തിരുവനന്തപുരം: ക്രിസ്മസ്‌ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ആരോപണ വിധേയരായ എം.എസ്. സൊലൂഷന്‍സ് യൂട്യൂബ് ചാനലില്‍ വീണ്ടും ലൈവ്. എം.എസ്. സൊലൂഷന്‍ സി.ഇ.ഒ. ഷുഹൈബ്‌ ആണ് കെമിസ്ട്രി ക്ലാസിന്റെ ലൈവ് ചെയ്തത്. അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഷുഹൈബ്‌ വീണ്ടും ലൈവില്‍ എത്തിയത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കെതിരെയും ലൈവില്‍ ഷുഹൈബ്‌ പരിഹസിച്ചു. 

To advertise here,

എം.എസ്. സൊലൂഷന്‍സ് പുതിയ രണ്ട് യൂട്യൂബ് ചാനലുകള്‍ കൂടി തുടങ്ങുമെന്ന പ്രഖ്യാപനത്തിനൊപ്പം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ നേരിടുമെന്നും ഷുഹൈബ്‌ ലൈവില്‍ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിഷയം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗസമിതി അന്വേഷിക്കുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ചോദ്യപേപ്പര്‍ വിതരണത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടുപോകും. പോലീസും വിദ്യാഭ്യാസ വകുപ്പും വിഷയം അന്വേഷിക്കുന്നുണ്ട്. സര്‍ക്കാര്‍ അധ്യാപകര്‍ പ്രൈവറ്റ് ട്യൂഷന്‍ സെന്ററുകളില്‍ പഠിപ്പിക്കുന്നതിനെക്കുറിച്ചും അന്വേഷിക്കും. എം.എസ്. സൊല്യൂഷന്‍ എന്ന യൂട്യൂബ് ചാനല്‍ സകല അതിരുകളും ലംഘിച്ചുവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.