തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ സർക്കാർ പ്രഖ്യാപിച്ച സഹായധനം വിതരണം ചെയ്യുന്നതിൽ കാലതാമസം. വീടുകളിൽ വെള്ളം കയറി ദുരിതാശ്വാസക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടിയവർക്ക് വീടുകൾ വൃത്തിയാക്കാൻ അനുവദിച്ച 10,000 രൂപ ഒരാൾക്കുപോലും ലഭിച്ചില്ല.

To advertise here,

റേഷൻകാർഡ് ഒന്നിന് 10,000 രൂപ വീതം നൽകുമെന്ന് ദുരന്തനിവാരണ വകുപ്പാണ് ഉത്തരവിറക്കിയത്. ദുരിതാശ്വാസക്യാമ്പിൽ താമസിക്കാത്തവർക്കും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഹായം ലഭിക്കുമെന്ന് സൂചനയുണ്ടെങ്കിലും ഇത് നടപ്പാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളൊന്നും ഉത്തരവിൽ വ്യക്തമല്ല. വെള്ളം കയറിയ വീടുകൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടത് വില്ലേജ് ഓഫിസർമാരാണെങ്കിലും ഉത്തരവോ സമയക്രമമോ പുറപ്പെടുവിച്ചിട്ടില്ല. അപേക്ഷ സ്വീകരിക്കാനുള്ള ഫോമും തയ്യാറാക്കിയിട്ടില്ല.

2018-ലെ പ്രളയത്തിനുശേഷം വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ അനുവദിച്ചപ്പോൾ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് 6,200 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 3,800 രൂപയും ചേർത്താണ് തുക കണ്ടത്തിയത്. ഇത്തവണത്തെ ഉത്തരവിൽ ഏത് അക്കൗണ്ടിൽനിന്നാണ് തുക. അനുവദിക്കേണ്ടതെന്ന് പരാമർശമില്ല. അതിനാൽ കളക്ടർമാർക്ക് തുക കൈമാറാനാവില്ലെന്ന് റവന്യൂ അധികൃതർ പറയുന്നു.

പുറമ്പോക്കിൽ താമസിക്കുന്നവരുടെ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നില്ല. റേഷൻകാർഡ് ഇല്ലാത്തവരെ പരിഗണിക്കില്ലെന്ന സൂചനയും ആശങ്കയുയർത്തുന്നു.

ഗുണഭോക്താവ് കടയുടമയോ വാടകക്കാരനോ?

നാശനഷ്ടം സംഭവിച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം വാണിജ്യ-വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്കും അംഗീകൃത ഹോംസ്റ്റേകൾക്കും 10,000 രൂപ വീതം അടിയന്തര സഹായമായി നൽകുമെന്നും ഉത്തരവിലുണ്ട്. ഇത് കടയുടമയ്ക്കാണോ വാടകക്കാരനാണോ ലഭിക്കുകയെന്ന് വ്യക്തമല്ല. വാടകയ്ക്ക് താമസിക്കുന്ന വീട്ടുകാരുടെ കാര്യത്തിലും ഈ ആശയക്കുഴപ്പമുണ്ട്.

ക്യാമ്പ് ബത്തയും മുടങ്ങി

ഓരോ കുടുംബത്തിനും ഒരു റേഷൻ കാർഡിന് (രണ്ടു മുതിർന്ന വ്യക്തികൾക്ക്) ദിവസം 300 രൂപ വീതം ഏഴുദിവസത്തേക്ക് അനുവദിക്കുമെന്നും പറഞ്ഞിരുന്നു. ഇത് ആര് വിതരണം ചെയ്യും, എങ്ങനെ വിതരണം ചെയ്യും എന്നതിലും വ്യക്തതയില്ല.