കൊല്ലം: യു.ഡി.എഫ്.സർക്കാർ അധികാരമേറ്റതിനു പിന്നാലെ എക്സൈസ് വകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് വ്യാപക സ്ഥലംമാറ്റം. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളടക്കമുള്ളവരെയാണ് വിദൂരസ്ഥലങ്ങളിലേക്കു സ്ഥലംമാറ്റിയിരിക്കുന്നത്. വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള ഉദ്യോഗസ്ഥരെയും തലങ്ങുംവിലങ്ങും പായിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെല്ലാം അസോസിയേഷൻ നേതാക്കളെ സ്ഥലംമാറ്റി. മറ്റു ജില്ലകളിലും സ്ഥലംമാറ്റത്തിനു നീക്കംനടക്കുന്നതായാണ് വിവരം. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്), പ്രിവന്റീവ് ഓഫീസർ, സിവിൽ എക്സൈസ് ഓഫീസർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ, ഡ്രൈവർ തുടങ്ങിയ തസ്തികകളിലാണ് കൂടുതൽപ്പേരെ സ്ഥലംമാറ്റിയത്.
എക്സൈസ് സ്റ്റാഫ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വൈശാഖ്, കൊല്ലം ജില്ലാ പ്രസിഡന്റ് എ. രാജു, പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം. ബാബുരാജ്, വൈസ് പ്രസിഡന്റ് പി. രജനി എന്നിവരുൾപ്പെടെ ഇരുന്നൂറോളം പേരെ സ്ഥലംമാറ്റിയിട്ടുണ്ട്.
ഇവരിൽ ചിലരെ ദൂരസ്ഥലങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്. എ. രാജുവിന് വിരമിക്കാൻ 10 ദിവസമേ ബാക്കിയുള്ളൂ. കോൺഗ്രസ് അനുകൂല സംഘടനാനേതാക്കൾ നൽകിയ പട്ടികയനുസരിച്ചാണ് നടപടിയെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പല ഉദ്യോഗസ്ഥരെയും 50 കിലോമീറ്റർ അധികം ദൂരെയുള്ള ഓഫീസുകളിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്.
വിരമിക്കാൻ രണ്ടു വർഷം ബാക്കിയുള്ളവരെ മുൻഗണനാക്രമത്തിൽ അവർ ആവശ്യപ്പെടുന്ന സ്റ്റേഷനുകളിൽ നിയമിക്കണമെന്നാണ് പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് കൂട്ട സ്ഥലംമാറ്റം. പാലക്കാട് ജില്ലയിൽ മാത്രം എട്ടു വനിതകളെയുൾപ്പെടെ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റി. ചെക്ക്‌പോസ്റ്റ് ഒഴികെയുള്ള ഓഫീസുകളിൽ എക്സൈസ് ജീവനക്കാരുടെ സേവനകാലാവധി രണ്ടു വർഷമായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും മൂന്നുമാസം മുൻപ് സ്ഥലംമാറ്റം ലഭിച്ചവരെപ്പോലും വീണ്ടും മാറ്റിയിട്ടുണ്ട്.
എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളിലും ലഹരിവിരുദ്ധപ്രവർത്തനങ്ങളിലും പ്രതീക്ഷിച്ചത്ര മികവു കാണിക്കാത്ത സാഹചര്യത്തിലാണ് ഭരണപരമായ സൗകര്യങ്ങൾക്കായി മാറ്റങ്ങൾ വരുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
Content Highlights: Alleged violation of transfer norms by the UDF government in the Excise Department., Over 200 staff members transferred including association leaders., Retiring officers transferred despite government priority guidelines., Official justification cited administrative convenience and performance issues., Significant impact on officers in districts like Thiruvananthapuram, Kollam, and Palakkad.
Published: 23 May 2026, 07:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented