തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നിയമങ്ങൾ പ്രകാരം സ്കീം തൊഴിലാളികൾക്ക് പൂര്ണതൊഴിലാളി പദവി നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയോട് ആവശ്യപ്പെട്ടു. അംഗൻവാടി തൊഴിലാളികൾ, ആശ തൊഴിലാളികൾ, ഉച്ചഭക്ഷണ തൊഴിലാളികൾ, മറ്റ് സ്കീം അധിഷ്ഠിത തൊഴിലാളികൾ എന്നിവർക്ക് അർഹമായ അവകാശങ്ങൾ നൽകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര മന്ത്രിയ്ക്ക് കത്ത് അയച്ചു.
അന്യായമായ പിരിച്ചുവിടലിനെതിരെ സംരക്ഷണം നൽകുകയും തൊഴിൽ ആനുകൂല്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന 1947 ലെ വ്യാവസായിക തർക്ക നിയമം സെക്ഷൻ 2 പ്രകാരം "തൊഴിലാളി" എന്നതിന്റെ നിർവചനത്തിൽ സ്കീം തൊഴിലാളികളെ ഉൾപ്പെടുത്തുന്നതിനായി നിയമം വികസിപ്പിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ക്ഷേമത്തിന് സ്കീം തൊഴിലാളികൾ നൽകുന്ന സേവനങ്ങൾ അത്യന്താപേക്ഷിതമാണ്. ചരിത്രപരമായ അനീതി അവസാനിപ്പിക്കാനും നിയമപരമായ പരിരക്ഷകളും ആനുകൂല്യങ്ങളും ഉള്ള പൂര്‍ണ തൊഴിലാളികളായി അവരെ അംഗീകരിക്കാനുമുള്ള സമയമാണിതെന്നും മന്ത്രി കത്തിൽ അഭിപ്രായപ്പെട്ടു.
മന്ത്രി വി ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രിയ്ക്ക് അയച്ച കത്തിലെ പ്രധാന ആവശ്യങ്ങൾ:-
ഔപചാരിക അംഗീകാരം: സ്കീം തൊഴിലാളികളെ കേന്ദ്ര തൊഴിൽ നിയമങ്ങൾ പ്രകാരം "തൊഴിലാളികൾ" എന്ന് വ്യക്തമാക്കണം.
ന്യായമായ വേതനവും സാമൂഹിക സുരക്ഷയും: അവർക്ക് മിനിമം വേതനം, പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ, പ്രസവാനുകൂല്യങ്ങൾ, ഇപിഎഫ് നിയമം, ഇഎസ്ഐ നിയമം തുടങ്ങിയ നിയമങ്ങൾക്ക് കീഴിലുള്ള മറ്റ് അവകാശങ്ങൾ ലഭിക്കണം.
റെഗുലറൈസേഷനും തൊഴിൽ സുരക്ഷയും: അവരുടെ ജോലിയുടെ സ്വഭാവം കണക്കിലെടുത്ത്, പൂർണ്ണ സേവന ആനുകൂല്യങ്ങളോടെ സ്ഥിര ജീവനക്കാരായി അവരെ ഉൾപ്പെടുത്തുന്നതിന് ഒരു ഘടനാപരമായ ചട്ടക്കൂട് വികസിപ്പിക്കണം.
ത്രികക്ഷി കൂടിയാലോചനയും നയരൂപീകരണവും: ഇതുമായി ബന്ധപ്പെട്ട് ഒരു നയം രൂപീകരിക്കുന്നതിന് കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ, തൊഴിലാളി സംഘടനകൾ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കണം.
തൊഴിൽ അവകാശങ്ങളോടും സാമൂഹിക നീതിയോടുമുള്ള കേരളത്തിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട്, ദീർഘകാലമായി നിലനിൽക്കുന്ന ഈ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനായി ഒരു മാതൃകാ നയം വികസിപ്പിക്കുന്നതിന് കേന്ദ്രവുമായി സഹകരിക്കാനുള്ള കേരളത്തിന്റെ സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു.
Content Highlights: v sivankutty urges the central government to grant full worker status & benefits to scheme workers
Published: 24 Mar 2025, 06:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented