
കേരളം നേരിടുന്ന പ്രളയസമാന സാഹചര്യത്തെക്കുറിച്ച്, പരിഹാരത്തെക്കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിരിയോറോളജിയിലെ സീനിയർ ശാസ്ത്രജ്ഞൻ ഡോ.റോക്സി മാത്യു കോൾ മാതൃഭൂമി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് കെ.ആർ. പ്രഹ്ളാദനുമായി സംസാരിക്കുന്നു.
?പ്രളയസമാന സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു?
ഇപ്പോഴുണ്ടായത് 100 മുതൽ 300 മില്ലീമീറ്റർ വരെയുള്ള മഴയാണ്. ഇതുതന്നെ വലിയ നാശമുണ്ടാക്കി. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ 1000 മില്ലീമീറ്റർ വരെ മഴയുണ്ടായിരുന്നു. കാലാവസ്ഥാ മാറ്റം അത്ര രൂക്ഷമാണ്. കേരളം നടത്താൻപോകുന്ന ഒരുക്കങ്ങളിൽ 500 മില്ലീമീറ്ററിനൊക്കെ മേലേ മഴ പെയ്താലുള്ള സാഹചര്യം പരിഗണിക്കണം. അതൊക്കെ ഇവിടെയും സംഭവിക്കാം. നിർമാണങ്ങളും ഭൂമിയിലെ ഒരുക്കങ്ങളും വരുന്ന 100 വർഷമെങ്കിലും വരാവുന്ന കാലാവസ്ഥാ മാറ്റങ്ങൾ മനസ്സിൽ വെച്ചാകണം.
?കേരളം റൂം ഫോർ റിവർ പോലുള്ള മാതൃകകൾ പരീക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്താണ് ചെയ്യാനുള്ളത്?
വെള്ളപ്പൊക്കത്തെയോ വരൾച്ചയെയോ നേരിടാൻ ഒറ്റമൂലികളില്ല. ഒഴുക്കുവെള്ളത്തെ പിടിക്കാനും വഴിക്ക് വിടാനും പഠിക്കണമെന്ന ഹിന്ദിപഴഞ്ചൊല്ലാണ് കേരളത്തിനുള്ള പാഠം. അതിലേക്ക് ഏകപാതയില്ല. എന്നാൽ പല കാര്യങ്ങൾ ചെയ്താൽ നമുക്ക് അധികം മുങ്ങാതെയും വിയർക്കാതെയും കഴിക്കാം. മേൽത്തട്ടിൽനിന്ന് കെട്ടിയിറക്കിയ ഏതെങ്കിലും മോഡലുകൾ മുഴുവനായി വിജയിക്കില്ല. കേരളത്തിന്റെ ഭൂമിശാസ്ത്രം, കാലാവസ്ഥ, നീരൊഴുക്ക് രീതികൾ, പ്രാദേശിക അനുഭവങ്ങൾ, ശാസ്ത്രജ്ഞരുടെ അറിവ്, ഭരണകൂടത്തിന്റെ നേതൃത്വം എന്നിവ ചേർത്ത് വെച്ച് മാത്രമേ അതത് ഇടത്തെ മോഡൽ ഉണ്ടാക്കാൻ പറ്റൂ.
? കേരളത്തിന് ഒരു ഏകമാതൃക പറ്റില്ലെന്നാണോ?
കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്ന് മൂന്നായി കാണണം. ഇവ പരസ്പര ബന്ധിതവുമാണ്. മലനാട്ടിലെ മാറ്റങ്ങളുടെ ആഘാതം മറ്റ് രണ്ടിടത്തും പുഴകൾ വഴി ഉണ്ടാകും. മലയോരത്ത് അമിതമായി ഖനനം നടത്തിയാൽ കാലാവസ്ഥാമാറ്റം മൂലമുള്ള തീവ്രമഴയെ അവിടെ താങ്ങാനാകാതെ വരും. ഉരുൾപൊട്ടും.
പുഴകൾ ആ മണ്ണും പാറയും താഴേക്ക് എത്തിച്ച് സമ്മർദ്ദം കൂട്ടും. മലയോരത്തെ മനുഷ്യർ ജീവിച്ചിരുന്ന പരമ്പരാഗത രീതിയുണ്ട്. അവിടെ മാറ്റം വരുത്തുന്നത് അവരുടെ അനുഭവം കൂടി പരിഗണിച്ചാകണം. അതേപോലെ കടലേറ്റം തടയാൻ കല്ലിടുന്നത് മാത്രമല്ല വഴി. ജൈവവേലികൾ വിജയിക്കുന്ന ഇടങ്ങളുണ്ട്. പുഴയെ കാക്കാനും സമാനമായ നല്ല പ്രാദേശിക രീതികളുണ്ട്. തദ്ദേശീയമായ മാതൃകകളാണ് നല്ലത്.
?പുഴകൾക്ക് ആഴം കൂട്ടണമെന്ന് അഭിപ്രായമുണ്ട്. ശരിയല്ലെന്ന് മറുവാദവുമുണ്ട്. ഏതാണ് ശരി?
പുഴ കുഴിച്ച് മണ്ണ് നീക്കുക എന്നത് എളുപ്പവഴിക്ക് പറയുന്നതാണ്. കുഴിക്കൽ പലപ്പോഴും പുഴയുടെ സ്വാഭാവിക അവസ്ഥയെ മാറ്റാം. ശരിയാക്കേണ്ട പലതുമുണ്ട്. പുഴ വശം കെട്ടി കനാൽ പോലെയാക്കുന്ന രീതി മുമ്പുണ്ടായിരുന്നു. അത് തുടരേണ്ടതില്ലെന്ന് തീരുമാനിച്ചത് നല്ലത്. പുഴ എന്നത് അതിന്റെ തീരത്തെ മണൽപ്പരപ്പും അതിന് തുടർച്ചയായ ചതുപ്പും അതിലേക്ക് എത്തുന്ന തോടുകളും അതിന് മുന്നേയുള്ള പാടങ്ങളും ഒക്കെ ചേർന്നതാണ്. വയലും ചതുപ്പും തോടും ഇല്ലാതാക്കിയിട്ട് പുഴ മാത്രം ശരിയാക്കാം എന്ന് വിചാരിക്കാനാവില്ല. ബാക്കിയുള്ള തോടുകളും വയലുകളും ഇനി നമുക്ക് രക്ഷിച്ചേ മതിയാകൂ. അവയെ നശിപ്പിക്കുന്ന ഓരോ നികത്തലും നിർമിതിയും പ്രളയത്തിന്റെ ആക്കം കൂട്ടും.
?സമഗ്രമായ ഒരു പരിപാടി നിർദേശിക്കാമോ?
ഓരോ ജില്ലയിലും നീരൊഴുക്ക് തോടുകളുടെ മാപ്പിങ് നടത്തണം. പഞ്ചായത്ത് നിരീക്ഷണ കൂട്ടായ്മ വേണം. അതിൽ പ്രദേശവാസികളും ജനപ്രതിനിധികളും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും ഉണ്ടാകണം. സമാനമായ സമിതി ജില്ലാതലത്തിലും വേണം. ഇവയെ സംസ്ഥാനതലത്തിൽ ഏകോപിപ്പിക്കണം. പ്രാദേശികസമിതികൾ മഴ, പുഴ നിരീക്ഷണം നടത്തി ശേഖരിക്കുന്ന ഡേറ്റ സംസ്ഥാനതലംവരെ കൈമാറണം. തിരികെ കാലാവസ്ഥാവകുപ്പിന്റെ ഡേറ്റ താഴേക്കും കൈമാറണം. മീനച്ചിലാർ സമിതി വാഗമൺമുതൽ കുമരകംവരെ ഈ മാതൃക ചെയ്യുന്നു. വാഗമണ്ണിലെ മാറ്റം അപ്പോൾ കുമരകത്തും അറിയാം. വെള്ളം വരുന്നു, മാറണം തുടങ്ങിയ അറിയിപ്പ് 2018-ൽ എത്രയോ ജീവൻ രക്ഷിച്ചു.
?കാലാവസ്ഥാവകുപ്പിന് പരിമിതി ഇപ്പോഴുമുണ്ട്?
മഴ, ചൂട് എന്നിവയുടെ ഡേറ്റ ശേഖരിക്കാനുള്ള സ്റ്റേഷനുകൾ കുറവാണ്. കൂടുതൽ ഡേറ്റ മെച്ചപ്പെട്ട മുന്നൊരുക്കത്തിന് സഹായിക്കും. വകുപ്പ് പ്രാദേശികമായി നിലവാരമുള്ള നിരീക്ഷണ കൂട്ടായ്മയിൽനിന്നുള്ള ഡേറ്റ പ്രയോജനപ്പെടുത്തണം.
പലപ്പോഴും വലിയ അളവിൽപെയ്ത മഴയുടെ കണക്കൊന്നും കാലാവസ്ഥാ വകുപ്പിന്റെ കൈവശമുണ്ടാകില്ല. വിവിധ ഏജൻസികളെ ബന്ധപ്പെടുത്തിയേ മുന്നോട്ട് പോകാനാകൂ. കാലാവസ്ഥാവകുപ്പ്, ജിയോളജി വകുപ്പ്, പ്രാദേശിക ഭരണകൂടം, പ്രാദേശിക സമിതികൾ എന്നിവയെല്ലാം കൈകോർത്ത് മാനേജ് ചെയ്യണം.
Content Highlights: Dr. Roxy Mathew Koll discusses essential climate resilience strategies for Kerala to combat extreme rainfall.
Published: 05 Aug 2026, 08:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented