തിരുവനന്തപുരം: വലിയ വിവാദങ്ങള്‍ക്കൊടുവില്‍ വനംനിയമ ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയിരിക്കുകയാണ്. ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന വനം നിയമ ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

To advertise here,

ജനങ്ങളുടെ ആശങ്ക സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നു എന്നതിനപ്പുറം പി.വി അന്‍വറിനും യുഡിഎഫിനും ഇത് രാഷ്ട്രീയ നേട്ടമാകാതിരിക്കാനുള്ള ജാഗ്രതയും യുടേണിലൂടെ സര്‍ക്കാര്‍ കാണുന്നുണ്ട്. മുന്‍ നിലമ്പൂര്‍ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററുമായ പി.വി. അന്‍വര്‍ രാജി പ്രഖ്യാപിച്ച് ഏറ്റെടുത്ത വിഷയം വനനിയമ ഭേദഗതിയും വന്യമൃഗ ആക്രമണവുമാണ്. പ്രതിപക്ഷനേതവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് മലയോര സമര പ്രചാരണ ജാഥയുടെ തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാരിന്റെ തന്ത്രപരമായ പിന്‍മാറ്റം. വനം നിയമ ഭേദഗതിക്കെതിരായ വിവിധ ക്രിസ്ത്യന്‍ സഭകളുടെ നിലപാടും സര്‍ക്കാരിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചു. 

അന്‍വര്‍ ഫാക്ടര്‍

എല്‍.ഡി.എഫുമായി അകന്നശേഷം മുഖ്യധാരയില്‍ ഇല്ലാതിരുന്ന പി.വി. അന്‍വര്‍ 'റീ എന്‍ട്രി' നടത്തിയത് വന്യജീവി ആക്രമണമെന്ന വിഷയം ഉയര്‍ത്തിയാണ്. സ്വന്തം മണ്ഡലത്തിലെ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതിഷേധം നയിക്കുകയും പിന്നാലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതോടെ അദ്ദേഹം വീണ്ടും 'ലൈം ലൈറ്റില്‍' നിറഞ്ഞു. വന്യജീവി ആക്രമണമെന്ന വിഷയത്തിനൊപ്പം തുല്യപ്രാധാന്യത്തോടെ അന്‍വര്‍ വനം നിയമ ഭേദഗതിക്കെതിരെയും എല്ലായ്പ്പോഴും സംസാരിച്ചിരുന്നു.

അതിരൂക്ഷമായ ഭാഷയിലാണ് അന്‍വര്‍ സര്‍ക്കാരിനേയും വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനേയും വിമര്‍ശിച്ചത്. മലയോരമേഖലയില്‍ സ്വാധീനമുള്ള ക്രിസ്ത്യന്‍ വിഭാഗത്തെ ചേര്‍ത്തുപിടിച്ചുകൊണ്ടായിരുന്നു അന്‍വറിന്റെ പ്രതികരണം. നിലമ്പൂരിലെ വനംവകുപ്പ് ഓഫീസ് തകര്‍ത്ത കേസില്‍ ഒരുദിവസം ജയിലില്‍ കിടന്നശേഷം ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു അന്‍വര്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയത്.

ജനങ്ങള്‍ക്കുവേണ്ടി ഒരു ചുക്കും ചെയ്യാത്തയാളാണ് വനം മന്ത്രി എ.കെ. ശശീന്ദ്രനെന്നും അദ്ദേഹത്തെ മാറ്റി ക്രൈസ്തവ സഭാംഗമായ തോമസ് കെ. തോമസിനെ വനംമന്ത്രിയാക്കാത്തത്, അദ്ദേഹം മന്ത്രിയായാല്‍ വനം നിയമ ഭേദഗതി ബില്ലില്‍ ഒപ്പിടില്ല എന്ന് അറിയാവുന്നതുകൊണ്ടാണെന്നും അന്‍വര്‍ ആരോപണം ഉന്നയിച്ചിരുന്നു. 'ക്രൈസ്തവ വിഭാഗമാണ് ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കുന്നത്. തോമസ് കെ. തോമസ് മന്ത്രിയായി വന്നാല്‍ ഭേദഗതിയില്‍ ഒപ്പിടുമെന്ന് തോന്നുന്നുണ്ടോ? ആ സമുദായത്തില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കും. അയാള്‍ക്ക് ഈ നാട്ടിലിറങ്ങാന്‍ കഴിയില്ല.' -ഇതാണ് അന്‍വര്‍ അന്ന് പറഞ്ഞത്.

അത്യന്തം അപകടകരമായ ബില്ലാണ് വനം നിയമ ഭേദഗതിയെന്നാണ് അന്‍വര്‍ നേരത്തേ മുതല്‍ തന്നെ പറയുന്നത്. 'വനംവകുപ്പിന് അമിതാധികാരം നല്‍കുന്ന ബില്ലാണിത്. ഇത് നടപ്പായാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ 'ഔദ്യോഗിക ഗുണ്ടകളാ'യി മാറും. മനുഷ്യരെ കുടിയിറക്കാന്‍ അന്താരാഷ്ട്ര ലോബിയുടെ ഗൂഢാലോചന നടക്കുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ ബില്ലിനെ എതിര്‍ക്കാത്തത് എന്തുകൊണ്ടാണ്? വിഷയത്തില്‍ പ്രതിപക്ഷം ഇടപെടണം.' -അന്‍വര്‍ പറഞ്ഞു.

പ്രതിപക്ഷവും അന്‍വറും ഒരേ ട്രാക്കില്‍ നീങ്ങുന്നു. നിലമ്പൂര്‍ കേന്ദ്രീകരിച്ചാണ് അന്‍വറിന്റെ പ്രചാരണമെങ്കിലും കേരളത്തിലെ ഏതാണ്ട് പകുതിയോളം നിയോജകമണ്ഡലങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണ് ഇത്. കൂടാതെ നഗരങ്ങളില്‍ പോലും കാട്ടുപന്നിയും കുരങ്ങും ഉള്‍പ്പെടെയുള്ള വന്യജീവികള്‍ പതിവുകാഴ്ചയാകുകയാണ്. ഈ സാഹചര്യത്തിലാണ് വനം നിയമഭേദഗതി പിന്‍വലിക്കാതിരുന്നാല്‍ അത് തങ്ങള്‍ക്ക് രാഷ്ട്രീയമായി തിരിച്ചടിയാകും എന്ന ബോധ്യത്തിലേക്ക് സര്‍ക്കാരും സി.പി.എമ്മും എത്തുന്നത്.

യു.ഡി.എഫിന്റെ മലയോരജാഥ

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്. സംഘടിപ്പിക്കുന്ന മലയോര സമര പ്രചാരണ ജാഥ ജനുവരി 27-നാണ് ആരംഭിക്കുന്നത്. കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലത്തിന്റെ ഭാഗമായ ഉളിക്കലില്‍ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി അഞ്ചിന് പാറശാല മണ്ഡലത്തിലെ അമ്പൂരിയിലാണ് സമാപിക്കുക. വയനാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, കോട്ടയം എന്നിങ്ങനെ വന്യജീവി ആക്രമണത്തിന്റെ ഹോട്ട് സ്പോട്ടുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ജില്ലകളിലൂടെയാണ് ജാഥ കടന്നുപോകുന്നത്.

വനം നിയമ ഭേദഗതി പിന്‍വലിക്കുക, വന്യജീവിശല്യത്തില്‍ നിന്ന് മലയോര കര്‍ഷകരെയും ജനങ്ങളേയും രക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫിന്റെ ജാഥ. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെ എന്നാണ് മുദ്രാവാക്യമെങ്കിലും പ്രതിപക്ഷം ലക്ഷ്യമിടുന്നത് സംസ്ഥാന സര്‍ക്കാരിനെ തന്നെയാണ്. രണ്ട് വിഷയങ്ങളിലും അടിയന്തരമായി ഇടപെടല്‍ നടത്താന്‍ കഴിയുക സംസ്ഥാനസര്‍ക്കാരിനാണ്.

തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത് എന്ന കാര്യം ഈ സാഹചര്യത്തില്‍ എല്‍.ഡി.എഫിന് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയും മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെ നിറംകെട്ട പ്രകടനവും വലിയൊരു യാഥാര്‍ഥ്യമാണെന്നിരിക്കെ എല്‍.ഡി.എഫിന്, പ്രത്യേകിച്ച് സി.പി.എമ്മിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നിലനിര്‍ത്തുക എന്നത് ജീവന്‍മരണ പോരാട്ടത്തിന് തുല്യമാണ്. വനം-വന്യജീവി വിഷയങ്ങള്‍ നേരിട്ട് ബാധിക്കുന്നവരില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരാണ്. കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിച്ച് വ്യത്യസ്ത ക്രിസ്ത്യന്‍ സഭകളുടെ പരിപാടികളില്‍ അതിഥികളായി പങ്കെടുക്കുന്നുവെന്നതും ഈ ദിവസങ്ങളില്‍ രാഷ്ട്രീയ കേരളം കാണുന്ന കാഴ്ചയാണ്.

വനം നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുന്നതോടെ പ്രതിപക്ഷ ജാഥയുടെ രാഷ്ട്രീയ നേട്ടത്തിന്റെ മുനയൊടിക്കാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇതിനെ യു.ഡി.എഫ്. എങ്ങനെയാണ് നേരിടുക അല്ലെങ്കില്‍ ഉപയോഗിക്കുക എന്നതാണ് ഇനി രാഷ്ട്രീയ കേരളം ആകാംക്ഷയോടെ നോക്കുന്നത്. വന്യജീവി ആക്രമണം എന്ന ഒറ്റ വിഷയത്തില്‍ കേന്ദ്രീകരിച്ചാകും യു.ഡി.എഫ് ഇനി സര്‍ക്കാരിനെ ആക്രമിക്കുക. വനനിയമഭേദഗതി പിന്‍വലിക്കണം എന്ന തങ്ങളുടെ ആവശ്യം സര്‍ക്കാരിന് ഗത്യന്തരമില്ലാതെ അംഗീകരിക്കേണ്ടി വന്നുവെന്ന് രമേശ് ചെന്നിത്തല തന്നെ പറഞ്ഞുകഴിഞ്ഞു. ബുധനാഴ്ച നിലമ്പൂരില്‍ ഒരാളെ കൂടെ കാട്ടാന കൊന്നത് ജനങ്ങളുടെ രോഷത്തെ ആളിക്കത്തിക്കുന്ന സംഭവമാണ്. ഇത് രാഷ്ട്രീയമായി യു.ഡി.എഫ്. ഉപയോഗിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒപ്പം. തങ്ങളുടെ പ്രതിഷേധം മുന്നില്‍കണ്ടാണ് നിയമ ഭേദഗതി പിന്‍വലിച്ചതെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ മുട്ടുമടക്കിയെന്ന പ്രതീതി ജനങ്ങളുടെ മുമ്പാകെ കൊണ്ടുവരാനും പ്രതിപക്ഷം ശ്രമിക്കും.

സഭകളുടെ എതിര്‍പ്പ്

നേരത്തേ പറഞ്ഞതുപോലെ, വന്യജീവി വിഷയം നേരിട്ട് ബാധിക്കുന്ന ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രതിഷേധശബ്ദം അവരുടെ മതമേലധ്യക്ഷരിലൂടെയാണ് കേരളം കേട്ടത്. മലയോരമേഖലയില്‍ സ്വാധീനമുള്ള വിവിധ സഭകള്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

ഉത്തരകൊറിയയില്‍ നടപ്പാക്കേണ്ട നിയമമാണ് കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നതെന്നാണ് വനം നിയമ ഭേദഗതിയെ വിമര്‍ശിച്ച് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത്. സംസ്ഥാനത്ത് നിലവിലുള്ളത് ജനാധിപത്യമാണോ ഉദ്യോഗസ്ഥഭരണമാണോ എന്ന് സംശയമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ഷകരുടെ മേല്‍ കുതിര കയറാനുള്ള ലൈസന്‍സാണ് നിയമഭേദഗതി നല്‍കുന്നത്. മന്ത്രി ഇത് വായിച്ചിട്ടുണ്ടോ എന്ന് പോലും സംശയമാണ്. ഇത് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പാംപ്ലാനി പറഞ്ഞിരുന്നു.

അടിയന്തരാവസ്ഥ കാലത്തെ പോലുള്ള നിയമമാണ് കൊണ്ടുവന്നതെന്നാണ് താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞത്. വനംമന്ത്രിക്ക് നേരം വെളുത്തിട്ടില്ല. വനം നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു. മതമേലധ്യക്ഷന്മാര്‍ക്ക് കുറച്ചുകൂടി പക്വത വേണമെന്ന് നേരത്തേ വനംമന്ത്രി പറഞ്ഞതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന തങ്ങളാണോ അതോ നിങ്ങളാണോ പക്വതയില്ലാതെ പെരുമാറുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്.

മുനമ്പം വഖഫ് വിഷയത്തില്‍ ഉള്‍പ്പെടെ നേരത്തേ തന്നെ ക്രൈസ്തവസഭകള്‍ പ്രതിഷേധത്തിലാണ്‌. എല്‍.ഡി.എഫ്. ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) വനം നിയമ ഭേദഗതി വിഷയത്തിലെ എതിര്‍പ്പ് നേരിട്ട് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. വനനിയമഭേദഗതി അംഗീകരിച്ച് മുന്നണിയില്‍ തുടരുക ജോസ് കെ മാണി വിഭാഗത്തിനും ആലോചിക്കാനേ കഴിയില്ലായിരുന്നു. സര്‍ക്കാര്‍ തീരുമാനം ഏറ്റവും വലിയ ആശ്വാസം നല്‍കുക കേരള കോണ്‍ഗ്രസ് ജോസ്.കെ മാണി വിഭാഗത്തിനാണ് താനും. കൂടാതെ രാഷ്ട്രീയത്തിന് അതീതമായി കര്‍ഷകസംഘടനകളും നിയമഭേദഗതിക്കെതിരെ വലിയ പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു. ഇത്രയും എതിര്‍പ്പുകള്‍ ഉയര്‍ന്ന വേളയില്‍ പല്ലും നഖവും ഉപയോഗിച്ച് നിയമഭേദഗതി നടപ്പാക്കിയാലത്തെ ആഘാതം ഒരു തിരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങിയേക്കില്ല എന്ന ബോധ്യവും ഈ തിരുത്തലിലേക്ക് നയിച്ചിട്ടുണ്ട്