തിരുവനന്തപുരം: നിയമസഭയിലേക്ക്‌ പതിനായിരത്തിലേറെ ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാനാകാത്തതിൽ ഉത്തരംപറയാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ.

To advertise here,

13-ന് കമ്മിഷൻ നൽകിയ കണക്കനുസരിച്ച് ഉദ്യോഗസ്ഥരിൽ 7.49 ശതമാനംപേർ വോട്ടുചെയ്തിട്ടില്ല. 1.46 ലക്ഷം പോളിങ് ഉദ്യോഗസ്ഥരിൽ വോട്ടുചെയ്തവർ 1,35,068 ആണെന്നും ഇത് അന്തിമമല്ലെന്നും കമ്മിഷൻ പറഞ്ഞിരുന്നു. ബാക്കിയുള്ളവർക്ക് വോട്ടുനിഷേധിച്ചെന്നാരോപിച്ച് സർവീസ് സംഘടനകൾ കമ്മിഷനെതിരേ തിരിഞ്ഞതോടെ രാഷ്ട്രീയപ്പാർട്ടികളും രംഗത്തിറങ്ങി.

പോളിങ് ഉദ്യോഗസ്ഥർക്ക് ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ടുചെയ്യാനായിരുന്നു ക്രമീകരണം. എന്നാൽ, ഉദ്യോഗസ്ഥർ ഒന്നിലധികം ദിവസമെത്തിയിട്ടും ബാലറ്റ് എത്തിച്ചില്ലെന്നതായിരുന്നു ആദ്യപരാതി. ഇവർക്ക് പോളിങ് സാധനങ്ങളുടെ വിതരണകേന്ദ്രത്തിൽ വോട്ടുചെയ്യാൻ അവസരമുണ്ടാകുമെന്ന് കമ്മിഷന്റെ വിശദീകരിച്ചു.

എന്നാൽ, ചില വിതരണകേന്ദ്രങ്ങളിൽ പകുതിയോളം ബാലറ്റാണ് എത്തിയതെന്നും ബാക്കിയുള്ളവർക്ക് വോട്ടുനിഷേധിച്ചെന്നും ജീവനക്കാരുടെ സംഘടനകൾ വിമർശിച്ചു. ഉദ്യോഗസ്ഥരുടെ ബാലറ്റ് ഉറപ്പാക്കുന്നതിൽ ചില വരാണാധികാരികൾക്കും വീഴ്ചയുണ്ടായി.

എന്നാൽ, അർഹരായവർക്കെല്ലാം വോട്ടുചെയ്യാൻ സൗകര്യമൊരുക്കിയെന്നും നടപടികൾ പൂർത്തിയാക്കിയത് നിയമാനുസൃതമായാണെന്നുമാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ നൽകിയ വിശദീകരണം. 1.46 ലക്ഷം പോളിങ് ഉദ്യോഗസ്ഥരിൽ എല്ലാവരും തപാൽവോട്ടിന് അപേക്ഷിച്ചോ എന്നതും വ്യക്തമല്ല. .

വോട്ടുനിഷേധത്തിനെതിരേ എൻ.ജി.ഒ. യൂണിയൻ നൽകിയ ഹർജി, കോടതി അവധിയായതിനാൽ ഇനി മേയ് 18-നുശേഷമേ പരിഗണിക്കൂ. അപ്പോഴേക്കും വോട്ടെണ്ണൽ കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേൽക്കും.