതികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ പണംമുടക്കേണ്ട സ്ഥിതിയായി. ഈ സാഹചര്യത്തിലാണ് ടോള്‍പിരിവിനുള്ള നീക്കം. പശ്ചാത്തല വികസനപദ്ധതികള്‍വഴി വരുമാനമുണ്ടാക്കാന്‍ കിഫ്ബി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

കിഫ്ബിവായ്പ കേന്ദ്രം കടപരിധിയില്‍ ഉള്‍പ്പെടുത്തിയപ്പോഴും സമാനമായി വായ്പയെടുത്തുനിര്‍മിക്കുന്ന ദേശീയപാതയില്‍ ടോള്‍ പിരിക്കുന്നുണ്ട്. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും കിഫ്ബി കെട്ടിടം നിര്‍മിച്ചു നല്‍കുന്നുണ്ടെങ്കിലും അതില്‍നിന്ന് വരുമാനമുണ്ടാക്കാന്‍ വഴിയില്ല. അതിനാലാണ്, ദേശീയപാതകളിലേതുപോലെ, സംസ്ഥാനപാതകളില്‍ ടോള്‍ ഈടാക്കാനുള്ള കിഫ്ബിയുടെ പദ്ധതി. പുതിയ ധനസമാഹരണമാര്‍ഗം ബജറ്റില്‍ പ്രഖ്യാപിക്കുമോയെന്ന് വ്യക്തമല്ല.

തിരുത്തുന്നത് ജി. സുധാകരനെ

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്തുമന്ത്രിയായിരുന്ന ജി. സുധാകരന്‍ സംസ്ഥാനത്ത് ടോള്‍പിരിവ് വേണ്ടെന്നു തീരുമാനിച്ചിരുന്നു. അതിലാണ് ഇപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പുനഃപരിശോധന. കേന്ദ്ര അവഗണനയ്ക്കുപിന്നാലെ, സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണിത്. ടോളിനോട് എതിര്‍പ്പുള്ള സി.പി.എം. നയത്തില്‍ക്കൂടിയാണ് ഇപ്പോഴത്തെ പുനഃപരിശോധന.

ടോള്‍ ഗേറ്റില്ല; പകരം, ക്യാമറ

ദേശീയപാതകളിലേതുപോലെ ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ച് ടോള്‍ ഈടാക്കുന്ന രീതി കിഫ്ബി പാതകളിലുണ്ടാവില്ല. പകരം, പ്രത്യേകം ക്യാമറകള്‍ സ്ഥാപിക്കും. ഫാസ്ടാഗ് പോലെ ടോള്‍ ഈടാക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കും.

പണമുണ്ടാക്കുന്ന പദ്ധതികള്‍ വേണ്ടിവരും -ധനമന്ത്രി

പദ്ധതികള്‍വഴി പണമുണ്ടാക്കാമെന്ന് കിഫ്ബിയുടെ നിയമത്തില്‍ പറയുന്നുണ്ട്. ഇപ്പോഴൊന്നും തീരുമാനിച്ചിട്ടില്ല. എന്നാല്‍, അത്തരം പദ്ധതിമാതൃകകള്‍ കിഫ്ബി തയ്യാറാക്കുന്നുണ്ട്. വരുമാനമുണ്ടാക്കുന്ന പദ്ധതികള്‍ ഭാവിയില്‍ നടപ്പാക്കേണ്ടിവരും കെ.എന്‍. ബാലഗോപാല്‍, ധനമന്ത്രി