കോട്ടയം: സ്വന്തമായി ഇന്റലിജൻസ് വിഭാഗവും ഫ്ലയിങ് സ്ക്വാഡെന്ന വിളിപ്പേരിൽ വിജിലൻസ് സംവിധാനവും സ്ലീപ്പർ സെല്ലും ഉൾപ്പെടെ രഹസ്യവിവര ശേഖരണത്തിനും പരിശോധനയ്ക്കും വിപുലമായ സംവിധാനമുണ്ടായിട്ടും വകുപ്പിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിൽ വനം ഇന്റലിജൻസും വിജിലൻസും പരാജയം. വനംവകുപ്പിന്റെ സ്വന്തം സംവിധാനങ്ങളുടെ ‘ശ്രദ്ധയിൽപ്പെടാതെ’പോകുന്ന അഴിമതിയും ക്രമക്കേടുകളും പോലീസ് വിജിലൻസിന്റെ അപ്രതീക്ഷിത പരിശോധനകളിലാണ് അടുത്തിടെ പുറത്തുവന്നത്.
ചന്ദനം, ആനക്കൊമ്പ്, ഇരുതലമൂരി, വെള്ളിമൂങ്ങ, പുലിത്തോല്, തിമിംഗല വിസർജ്യം മുതലായവ പിടിക്കുന്നതിൽ ജാഗ്രത പുലർത്തുന്ന ഇന്റലിജൻസ് വിഭാഗത്തിന് കേസ് രജിസ്റ്റർചെയ്ത് തുടർനടപടി സ്വീകരിക്കാൻ അധികാരമില്ല. ഇത്തരം കേസുകൾ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറും. അന്തഃസംസ്ഥാന ബന്ധമുള്ള ഇത്തരം കേസുകളുടെ തുടർനടപടികളിൽ ഗുരുതരമായ വീഴ്ചയാണ് പിന്നീടുണ്ടാകുന്നത്. പ്രധാനകണ്ണികളെ കണ്ടെത്തുമെന്ന പ്രഖ്യാപനത്തോടെ എല്ലാം അവസാനിക്കും.
പോലീസ് വിജിലൻസ് വിവിധ വനം ഓഫീസുകളിൽ ‘ജങ്കിൾ സഫാരി’ എന്നപേരിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ വന വികാസ ഏജൻസികൾ, വനസംരക്ഷണ സമിതികൾ, ഇക്കോ ഷോപ്പുകൾ, വനത്തിലെ നിർമാണം, വിവിധ വനംപദ്ധതികൾ എന്നിവയിൽ ഉന്നത വനം ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ അഴിമതിയും ക്രമക്കേടുകളും പുറത്തുവന്നു. ഇവയൊന്നും വനം ഇന്റലിജൻസ്, വിജിലൻസ് വിഭാഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നവയല്ല. പോലീസ് വിജിലൻസിന് ലഭിക്കുന്ന പരാതികളിൽ പലതും ആദ്യം വനം ഇന്റലിജൻസിനോ വിജിലൻസിനോ കിട്ടുമെങ്കിലും ഇവ മിക്കപ്പോഴും പൂഴ്ത്തുകയാണ് ചെയ്യുന്നത്. രഹസ്യവിവരം കൈമാറിയവരുടെ പേരുകൾപോലും വെളിപ്പെടുത്തിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു.
വനത്തിനുള്ളിൽ നടക്കുന്ന നിർമാണങ്ങൾക്ക് ഓരോവർഷവും കോടിക്കണക്കിന് രൂപയാണ് ബിൽ. ഇതിന്റെ മൂന്നിലൊരുഭാഗം പോലും ചെലവിടുന്നില്ല എന്നതാണ് യാഥാർഥ്യം. അഴിമതി നടത്തുകയോ അതിന് കൂട്ടുനിൽക്കുകയോ ചെയ്ത ജീവനക്കാർക്കെതിരേ വനം വിജിലൻസ് നടപടിയെടുത്താൽതന്നെയും സർക്കാരിന് നഷ്ടമുണ്ടായില്ലെന്നും മറ്റും പറഞ്ഞ് അവരെ കുറ്റവിമുക്തരാക്കും. ഇടതുസർക്കാരിന്റെ അവസാനകാലത്ത് ഇത്തരത്തിൽ ഒട്ടേറെ കേസുകളിലാണ് ജീവനക്കാരെ കുറ്റവിമുക്തരാക്കിയത്.
നിലവിലുള്ള ഇന്റലിജൻസ്, വിജിലൻസ് സംവിധാനം പോരായ്മകൾ പരിഹരിച്ച് പ്രവർത്തിച്ചാൽതന്നെ കുറ്റകൃത്യങ്ങൾ കണ്ടെത്താനാകും. അതിന് ശ്രമിക്കാതെയാണ് സ്ഥിരം ജീവനക്കാരെയെല്ലാം രഹസ്യവിവരശേഖരണത്തിന് ചുമതലപ്പെടുത്തുന്നത്.
Content Highlights: Forest intelligence and vigilance units failed to detect major departmental irregularities., Police vigilance exposed corruption during 'Jungle Safari' inspections in forest offices., Cases involving wildlife trafficking and funds are often mishandled or suppressed., Corrupt officials are frequently acquitted under the pretext of no financial loss to the government.
Published: 14 Aug 2026, 07:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented